Connect with us

ലോക അധ്യാപക ദിനം

ഓര്‍ക്കാം ആദ്യാക്ഷരം കുറിച്ചവരെ

ലോക അധ്യാപക ദിനത്തിലെ ഈ വര്‍ഷത്തെ തീം 'The teachers we need for the education we want: The global imperative to reverse the teacher shortage' എന്നതാണ്.

Published

|

Last Updated

ക്ടോബര്‍ അഞ്ച് ലോക അധ്യാപക ദിനമായി ആചരിക്കുന്നു. കഴിഞ്ഞ മാസം അതായത് സെപ്തംബര്‍ അഞ്ച് നമ്മള്‍ ദേശീയ അധ്യാപക ദിനമായി ആചരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകും. ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. 1962 മുതലാണ് ഇന്ത്യയില്‍ സെപ്തംബര്‍ അഞ്ച് ദേശീയ അധ്യാപക ദിനമായി ആചരിച്ചുവരുന്നത്.
എന്നാല്‍ ലോക തലത്തില്‍ യുനെസ്‌കോ ലോക അധ്യാപക ദിനമായി ആചരിക്കുന്നത് ഒക്ടോബര്‍ അഞ്ചിന് ആണ്. 1994 മുതലാണ് യുനെസ്‌കോ ഈ ദിവസം ലോക അധ്യാപക ദിനമായി ആചരിച്ചുവരുന്നത്.

ലോക അധ്യാപക ദിനത്തിലെ ഈ വര്‍ഷത്തെ തീം ‘The teachers we need for the education we want: The global imperative to reverse the teacher shortage’ എന്നതാണ്. ഓരോ മേഖലയിലും പ്രാവീണ്യമുള്ള അധ്യാപകരുടെ അപര്യാപ്തത ഇന്ന് ഒരു പ്രശ്നമായി നിലനില്‍ക്കുകയാണ്. അതിന് പരിഹാരം കാണാനുള്ള വഴികള്‍ ആരായുകയാണ് ഈ വര്‍ഷത്തെ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി യുനെസ്‌കോ.

കൂട്ടുകാരേ…….
നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ പ്രാപ്തിയുള്ളവരാണ് അധ്യാപകര്‍. നമ്മുടെ വഴികാട്ടിയും മാര്‍ഗദര്‍ശികളുമാണവര്‍. നമ്മുടെ അറിവന്വേഷണ യാത്രയില്‍ അവരാണ് നമുക്ക് വഴി കാണിക്കുന്നത്. അറിവിന്റെ പുതിയ ലോകങ്ങള്‍ അവര്‍ നമുക്ക് കാണിച്ചു തരുന്നു.
വിഷയാധിഷ്ഠിത അറിവുകള്‍ക്കൊപ്പം ബഹുമാനം, ദയ, ഉത്തരവാദിത്തബോധം തുടങ്ങിയ ജീവിതപാഠങ്ങളും അവര്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു. നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കുന്നു. സ്വപ്ന സാക്ഷാത്കാരത്തിന് നമ്മുടെ സഹായികളായി വര്‍ത്തിക്കുന്നവരാണ് അധ്യാപകര്‍. അവരിലൂടെയാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കുന്നത്.

അതുകൊണ്ട് ഇന്ന്, ലോക അധ്യാപക ദിനത്തില്‍ നമുക്കവരോട് നന്ദി പറയാം.
ഓര്‍ക്കുക, ഓരോ ദിവസവും പുതിയത് പഠിക്കാനുള്ള അവസരങ്ങളാണ്. എന്നും പുതിയ അറിവുകള്‍ നേടി വര്‍ഷം മുഴുവന്‍ നമുക്ക് അധ്യാപക ദിനം ആചരിക്കാം. ക്ലാസ്സ് റൂമുകളിലെ സൂപ്പര്‍ഹീറോകള്‍ക്ക് ലോക അധ്യാപക ദിനാശംസകള്‍.