Connect with us

ആത്മായനം

ഹൃദയത്തിൽ സ്ക്രാച്ച് വരാതെ നോക്കാം

കലുഷതയുടെ കല്ലും മുള്ളും നിറഞ്ഞ ഇടവഴികളിൽ നഗ്നപാദരാണു നമ്മൾ. കല്ലിൽ തട്ടാതെയും മുള്ള് തറക്കാതെയും ശ്രദ്ധാപൂർവമായിരിക്കണം മുന്നോട്ടുള്ള ഓരോ ചുവടും. നിർമലമായ ഹൃദയത്തിനു മാത്രമേ അത്തരമൊരു സഞ്ചാരത്തിന് നമ്മെ സഹായിക്കാൻ കഴിയൂ. ഹൃദയത്തിന്റെ വെളിച്ചം കെട്ട് തെറ്റുകൾക്ക് കൂടെ നിൽക്കുമ്പോൾ മുഖം കരുവാളിക്കും, ശരീരം ശുഷ്കിക്കും, ജീവിത സമൃദ്ധികൾ മുഴുവനും ക്ഷയിച്ചു പോകും, ലോകം മുഴുക്കെ അവന്റെ ശത്രുവായി തീരും. ഇബ്നു അബ്ബാസ് (റ) ഈ പാഠം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതാണല്ലോ നബി(സ) "അറിയുക! ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു. അതാണ് ഹൃദയം' എന്ന സന്ദേശത്തിലൂടെ പഠിപ്പിച്ചതും. "റസൂൽ (സ) ഹൃദയത്തെ എടുത്തു പറഞ്ഞത് ഹൃദയം ശരീരത്തിന്റെ ഭരണാധികാരിയായതുകൊണ്ടാണ്. ഭരണാധികാരി നന്നായാൽ പ്രജകൾ നന്നാകും. ഭരണാധികാരി ദുഷിച്ചാൽ പ്രജകളും ദുഷിക്കും' (ഫത്ഹുൽ ബാരി 1/126)

Published

|

Last Updated

നിങ്ങളുടെ വാഹനത്തിൽ സ്ക്രാച്ച് വീഴുന്നത് ഇഷ്ടമാണോ നിങ്ങൾക്ക്? വസ്ത്രത്തിൽ ചേറ് പുരളുന്നതോ? വീടിന്റെ ഭിത്തിയിൽ ചെളി തെറിക്കുന്നതോ? ഇല്ല അല്ലേ? നമ്മളവയൊക്കെയും ശ്രദ്ധിച്ച് വൃത്തിയോടെ കൊണ്ടുനടക്കുന്നു എന്നതാണതിന്റെ കാര്യം. വൃത്തികേടാകുമ്പോൾ നമ്മുടെ മട്ടും ഭാവവും മാറും, പരിഭവങ്ങളും പരാതികളുമാകും.
സഹൃദയരേ…

ഇതിനേക്കാളേറെ പരിഭവവും അസ്വസ്ഥതയുമുണ്ടാകേണ്ടത് നമ്മുടെ ഹൃദയത്തിൽ സ്ക്രാച്ച് വീഴുമ്പോഴല്ലേ, ആത്മാവിൽ ചെളി പുരളുമ്പോഴല്ലേ. കാരണം, ഏറെ മൂല്യത്തോടെ കാത്തു സംരക്ഷിക്കേണ്ട ഹൃദയത്തിന് പോറലേൽക്കുകയെന്നത് അപകടങ്ങളിലേക്കുള്ള സിഗ്നലാണ്. നരകത്തീയിലേക്കെറിയപ്പെടാനുള്ള സ്ഥിതി വന്നു എന്നതിന്റെ മുദ്രയാണത്. മ്ലേഛമായ ആലോചനകളും കർമങ്ങളും കാരണമായാണ് ഈ ദുഃസ്ഥിതിയുണ്ടാവുന്നത്. അങ്ങനെയാണ് ഹൃദയം രോഗാതുരമായി തുടങ്ങുന്നത്.

