Connect with us

feature

ചേർത്തുപിടിക്കാം അവരെയും

മാനസിക രോഗം കാരണം വീട്ടുകാരാലും നാട്ടുകാരാലും അരികുവത്കരിക്കപ്പെട്ട ഒട്ടേറെ പേരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് വഴി നടത്താൻ സാന്ത്വനം സൈക്യാട്രി ഒ പിക്ക് സാധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഒ പിയും മരുന്ന് വിതരണവും വീട്ടുകാരുമായുള്ള വളണ്ടിയർമാരുടെ നിരന്തര സമ്പർക്കവും കാരണം വലിയ ഫലപ്രാപ്തിയാണ് നാട് ഇന്നനുഭവിക്കുന്നത്.

Published

|

Last Updated

മ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്. ആ രാത്രിയിൽ വീട്ടിലെ ശുചിമുറിയിലേക്ക് പോകേണ്ടി വന്നപ്പോൾ അവിടുന്ന് എന്തോ കണ്ട് പേടിച്ചതാണ് എന്നാണ് പറയുന്നത്. പിന്നെ ഒരു പതിറ്റാണ്ട് കാലം ജീവിതം ചങ്ങലയിൽ ബന്ധിതമായി വീടിന്റെ തട്ടിൻ മുകളിലെ മുറിയിൽ നാല് ചുമരുകൾക്കിടയിൽ ഏകാന്തതയിൽ കഴിയേണ്ടി വന്ന സഹോദരൻ. പ്രത്യേകം തയ്യാർ ചെയ്ത പാത്രത്തിലാണ് വീട്ടുകാർ അവന് ഭക്ഷണം കൊടുത്തിരുന്നത്.

മുടിയും താടിയുമൊക്കെ ജടപിടിച്ചിരിക്കുന്നു. നഖങ്ങൾ കൂർത്ത് നീണ്ടിരിക്കുന്നു. ഇടക്കിടെ അക്രമാസക്തനാകുന്നത് കൊണ്ട് തന്നെ ചങ്ങലയിൽ ബന്ധിപ്പിക്കാൻ വീട്ടുകാർ നിർബന്ധിതരായതാണ്. ആകെയുള്ള ഏക ആൺതരിയുടെ ഈ അവസ്ഥയിൽ വിഷമിച്ചിരുന്നത് അവന്റെ മാതാപിതാക്കൾ മാത്രമല്ല ഒരു നാട് മൊത്തമായിരുന്നു.

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിന് തൊട്ടടുത്തുള്ള പ്രദേശത്ത് വസിക്കുന്ന ഈ ചെറുപ്പക്കാരന്റെ ദുരിത ജീവിതം തെന്നല സാന്ത്വനം വളണ്ടിയർമാരെ ആ നാട്ടുകാരിൽ ചിലർ അറിയിച്ചു. പാലിയേറ്റീവിന്റെ ഭാഗമായി സൈക്യാട്രി ഒ പി തുടങ്ങിയ ആദ്യ സമയത്ത് തന്നെ പ്രവർത്തകർക്ക് വിവരം ലഭിച്ചു.

വിവരമറിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ ആ വീട്ടിൽ എത്തിയപ്പോൾ വളണ്ടിയർമാർ കണ്ട കാഴ്ചയാണ് ഇവിടെ കുറിച്ചത്. അടുത്ത ദിവസത്തെ സന്ദർശനം സാന്ത്വനം സൈക്യാട്രി ഒ പിക്ക്‌ നേതൃത്വം കൊടുക്കുന്ന ഡോക്ടറെയും കൂട്ടിയായിരുന്നു. മണിക്കൂറുകളോളം ആ വീട്ടിൽ ചെലവിട്ട് വിശദമായ അന്വേഷണവും പഠനവും നടത്തിയ സംഘം പിന്നീടങ്ങോട്ട് ദിനേനെ എന്നോണം ആ വീട്ടിലെത്തി. നഖവും താടിയും മുടിയും വെട്ടിയൊതുക്കി ഒരു ചെറിയ കുഞ്ഞിനെ നോക്കുന്ന പോലെ അയാളെ ശുശ്രൂഷിച്ചു.

