ആത്മായനം
ഇടമുറിയാതെ പ്രാർഥിക്കാം
പ്രാർഥനയുടെ ഫലം,അതു തന്നെയാണ് വിജയത്തിനു കാരണമായത്.ജീവിതത്തിന്റെ നടുക്കടലിൽ കാറ്റും കോളുമുണ്ടാകുമ്പോൾ സുരക്ഷയായും പ്രതിസന്ധികളുടെ തിരയിൽ വീണുപോകുമ്പോൾ താങ്ങായും ഹൃദയമെരിയുന്ന തീച്ചൂളയിൽ കുളിരായും സന്തോഷത്തിന്റെ വർണപ്പൊലിമയിൽ കൂട്ടായും പ്രാർഥന വിശ്വാസിയുടെ കൂടെ തന്നെയുണ്ട്. "എന്നോട് പ്രാർഥിച്ചോളൂ, ഞാൻ ഉത്തരം നൽകാം' എന്ന അല്ലാഹുവിന്റെ വചനം നമ്മെ പേർത്തും പേർത്തും പ്രതീക്ഷയുടെ തീരത്തേക്കാനയിച്ചു കൊണ്ടിരിക്കുന്നു.നമ്മുടെ ജീവിതത്തെ മുച്ചൂടും ചലനാത്മകമാക്കുന്നു. അല്ലാഹുവോടുള്ള വിധേയത്വത്തെയും അടിമത്വത്തേയും പ്രകാശിപ്പിക്കലും അവന്റെ ദൈവികതയെയും അവനിലുള്ള പ്രതീക്ഷയെയും അംഗീകരിക്കലുമാണ് പ്രാർഥനയിലൂടെ വിശ്വാസി നിർവഹിക്കുന്നത്.

ബദ്ർ; ശൗര്യത്തിന്റെ കൊടുമ്പിരിയിൽ തിളച്ചു നിൽക്കുന്ന നേരം. ബഹുലവും സുസജ്ജവുമായ ശത്രുസേനക്ക് മുമ്പിൽ മുസ്്ലിംകൾ തുലോം തുഛം ! വിജയിക്കാൻ ഭൗതിക സാഹചര്യങ്ങളൊന്നും അനുകൂലമല്ലാത്തതിന്റെ ഇരുട്ട് പടർന്ന സമയത്ത് അവരുടെ നേതാവ് ഉള്ളുരുകി പ്രാർഥിച്ചു: “അല്ലാഹുവേ, ഈ ചെറു വിഭാഗത്തെ നീ സഹായിക്കേണമേ, ഇവർ നശിച്ചാൽ നിന്നെ വണങ്ങുന്ന സമൂഹത്തിന്റെ പര്യവസാനമാണത് ‘.
ആ പ്രാർഥനയുടെ ഫലം വൈകാതെ കണ്ടു. ധിക്കാരത്തിന്റെ മസ്തകം തകർത്ത് ചെറു സംഘത്തിന്റെ അതിജീവനമായി ബദ്ർ രണാങ്കണം മാറി. എങ്ങനെ കൂട്ടിയാലും കിഴിച്ചാലും മുസ്്ലിംകൾ ജയിക്കാൻ സാധ്യതയുടെ കണിക പോലുമില്ലാത്തിടത്ത് ഈ വിജയം എങ്ങനെയുണ്ടായി?
പ്രാർഥനയുടെ ഫലം. അതു തന്നെയാണ് വിജയത്തിനു കാരണമായത്. ജീവിതത്തിന്റെ നടുക്കടലിൽ കാറ്റും കോളുമുണ്ടാകുമ്പോൾ സുരക്ഷയായും പ്രതിസന്ധികളുടെ തിരയിൽ വീണുപോകുമ്പോൾ താങ്ങായും ഹൃദയമെരിയുന്ന തീച്ചൂളയിൽ കുളിരായും സന്തോഷത്തിന്റെ വർണപ്പൊലിമയിൽ കൂട്ടായും പ്രാർഥന വിശ്വാസിയുടെ കൂടെ തന്നെയുണ്ട്. “എന്നോട് പ്രാർഥിച്ചോളൂ, ഞാൻ ഉത്തരം നൽകാം’ എന്ന അല്ലാഹുവിന്റെ വചനം നമ്മെ പേർത്തും പേർത്തും പ്രതീക്ഷയുടെ തീരത്തേക്കാനയിച്ചു കൊണ്ടിരിക്കുന്നു.