തിർമുദിയും അബൂദാവൂദും അബൂഹുറൈറ(റ)ൽ നിന്നും രേഖപ്പെടുത്തിയ ഹദീസ് വായിക്കേണ്ടതാണ്.”അടിമ ഒരു തെറ്റ് ചെയ്യുമ്പോൾ അവന്റെ ഹൃദയത്തിൽ കറുത്ത പാട് വരും. അതിൽ നിന്നും പിന്മാറി പൊറുക്കലിനെ തേടി തൗബ ചെയ്താൽ അവന്റെ ഹൃദയം വെടിപ്പായി ലങ്കും, എന്നിട്ടും തെറ്റാവർത്തിച്ചാൽ ഹൃദയം വ്യാപിക്കുമാറ് കറുപ്പടയാളം മൂർഛിക്കും’.
“ആ ജനത്തിന്റെ ഹൃദയങ്ങളിൽ സ്വന്തം കർമദോഷങ്ങളുടെ കറ പിടിച്ചിരിക്കുകയാണെന്ന് ‘ സൂറ: മുത്വഫിഫീനിൽ തീർച്ചപ്പെടുത്തി പറഞ്ഞതും സത്യനിഷേധികളുടെയും തെറ്റുകാരുടെയും ഹൃദയത്തിനുമേൽ കോറുന്ന ഈ അടയാളത്തെ കുറിച്ചു തന്നെയാണ്. അത്തരം അടയാളങ്ങളിൽ നിന്നെല്ലാം മുക്തമായ ഹൃദയമുള്ളവർക്കു മാത്രമാണ് ആത്യന്തികമായി വിജയിക്കാൻ സാധിക്കുകയുള്ളൂ.

ഇബ്്റാഹിം നബി (അ) യുടെ ശ്രദ്ധേയമായ പ്രാർഥന ഖുർആൻ രേഖപ്പെടുത്തിയിട്ടുണ്ട് . “സുരക്ഷിതമായ ഹൃദയത്തിന്റെ ഉടമകളൊഴിച്ച് ആർക്കും സമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത നാളിൽ എന്നെ നിന്ദ്യരിൽ ഉൾപ്പെടുത്തരുതേ’ എന്നാണാ പ്രാർഥന. കറുപ്പടയാളങ്ങൾ ബാധിക്കാത്ത ഹൃദയമാണ് സുരക്ഷിതമായ ഹൃദയം. അതിന്റെ ഉടമ ജീവിതത്തിൽ ഏറെ ശ്രദ്ധാലുവായിരിക്കും. കർമങ്ങളുടെ നേരത്തൊക്കെ ഞാൻ ദൈവിക നിരീക്ഷണത്തിനു കീഴിലാണെന്ന ബോധ്യമവന്നുണ്ടാകും. ഈ ജീവിതം ഇവിടെ തീരേണ്ടതല്ലെന്നും ഈ പരീക്ഷക്കാലത്തെ മറ്റൊരിടത്ത് വിലയിരുത്തപ്പെടുമെന്നും ഹൃദയവിശുദ്ധിയുടെ തോതനുസരിച്ച് വിജയ പരാജയങ്ങൾ കണക്കാക്കപ്പെടുമെന്നും ബോധമുള്ളവനാണവൻ.

സുരക്ഷിതമായ ഹൃദയമേതാണെന്ന ചോദ്യത്തിന് ഇബ്നു സീരീൻ(റ) കൊടുത്ത മറുപടിയുമതാണ് “അല്ലാഹു സത്യമാണെന്നും സംശയലേശമന്യേ അന്ത്യനാൾ വരുമെന്നും ഖബറുകളിൽ നിന്ന് പുനർജന്മമുണ്ടാകുമെന്നുമുള്ള അറിവ് രൂഢമൂലമായ ഹൃദയമാണ് സുരക്ഷിതമായ ഹൃദയം’.
ഈ വിശ്വാസത്തിൽ നിന്ന് വഴിമാറുന്ന ഇടങ്ങളെല്ലാം ഹൃദയം മലിനമാകുന്ന സന്ദർഭങ്ങളാണ്. അത്തരക്കാരുടെ ധാർമികതയുടെ നിർവചനങ്ങൾ പോലും സ്വാർഥതയിലൂന്നിയതാകും. My life is my choice എന്ന സമീപനങ്ങളൊക്കെ അങ്ങനെയാണ് രൂപപ്പെടുന്നത്. സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നിന്നെല്ലാം ഒളിച്ചോടുന്ന ബീഭത്സമായ പുതുകാല ട്രെൻഡുകൾ ഹൃദയം മലിനമായതിന്റെ പുറം കാഴ്ചകളാണ്.

