Connect with us

Education

സംസാരിപ്പിക്കാൻ പഠിക്കാം...

കേൾവി, സംസാരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട് വർധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങൾ രാജ്യത്തെ ഓഡിയോളജിസ്റ്റുകളുടെയും സ്പീച്ച് തെറാപ്പിസ്റ്റുകളുടെയും സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.

Published

|

Last Updated

ബി എ എസ് എൽ പി കോഴ്‌സിനെക്കുറിച്ച് വിശദീകരിക്കാമോ? കേരളത്തിൽ പഠിക്കാൻ അവസരം ഉണ്ടോ?
ഹിബ പർവീൻ
ഗവ. വൊക്കേഷനൽ
എച്ച് എസ് എസ് മാവൂർ

ബാച്ചിലർ ഓഡിയോളജി & സ്പീച്ച് പാതോളജി: പൂർണമായോ ഭാഗികമായോ ശ്രവണ, സംസാരശേഷി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ കണ്ടെത്തുകയും ചികിത്സിക്കുകയും കൂടാതെ ഭിന്നശേഷിയുള്ളവരും ആശയവിനിമയ വൈദഗ്ധ്യം ഇല്ലാത്തവരുമായ ആളുകൾക്കുള്ള കൗൺസിലിംഗും തെറാപ്പിയും എയ്ഡുകളുടെയും ഉപകരണങ്ങളുടെയും ഘടിപ്പിക്കലും പരിപാലനവും തുടങ്ങിയ മേഖലകളിലെ ജോലികളിലാണ് ബാച്ചിലർ ഓഡിയോളജി & സ്പീച്ച് പാതോളജി കോഴ്‌സ് പൂർത്തിയാക്കിയവർ ഏർപ്പെടുന്നത്.

ഓഡിയോളജിയിലും സ്പീച്ചിലും കോഴ്സ് പൂർത്തിയാക്കിയ വ്യക്തി ഒരു ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്/പാത്തോളജിസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്നു. കേൾവി, സംസാരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട് വർധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങൾ രാജ്യത്തെ ഓഡിയോളജിസ്റ്റുകളുടെയും സ്പീച്ച് തെറാപ്പിസ്റ്റുകളുടെയും സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.
കേൾവി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന സ്‌പെഷ്യലിസ്റ്റാണ് ഓഡിയോളജിസ്റ്റ്. സംസാരശേഷി, വിക്ക് ഈ മേഖലയിലാണ് കൂടുതൽ താത്പര്യമെങ്കിൽ സംസാര വൈകല്യങ്ങൾ പരിഹരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യാം. ക്ഷമ, അനുകമ്പ, സഹാനുഭൂതി, സേവന മനസ്ഥിതി തുടങ്ങിയ സ്വഭാവഗുണങ്ങളുള്ളവർക്ക് ഈ മേഖലയിൽ തിളങ്ങാനാകും. ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞുകൊടുക്കുന്നതിനോ ചെയ്ത് കാണിക്കുന്നതിനോ പകരം ഫലം കിട്ടുന്നത് വരെ ആവർത്തിച്ച് മടുപ്പില്ലാതെ കാര്യങ്ങൾ പറഞ്ഞും ചെയ്തും മനസ്സിലാക്കിക്കൊടുക്കാനുള്ള ശേഷി അത്യാവശ്യ ഘടകമാണ്.

സ്പീച്ച് തെറാപ്പിസ്റ്റിന് പുനരധിവാസ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നതിന് പുറമേ സ്വതന്ത്രമായി ക്ലിനിക് തുടങ്ങുകയുമാവാം. ഓഡിയോളജിസ്റ്റിന് ശ്രവണ ഉപകരണ നിർമാണ കമ്പനികളിലും ഫിറ്റിംഗ് സെന്ററുകളിലും ജോലി ലഭിക്കും. BASLP (Bachelor of Audiology and Speech Language Pathology) എന്ന നാല് വർഷ കോഴ്‌സ് പൂർത്തിയാക്കി RCI (Rehabilitation Council of India)യിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഉന്നത പഠനത്തിന് ബിരുദാനന്തര തലത്തിൽ ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായോ (MASLP) അല്ലെങ്കിൽ ഓഡിയോളജിയോ സ്പീച്ച് തെറാപിയോ മാത്രമായോ പി ജി എടുക്കാവുന്നതാണ്. അത് കഴിഞ്ഞ് അക്കാദമിക് താത്പര്യമുള്ളവർക്ക് ഗവേഷണത്തിലേക്കോ അധ്യാപനത്തിലേക്കോ തിരിയാം.
ഈ രംഗത്ത് പഠനത്തിന് ഇന്ത്യയിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥാപനങ്ങളെ പരിചയപ്പെടാം. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് മൈസൂർ, അലിയാവർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് മുബൈ, സെക്കന്തരാബാദ്, കൊൽക്കത്ത, നോയിഡ, എന്നീ കേന്ദ്രങ്ങൾ.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, തമിഴ്‌നാട്, ക്രിസ്ത്യൻ മെഡിക്കൽ കോളജ് വെല്ലൂർ, കസ്തൂർബാ മെഡിക്കൽ കോളജ് മണിപ്പാൽ, ഡോക്ടർ എസ് ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ബെംഗളൂരു എന്നിവ അഖിലേന്ത്യാതലത്തിൽ കോഴ്‌സുകൾ പഠിക്കാനുള്ള ഉന്നത സ്ഥാപനങ്ങളാണ്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് തിരുവനന്തപുരം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്‌നിറ്റീവ് ന്യൂറോ സയൻസ് ഷൊർണൂർ, മാർത്തോമാ കോളജ് സ്‌പെഷ്യൽ എജ്യൂക്കേഷൻ കാസർകോട്, ബേബി മെമ്മോറിയൽ കോളജ് ഓഫ് അലെയ്ഡ് മെഡിക്കൽ സയൻസ് കോഴിക്കോട്, എ ഡബ്ല്യൂ എച്ച് സ്‌പെഷ്യൽ കോളജ് കല്ലായ്, കോഴിക്കോട് എന്നിവ കേരളത്തിൽ കോഴ്‌സ് പഠിക്കാൻ അവസരങ്ങളുള്ള സ്ഥാപനങ്ങളാണ്. കേരളത്തിൽ യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലും അഖിലേന്ത്യാ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ വഴിയുമാണ് പ്രവേശനം. ഹയർസെക്കൻഡറി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കിൽ ബയോളജി പഠിച്ചവർക്ക് അപേക്ഷിക്കാം.

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു. ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം. 9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

---- facebook comment plugin here -----

Latest