കുളിപ്പിക്കലും മരുന്ന് കഴിപ്പിക്കലുമെല്ലാം പല വളണ്ടിയർമാരുടെയും മാറി മാറിയുള്ള ചുമതലയായി മാറി. പതിയെ മാസങ്ങൾക്ക് ശേഷം അയാൾക്ക് ചങ്ങലയിൽ നിന്നും മോചനം കിട്ടി. ഇന്ന് ആ സഹോദരൻ സാന്ത്വനം ക്ലിനിക്കിൽ നടക്കുന്ന സൈക്യാട്രി ഒ പി യിലേക്ക് ഡോക്ടറെ കാണാനും മരുന്നുകൾ വാങ്ങാനും സ്വന്തമായി വരുന്ന അവസ്ഥയിലെത്തിയെന്ന് മാത്രമല്ല അടുത്തിടെ സാന്ത്വന കേന്ദ്രത്തിൽ തുടങ്ങിയ ഡേ കെയർ സെന്ററിൽ സ്ഥിരം ഹാജറുള്ള അന്തേവാസികൂടിയായി മാറി.

മാനസിക രോഗം കാരണം വീട്ടുകാരാലും നാട്ടുകാരാലും അരികുവത്കരിക്കപ്പെട്ട ഇങ്ങനെയുള്ള ഒട്ടേറെ പേരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് വഴി നടത്താൻ സാന്ത്വനം സൈക്യാട്രി ഒ പിക്ക് സാധിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഒ പിയും മരുന്ന് വിതരണവും വീട്ടുകാരുമായുള്ള വളണ്ടിയർമാരുടെ നിരന്തര സമ്പർക്കവും കാരണം വലിയ ഫലപ്രാപ്തിയാണ് നാട് ഇന്നനുഭവിക്കുന്നത്.

സ്ഥിരമായി ഭാര്യയെ ഉപദ്രവിച്ചിരുന്ന, വീട്ടിലെ ജനൽച്ചില്ലുകൾ ഇടക്കിടെ എറിഞ്ഞുടയ്ക്കാറുള്ള അയാൾ സാന്ത്വനം സൈക്യാട്രിക് ഒ പിയിൽ ചികിത്സ തേടുന്നുണ്ട്. ഇദ്ദേഹമുൾപ്പെടെ സൈക്യാട്രി ഡോക്ടറുടെ നിർദേശ പ്രകാരം മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഏതാനും സഹോദരീ സഹോദരന്മാർക്കായി അടുത്തിടെ തുടങ്ങിയ പുതിയ പുനരധിവാസ ദൗത്യമാണ് സാന്ത്വനം ഡേ കെയർ കേന്ദ്രം. വിദഗ്ധരായ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ ഇവരെ പകൽ മുഴുവൻ കേന്ദ്രത്തിൽ പാർപ്പിച്ച് ആവശ്യമായ പരിശീലനവും ജീവിതത്തിന്റെ ബാലപാഠങ്ങളും നുകർന്നു നൽകിക്കൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും ശേഷിയനുസരിച്ച് തയ്യൽ പരിശീലനങ്ങൾ, പേന നിർമാണം, എൽ ഇ ഡി ബൾബ് നിർമാണം തുടങ്ങിയ സ്വയം തൊഴിൽ പരിശീലനവും നൽകി വരുന്നുണ്ട്.