നമ്മുടെ ജീവിതത്തെ മുച്ചൂടും ചലനാത്മകമാക്കുന്നു. അല്ലാഹുവോടുള്ള വിധേയത്വത്തെയും അടിമത്വത്തേയും പ്രകാശിപ്പിക്കലും അവന്റെ ദൈവികതയെയും അവനിലുള്ള പ്രതീക്ഷയെയും അംഗീകരിക്കലുമാണ് പ്രാർഥനയിലൂടെ വിശ്വാസി നിർവഹിക്കുന്നത്.പ്രാർഥനയോട് പുറംതിരിഞ്ഞു നിൽക്കുന്നവരിൽ ഞാൻ സ്വയം പര്യാപ്തനാണെന്ന അഹങ്കാരത്തിന്റെ കാമ്പുണ്ട്. ആപത്ഘട്ടങ്ങളെയാണ് അതുവഴി അവൻ വിളിച്ചു വരുത്തുന്നത്. തളർത്തിക്കളയുന്ന സൂക്ഷ്മമായൊരു രോഗാണുമതി നമ്മെ കീഴ്മേൽ മറിച്ചിടാനും അടക്കിയിരുത്താനും. എത്ര ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണെങ്കിലും മനുഷ്യർ ബലഹീനരാണ്. നിസ്സഹായരാണ് നാം. നേടിയതൊക്കെയും അല്ലാഹു നൽകിയ ചിന്താശക്തിയും യുക്തിയും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ്. ഓരോ നിമിഷവും നമുക്ക് ആ കഴിവ് അല്ലാഹു തന്നുകൊണ്ടിരിക്കുന്നുണ്ട്. ആ വിതരണം നിർത്തുന്ന വേള നമ്മൾ ശൂന്യരായി തീരുകയും ചെയ്യും. ഇനി ആലോചിക്കൂ. അഹങ്കരിക്കാൻ മാത്രം എന്ത് വകയാണ് നമുക്കുള്ളത്?.
ഇതുകൂടി കേൾക്കൂ..”പറയുക നിങ്ങളുടെ പ്രാർഥനയില്ലെങ്കിൽ നിങ്ങളുടെ രക്ഷിതാവ് നിങ്ങളെ പരിഗണിക്കുകയേയില്ല’ (സൂറ: ഫുർഖാൻ 77) അല്ലാഹു പരിഗണിക്കാതെ നമ്മുടെ ജീവിതത്തിന്റെ ആകെ തുക വട്ടപ്പൂജ്യമായിരിക്കും. അവൻ പരിഗണിക്കുന്ന ജീവിതമാണ് നമുക്ക് വേണ്ടത്. അതാകട്ടെ പ്രാർഥിക്കുന്നവർക്കുള്ളതുമാണ്. ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടാനുള്ള തുറവിയാണ് പ്രാർഥന. അത് നിർവഹിക്കുന്നവർക്ക് മുമ്പിൽ വൈതരണികൾ ഉണ്ടാവില്ല.
അനസ്ബ്നുമാലിക്(റ) നബി(സ)യുടെ കാലത്തെ ഒരു കച്ചവടക്കാരന്റെ കഥ പറയുന്നുണ്ട്: അല്ലാഹുവിൽ ഭരമേൽപ്പിച്ച്, കാവൽക്കാരില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ കച്ചവടയാത്രകൾ. ഒരു ദിവസം മദീനയിലേക്കുള്ള വഴിമധ്യേ കൊള്ളക്കാർ അയാളെ തടഞ്ഞു. കൈയിലുള്ളതെല്ലാം അവർ തട്ടിപ്പറിക്കാനൊരുങ്ങിയപ്പോൾ അദ്ദേഹം നാല് റക്അത്ത് നിസ്‌കരിക്കുകയും ഹൃദയം നൊന്ത് അല്ലാഹുവിനോട് മൂന്ന് തവണ പ്രാർഥിക്കുകയും ചെയ്‌തു. തത്്ക്ഷണം കുതിരപ്പുറത്തേറി തിളങ്ങുന്ന വാളുമായി ഒരാൾ അവിടെ പ്രത്യക്ഷപ്പെട്ടു. കൊള്ളക്കാർ പരിഭ്രമിച്ചു. അക്രമികളെ വകവരുത്തിയതിന് ശേഷം ആഗതൻ കച്ചവടക്കാരനോട് സംസാരിച്ചു: “ഞാൻ മൂന്നാമാകാശത്തുനിന്ന് ഇറങ്ങിവരുന്ന മലക്കാണ്.താങ്കൾ ഒന്നാമത് പ്രാർഥിച്ചപ്പോൾ വാന കവാടങ്ങൾക്ക് ചില ശബ്ദങ്ങളുണ്ടായിരുന്നു. എന്തോ സംഭവിച്ചിരിക്കുന്നുവെന്ന് അതോടെ ഞങ്ങൾ മനസ്സിലാക്കി.