ലജ്ജയുടെ മൂടുപടമഴിഞ്ഞ് തെറ്റുകൾ മുഴുവൻ സ്വാഭാവികവത്കരിക്കപ്പെട്ട കാലത്തെ ഹൃദയവേദനയോടെയാണ് നമ്മളൊക്കെ നോക്കി നിൽക്കുന്നത്. തെറ്റുകൾ നിരന്തരം ചെയ്യുന്നവരുടെ ഹൃദയം കറുത്തിരുണ്ട് നന്മയുടെ നീരു വറ്റിപ്പോകും, അതിലേക്കൊഴുകുന്ന രക്തത്തിൽ മുഴുക്കെ പൈശാചികതയുടെ ശകലങ്ങൾ മാത്രമായിരിക്കുമുണ്ടാവുക. കാലുഷ്യങ്ങളോട് ഒരു നീരസവും തോന്നാത്ത വിധം അവ കരിമ്പാറ പോലെ കടുത്തു പോകും. വിശുദ്ധ ഖുർആൻ അത്തരക്കാരെ അപലപിക്കുന്നത് കാണാം.

സർവ ദൃഷ്ടാന്തങ്ങളും കണ്ടിട്ടും നിങ്ങളുടെ ഹൃദയം പാറകൾ പോലെ. അല്ല, അതേക്കാൾ കടുത്ത് പോയിരിക്കുന്നു. കല്ലുകളിൽ ചിലതിൽ നിന്ന് നദികൾ ഉത്ഭവിക്കുന്നു, ചിലതിൽ നിന്നും ഉറവ പൊട്ടി വെള്ളം കിനിയുന്നു, ചിലത് ദൈവഭക്തിയാൽ ഉരുണ്ടു വീഴുന്നു എന്നിങ്ങനെ തുടരുന്ന ഖുർആനിന്റെ സന്ദേശം ഒട്ടും നീരുറവ കിനിയാത്ത ഹൃദയത്തിന്റെ ഗതികെട്ട അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അനുഗ്രഹങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാതെ ഞാനാണ് ശരി എന്ന ഹുങ്കാര ഭാവക്കാർക്കു മേൽ പതിക്കുന്ന ഊക്കൻ വാക്കാണിത്.

കലുഷതയുടെ കല്ലും മുള്ളും നിറഞ്ഞ ഇടവഴികളിൽ നഗ്നപാദരാണു നമ്മൾ. കല്ലിൽ തട്ടാതെയും മുള്ള് തറക്കാതെയും ശ്രദ്ധാപൂർവമായിരിക്കണം മുന്നോട്ടുള്ള ഓരോ ചുവടും. നിർമലമായ ഹൃദയത്തിനു മാത്രമേ അത്തരമൊരു സഞ്ചാരത്തിന് നമ്മെ സഹായിക്കാൻ കഴിയൂ. ഹൃദയത്തിന്റെ വെളിച്ചം കെട്ട് തെറ്റുകൾക്ക് കൂടെ നിൽക്കുമ്പോൾ മുഖം കരുവാളിക്കും, ശരീരം ശുഷ്കിക്കും, ജീവിത സമൃദ്ധികൾ മുഴുവനും ക്ഷയിച്ചു പോകും, ലോകം മുഴുക്കെ അവന്റെ ശത്രുവായി തീരും.