അവർ നിർമിച്ച പേനകളും ബൾബുകളും പരിസരത്തെ മാർക്കറ്റുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രവർത്തകർ. ദൈനം ദിന ജീവിത രീതികളെ പരിചയപ്പെടുത്തി കൈത്തൊഴിൽ പരിശീലനം നൽകി അവർക്ക് പുനരധിവാസം സാധ്യമാക്കുന്നു.
സ്ഥിരമായി അക്രമ സ്വഭാവം കാണിക്കുന്ന ഒരു സഹോദരൻ ഡേ കെയറിൽ വന്ന് തുടങ്ങിയതോടെ പാടെ മാറി.ഇപ്പോൾ ജീവിതത്തിന്റെ താളം തിരിച്ച് പിടിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തമായി വൃത്തിയിൽ നടക്കാനും കിടന്ന പായ മടക്കി വെക്കാനുമൊക്ക ഡേ കെയറിൽ വന്നതിന് ശേഷം പ്രാപ്തി നേടിയ വലിയ സന്തോഷങ്ങൾ വിളിച്ച് വരുത്തി നടത്താറുള്ള പാരന്റ്സ് മീറ്റിൽ രോഗികളുടെ വീട്ടുകാർ പങ്ക് വെക്കാറുണ്ട്.

വീട്ടുകാരും രോഗിയും നാട്ടുകാരും ഒരുപോലെ പറയുന്ന ഒട്ടേറെ അനുഭവസാക്ഷ്യങ്ങൾ.ഇവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ ഏർപ്പെടുത്താൻ നാട്ടുകാർ മത്സരത്തിലാണ്. ഇടക്കിടെ ഇവർക്കായി ഉല്ലാസ ട്രിപ്പുകളും പ്ലാൻ ചെയ്ത് നടപ്പാക്കാറുണ്ട്. കുറഞ്ഞ കാലയാളവ് കൊണ്ട് തന്നെ കൺകുളിർമയുള്ള ഫല പ്രാപ്തി ഒരു നാട് അനുഭവിക്കുകയാണ്.

ഇപ്പോൾ അവർ കിടന്ന പായ മടക്കിവെക്കും, സ്വന്തമായി ബ്രഷ് ചെയ്യും

മേൽ പറഞ്ഞ കാര്യങ്ങൾ ഒരു രണ്ട് വയസ്സുകാരൻ നിത്യേനെ ചെയ്യുന്നുവെങ്കിൽ അത്ഭുതം തന്നെയാണ് അല്ലെ? എന്നാൽ നാൽപ്പതുകാരനും മുപ്പത്തഞ്ചുകാരിയുമൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിൽ കൗതുകമുണ്ടോ?. ഉണ്ട്, വലിയ കൗതുകം നിറഞ്ഞ സന്തോഷവുമുണ്ടെന്നാണ് സാന്ത്വനം ഡേ കെയർ അന്തേവാസികളെയും അവരുടെ വീട്ടുകാരെയും ഉദ്ധരിച്ച് പറയാൻ സാധിക്കുക. ഇങ്ങനെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വീട്ടുകാരെ ആശ്രയിച്ചിരുന്ന, ഡേ കെയറിലെ താമസക്കാരിൽ പലരും ഇപ്പോൾ ഇതെല്ലാം സ്വന്തമായി ചെയ്യുന്നു.

വർഷങ്ങളായി സൈക്യാട്രി ഒ പിയിൽ നിന്നും കിട്ടുന്ന മികച്ച ചികിത്സയും പരിചരണവും ഡേ കെയറിൽ നിന്നും ലഭിക്കുന്ന ശാസ്ത്രീയമായ പരിശീലനവും പരിചരണവുമെല്ലാം അവരെ ഇന്ന്‌ ജീവിതത്തിന്റെ പല ബാലപാഠങ്ങളും പഠിക്കാൻ പ്രാപ്തരാക്കി.

