Editorial
ജുഡീഷ്യറിയിലെ ബന്ധുനിയമനത്തിന് അറുതിയാകട്ടെ
രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ 80 ശതമാനവും സുപ്രീം കോടതിയില്‍ 75 ശതമാനവും ജുഡീഷ്യറിയില്‍ ഉന്നത പദവികള്‍ വഹിച്ചവരുടെ കുടുംബാംഗങ്ങളാണെന്ന് നീതിന്യായ രംഗത്തെ സുതാര്യതക്കായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ലോയേഴ്‌സ് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സ് ആന്‍ഡ് റിഫോംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
ജുഡീഷ്യറിയിലെ ബന്ധുനിയമനത്തിന് അറുതിയാകുന്നു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍, സിറ്റിംഗ് ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും അടുത്ത ബന്ധുക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പ്രവണത അസാനിപ്പിക്കുന്നത് സംബന്ധിച്ച സജീവ ചര്‍ച്ച നടന്നുവരികയാണ് ജുഡീഷ്യറിയില്‍. ബന്ധപ്പെട്ട കേന്ദ്രങ്ങളെ അവലംബിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ 80 ശതമാനവും സുപ്രീം കോടതിയില്‍ 75 ശതമാനവും ജുഡീഷ്യറിയില്‍ ഉന്നത പദവികള്‍ വഹിച്ചവരുടെ കുടുംബാംഗങ്ങളാണെന്ന് നീതിന്യായ രംഗത്തെ സുതാര്യതക്കായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ലോയേഴ്‌സ് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സ്പരന്‍സ് ആന്‍ഡ് റിഫോംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതി അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറ ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തതാണ്. എന്‍ ജെ എ സി കേസിനിടെ മറ്റൊരു അഭിഭാഷകനും ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. മുന്‍ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായിരുന്നു അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി യു ആര്‍ ലളിതിന്റെ മകനാണ് 2022 നവംബറില്‍ വിരമിച്ച ചീഫ് ജസ്റ്റിസ് യു യു ലളിത്. സുപ്രീം കോടതി മുന്‍ ജഡ്ജി കെ കെ മാത്യുവിന്റെ മകനാണ് 2023 ജൂണില്‍ വിരമിച്ച ജസ്റ്റിസ് കെ എം ജോസഫ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജെ ഡി ഗുപ്തയുടെ മകനാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ഇങ്ങനെ നീളുന്നു പട്ടിക.
സുപ്രീം കോടതി, ഹൈക്കോടതി ഒഴിവുകളിലേക്ക് നിയമനം നടത്തുന്ന വേളയില്‍ ബന്ധുനിയമനത്തിന് സമ്മര്‍ദം വരികയും കൊളീജിയം അതിന് വഴങ്ങുകയുമാണ് പതിവ്. ജുഡീഷ്യറിയില്‍ സ്വജനപക്ഷപാതിത്വമുണ്ടെന്ന പരാതിക്ക് ഇടയാക്കുന്നുണ്ട് ഇത്തരം നിയമനങ്ങള്‍. 2019ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് രംഗനാഥ് പാണ്ഡെ ഇതുസംബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതിക്കത്ത് അയക്കുകയുണ്ടായി. അടച്ചിട്ട മുറികളില്‍ നടക്കുന്ന ജഡ്ജിമാരുടെ നിയമന ചര്‍ച്ചകളില്‍ ലോബിയിംഗിന്റെയും പ്രീണനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും സുതാര്യമല്ലാത്ത ഈ നിയമന രീതി ദൗര്‍ഭാഗ്യകരമാണെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിഭാഷക ലോകവും ജുഡീഷ്യറിയിലെ ബന്ധുനിയമനത്തിനെതിരെ രംഗത്തു വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കൊളീജിയം മാറിച്ചിന്തിക്കുന്നത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, എ എസ് ഓഖ എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശിപാര്‍ശ ചെയ്യുന്ന നിലവിലെ കൊളീജിയം. ജഡ്ജി നിയമനത്തിനുള്ള ഹൈക്കോടതി കൊളീജിയങ്ങളുടെ ശിപാര്‍ശയില്‍ ഇപ്പോൾ തീരുമാനമെടുക്കുന്നത് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന മൂന്നംഗ കൊളീജിയമാണ്. സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ പരിഗണിച്ച് കേന്ദ്രസര്‍ക്കാറാണ് നിയമനം നടത്തുന്നത്.
സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജി തന്നെയാണ്, ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകരെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും ജഡ്ജിമാരാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന നിര്‍ദേശം ഇപ്പോള്‍ മുന്നോട്ട് വെച്ചത്. നിയമനങ്ങളിലെ ഈ പക്ഷപാതിത്വം കൊളീജിയത്തെക്കുറിച്ചുള്ള വിശ്വാസ്യതക്ക് ഭംഗം വരുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മറ്റു അംഗങ്ങള്‍ ഇതിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതടിസ്ഥാനത്തില്‍ ബന്ധുനിയമനങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യരുതെന്ന് ഹൈക്കോടതി കൊളീജിയങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തത്ത്വത്തില്‍ തീരുമാനമായതായി അറിയുന്നു. ഇതുവഴി ഒന്നാം തലമുറ അഭിഭാഷകര്‍ക്ക് ജഡ്ജിമാരാകാന്‍ കൂടുതല്‍ അവസരമൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് എം പിയുമായ അഭിഷേക് മനു സിംഗ്‌വി തുടങ്ങി നിയമരംഗത്തെ പ്രമുഖര്‍, ബന്ധുനിയമനം അവസാനിപ്പിക്കാനുള്ള ജുഡീഷ്യറിയുടെ നീക്കത്തെ അഭിനന്ദിച്ച് രംഗത്തു വന്നിട്ടുണ്ട്. ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളെയും സഹായികളെയും നിയമിക്കുന്ന പ്രവണത മറ്റുള്ളവരില്‍ നിരാശ ജനിപ്പിക്കുന്നതായും നിയമവ്യവസ്ഥക്ക് ചീത്തപ്പേരുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടിയ മനു സിംഗ്‌വി, ഇത്തരം നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു ദശാബ്ദം മുമ്പേ താന്‍ കത്തെഴുതിയിരുന്നുവെന്നും വ്യക്തമാക്കി.
ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകര്‍ അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രവണതയുമുണ്ട് പലയിടങ്ങളിലും. അതും അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തിലുള്‍പ്പെടെ മറ്റു മേഖലകളിലുമുണ്ട് ബന്ധുനിയമനം. എന്നാല്‍ രാഷ്ട്രീയ രംഗത്ത് ഇതിനെതിരെ ശബ്ദിക്കാനും പ്രശ്‌നവത്കരിക്കാനും പ്രതിപക്ഷം സദാ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ വന്‍വിവാദവും കോളിളക്കവും സൃഷ്ടിച്ചതാണ് ആദ്യ പിണറായി സര്‍ക്കാറില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ നടത്തിയ ബന്ധുനിയമനം. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് എം ഡിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷം നടത്തിയ കടുത്ത പ്രതിഷേധത്തിനൊടുവില്‍ മന്ത്രിപദത്തിലേറി 142ാം ദിവസം മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു ജയരാജന്. എന്നാല്‍ ജുഡീഷ്യറിയിലെ ബന്ധുനിയമനങ്ങള്‍ അത്ര വിവാദമാകാറില്ല. അഭിഭാഷക ലോകത്ത് നിന്ന് പ്രതിഷേധം ഉയരാറുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്.