ഇബ്നു അബ്ബാസ് (റ) ഈ പാഠം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതാണല്ലോ നബി(സ) “അറിയുക! ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു. അതാണ് ഹൃദയം’ എന്ന സന്ദേശത്തിലൂടെ പഠിപ്പിച്ചതും. “റസൂൽ (സ) ഹൃദയത്തെ എടുത്തു പറഞ്ഞത് ഹൃദയം ശരീരത്തിന്റെ ഭരണാധികാരിയായതുകൊണ്ടാണ്. ഭരണാധികാരി നന്നായാൽ പ്രജകൾ നന്നാകും. ഭരണാധികാരി ദുഷിച്ചാൽ പ്രജകളും ദുഷിക്കും’ (ഫത്ഹുൽ ബാരി 1/126)

മലിനമായ ഹൃദയത്തെയും പേറി പുറംമോടി വെളുപ്പിക്കാനുള്ള നമ്മിൽ പലരുടെയും ശ്രമങ്ങൾ വെറുതെയാണ്. വിദ്വേഷം ഉള്ളിൽ കെട്ടിപ്പൂട്ടി മുഖത്ത് വരുത്തുന്ന പ്ലാസ്റ്റിക് ചിരി നമുക്കൊരു സദ്ഫലവും കൊണ്ടു തരില്ല. അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപഭാവങ്ങളിലേക്കോ അല്ല നോക്കുന്നത്. നിങ്ങളുടെ കർമങ്ങളിലേക്കും ഹൃദയങ്ങളിലേക്കുമാണെന്ന നബിപാഠം ഉൾക്കൊണ്ടേ പറ്റൂ.

അപര വിദ്വേഷവും കുശുമ്പും പോരും തെറ്റു ചെയ്യാനുള്ള മനസ്സിലിരിപ്പും ഹൃദയത്തെ കാർന്നുതിന്നുന്ന ക്യാൻസർ ബാക്ടീരിയകളാണ്. അത്തരം രോഗാണുക്കളെ പ്രതിരോധിക്കുകയെന്നതാണ് ഹൃദയവിശുദ്ധിക്കുള്ള പോംവഴി. നമ്മുടെ മാർഗത്തിൽ സമരം ചെയ്യുന്നവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കും, തീർച്ചയായും അല്ലാഹു സദ് വൃത്തരോടൊപ്പമാണെന്ന സൂറ: അൻഖബൂത്തിന്റെ പാഠം ഹൃദയത്തെ സംരക്ഷിക്കാൻ ഒരുങ്ങിയവർക്കു കൂടിയുള്ള കരുത്താണ്. ദുരാലോചനകളുടെ വേരായ ദേഹേച്ഛകളെ ഒതുക്കിനിർത്തലാണല്ലോ ഏറ്റവും വലിയ സമരം (ജിഹാദുൽ അക്ബർ).

ദുരന്തങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ജഡികേച്ഛകൾക്ക് പിറകെ പോകുന്നതിന്റെ അപകടം എത്ര വലുതാണ് ?! ഇച്ഛയുടെ വിഭ്രമിക്കുന്ന പ്രചോദനങ്ങളിൽ നിന്ന് തടഞ്ഞു നിർത്തുന്ന ഉറപ്പുള്ള കോട്ടമതിലുകൾ ഹൃദയത്തിനു ചുറ്റും സംവിധാനിക്കണം. ക്ലേശമൊത്തിരി സഹിക്കേണ്ടിവരും. എന്റെ നാവ് നേരാംവണ്ണം വഴങ്ങാനും നന്നാവാനും ഇരുപത് വർഷം ഞാൻ അധ്വാനിച്ചു എന്ന് വിശ്രുത താബിഈയായ അബ്ദുല്ലാഹിബ്നു അബീ സകരിയ്യാ അൽ ഖുസാഈയും(റ) എന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞ നാൽപ്പത് വർഷമായി ഞാൻ പാടുപെടുന്നെന്ന് ഹാഫിള് മുഹമ്മദുബ്നു മുൻകദിറും (റ) പറഞ്ഞത് ഹൃദയം സുരക്ഷിതമാക്കാനുള്ള സമരത്തിന്റെ ക്ലിഷ്ടതയെ ഓർമപ്പെടുത്തുന്നുണ്ട്. ഇടമുറിയാത്ത ദൈവസ്മരണയും നന്മയിൽ നിന്ന് വ്യതിചലിക്കാത്ത ആലോചനകളും അല്ലാഹുവിലുള്ള ശുഭപ്രതീക്ഷയും തവക്കുലും കൊണ്ടുമാത്രമേ അത് സാധിക്കൂ. അല്ലാഹു നമ്മെ സഹായിക്കട്ടെ.

Latest