ആരാരുമില്ലാത്ത വീട്ടിൽ ഒറ്റക്കാണ് അവർ താമസിക്കുന്നത്. കാലുകളിൽ നീര് വന്നു തടിച്ചു പൊട്ടിയിരിക്കുന്നു. മരിക്കുവോളം ഫാത്തിമ താത്തയുടെ മുറിവ് കെട്ടാനും മറ്റു പരിചരണങ്ങൾക്ക് വേണ്ടിയും സാന്ത്വനം പാലിയേറ്റീവ് കെയർ തെന്നല ടീം എല്ലാ ദിവസവും ആ വീട്ടിൽ പോയിരുന്നു. അർബുദ ബാധിതയായ ഒരു സ്ത്രീക്ക് ടാപ്പിങ് ഉണ്ടായിരുന്നു (നീര് കുത്തിയെടുക്കൽ). ഒരിക്കൽ അവിടെ പോയപ്പോൾ “നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ വയർ കുത്തിപ്പൊട്ടിക്കാൻ നിൽക്കായിരുന്നു’ എന്ന് ആ സ്‌ത്രീ പറഞ്ഞു. ഒന്പത് ലിറ്റർ നീരായിരുന്നു അന്നേ ദിവസം സാന്ത്വനം പാലിയേറ്റീവിന്റെ സിസ്റ്റർ കുത്തിയെടുത്തത്.

കിടപ്പിലായ രോഗികൾക്കും മാരക വേദനകളുള്ള അസുഖങ്ങളാൽ കഷ്ടപ്പെടുന്നവർക്കും വേണ്ടി കഴിഞ്ഞ നിരവധി വർഷമായി സാന്ത്വനം പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നു. അവരെ ചേർത്ത് പിടിച്ചും വിശേഷങ്ങൾ പരസ്പരം പങ്ക് വെച്ചും അവരുടെ സന്തോഷങ്ങൾക്കായി സാന്ത്വനം ടീം പ്രവർത്തിക്കുന്നു.

പാലിയേറ്റീവ് കെയറിനോടൊപ്പം തന്നെ മാനസിക രോഗികൾക്കുള്ള ഒ പിയും തുടങ്ങിയിരുന്നു. 16 വർഷത്തോളം ചങ്ങലയിൽ കഴിഞ്ഞിരുന്ന യുവാവിനെ വളണ്ടിയർമാർ കണ്ടെത്തുകയും മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹമിപ്പോൾ സ്വതന്ത്രനായി നടക്കുന്നു. സ്വന്തം കാര്യങ്ങളെല്ലാം അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു. വീട്ടിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന വേറെ ഒരാൾ ചികിത്സ കിട്ടിയതിനു ശേഷം സാന്ത്വനം തന്നെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ വിവാഹം കഴിച്ചു, കുടുംബമായി സസുഖം ജീവിക്കുന്നു.അപകടം സംഭവിച്ച് കൈകാലുകൾക്ക് സാരമായി പരുക്കേറ്റ് വീൽ ചെയറിലായ സഹോദരൻ സാന്ത്വനം ഫിസിയോ തെറാപ്പി സെന്ററിൽ നിന്നും ലഭിച്ച സേവനത്താൽ ഇപ്പോൾ പരസഹായമില്ലാതെ നടക്കുന്നു. ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് സാന്ത്വനം പാലിയേറ്റീവ് കെയർ തെന്നലയിലെ ജീവനക്കാർക്കും വളണ്ടിയർമാർക്കും.

കിടപ്പിലായിപ്പോയവരെ സംരക്ഷിക്കുക എന്നത് സാമൂഹികബാധ്യതയാണ്. അത് നിറവേറ്റാനുള്ള വഴിയിൽ നിസ്വാർഥരായ ഒരുപറ്റം വളണ്ടിയർമാരാണ് സാന്ത്വനത്തിന്റെ കരുത്ത്. ആതുര സേവനത്തിനപ്പുറവും നീളുന്ന സാന്ത്വനം തെന്നലയുടെ സാമൂഹിക സേവനഭൂമികയിലേക്ക് ഇനിയും സന്നദ്ധ പ്രവർത്തകരെ ഈ സംഘം ക്ഷണിക്കുന്നു.

---- facebook comment plugin here -----

Latest