രണ്ടാമത് പ്രാർഥിച്ചപ്പോൾ അവ മലർക്കെ തുറക്കപ്പെട്ടു. മൂന്നാമത്തെ പ്രാർഥനയോടെ ജിബ്‌രീൽ(അ) മുകൾഭാഗത്തു നിന്ന് ഇറങ്ങിവരികയും അവിടുത്തെ സമ്മതപ്രകാരം ഞാൻ ഇവിടെ വരികയുമാണുണ്ടായത്. നീ നടത്തിയ ഈ പ്രാർഥന ആര് നിർവഹിച്ചാലും അവർക്ക് അല്ലാഹു രക്ഷ നൽകുക തന്നെ ചെയ്യും. തുടർന്ന് മദീനയിൽ സുരക്ഷിതനായി എത്തിച്ചേർന്ന യാത്രക്കാരൻ നടന്ന സംഭവങ്ങൾ റസൂലിനോടും(സ) പങ്കുവെച്ചു.’ (രിസാലതുൽഖുശൈരി 2/529) ഇങ്ങനെ ചരിത്രസാക്ഷിയായി നിരവധി സംഭവങ്ങളുണ്ട്. ഹൃദയം തൊട്ടുള്ള പ്രാർഥനകൾക്ക് ഫലമുണ്ടാകും. നബി(സ) ഇക്കാര്യം അനുചരരോട് വിവരിക്കുന്നത് തിർമുദി രേഖപ്പെടുത്തുന്നുണ്ട് (5/566) “കുടുംബ ബന്ധം വിഛേദിക്കുന്നതോ കുറ്റകരമായ മറ്റെന്തെങ്കിലും ലക്ഷ്യം വെക്കുന്നതോ അല്ലാത്ത പ്രാർഥന നിർവഹിക്കുന്ന വിശ്വാസിക്ക് മൂന്നാലൊരു ഗുണം കട്ടായമായും പ്രതീക്ഷിക്കാം: ഒന്നുകിൽ പ്രാർഥിച്ച കാര്യത്തിന്റെ പൂർത്തീകരണം, അല്ലെങ്കിൽ ആഖിറത്തിലേക്കുള്ള കരുതിവെപ്പ്, അതുമല്ലെങ്കിൽ നിങ്ങൾക്കേൽക്കേണ്ടിയിരുന്ന വിപത്തുകൾ തത്ഫലമായി തട്ടിമാറ്റപ്പെടും.’ ഇതുകേട്ട അനുചരർ ആവേശത്തോടെ പ്രതികരിച്ചു ” എങ്കിൽ ഞങ്ങൾ പ്രാർഥന വർധിപ്പിച്ചു കൊണ്ടിരിക്കും’ അതനുസരിച്ച് പ്രാർഥനയുടെ ഫലം അല്ലാഹുവും വർധിപ്പിക്കും’ എന്ന് തിരുനബി (സ)യും പ്രതികരിച്ചു. പ്രാർഥനകൾ വിഫലമാകില്ലെന്ന യാഥാർഥ്യമാണ് ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
പ്രതീക്ഷയുടെ ചരടറ്റു പോകാതെ നമ്മൾ വീണ്ടും വീണ്ടും പ്രാർഥിച്ചുകൊണ്ടിരിക്കണം. ഒരാൾ ഒരു കാര്യം ആവർത്തിച്ചാവശ്യപ്പെടുന്നത് നമുക്ക് അനിഷ്ടമായിരിക്കും. എന്നാൽ നിരന്തരം ചോദിക്കുന്നവരെയാണ് അല്ലാഹുവിനിഷ്ടം. ആവർത്തിക്കുന്നതിൽ പ്രയോജനങ്ങളേറെയുണ്ട്. വീണ്ടും വീണ്ടും ദൈവിക സ്മൃതിയിൽ ഏർപ്പെടാൻ സാധിക്കുക, ചോദിക്കുന്നതിൽ ആത്മാർഥത രൂപപ്പെടുത്തുക, പ്രാർഥന കൈകാര്യം ചെയ്യുന്ന മലക്കുകളുമായുള്ള ബന്ധം ദൃഢപ്പെടുത്തുക, ആത്മബലം കൈവരിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ അതിനുണ്ട്. മത്സ്യവയറ്റിൽ അകപ്പെട്ട യൂനുസ് നബി (അ) യുടെ പ്രാർഥന കേൾക്കേ അത് പരിചിതമായ ശബ്ദമാണല്ലോ എന്ന് മലക്കുകൾ പരസ്പരം പറഞ്ഞിരുന്നു. എന്നാൽ സമുദ്രത്തിൽ മുങ്ങിത്താഴുമ്പോൾ ഫിർഔൻ പ്രാർഥിച്ചതിനെ “നീഛം’ എന്ന് അവഗണിക്കുകയായിരുന്നു. സൽമാനുൽ ഫാരിസി (റ) യെ കൂടി കേട്ട് അവസാനിപ്പിക്കാം
“ക്ഷേമ കാലത്ത് പ്രാർഥിക്കാറുള്ള മനുഷ്യർ ക്ഷാമകാലത്ത് പ്രാർഥിക്കുമ്പോൾ മലക്കുകൾ അല്ലാഹുവിനോട് ശിപാർശ ചെയ്യും: ഇത് ഞങ്ങൾക്കറിയാവുന്ന ശബ്ദമാണ് റബ്ബേ എന്ന്. അവർ അയാൾക്കു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും. നല്ല സന്ദർഭത്തിൽ പ്രാർഥിക്കാത്തവൻ വിപത്തുകാലത്ത് പ്രാർഥിച്ചാൽ മലക്കുകൾ അപരിചിതത്വം കാരണം അത് അവഗണിക്കും’. കൂട്ടുകാരേ… നമുക്ക് പ്രാർഥനകളിൽ നിരതരാകാം. അല്ലാഹു ഉത്തരം തരുമെന്നേ.