Connect with us

Siraj Article

പുനരർപ്പിക്കാം ഈ ദിനം

ഇ എം എസിന്റെയും എ കെ ജിയുടെയും കെ കേളപ്പന്റെയും ഒക്കെ സ്മരണ നിറഞ്ഞുനിൽക്കുന്ന ഓരോ കേരളപ്പിറവിയും കേരളത്തെ പുതുക്കാനും കൂടുതൽ മെച്ചപ്പെടുത്താനും ഉള്ള ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന ഓർമപ്പെടുത്തലാണ്

Published

|

Last Updated

കേരളപ്പിറവി, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം സാധ്യമാക്കുകയും തിരു-കൊച്ചി-മലബാർ പ്രവശ്യകൾ സംയോജിപ്പിച്ച് ഐക്യകേരളം യാഥാർഥ്യമാക്കുകയും ചെയ്തപ്പോൾ അതിനു വേണ്ടി പൊരുതിയ ജനലക്ഷങ്ങളുടെ മനസ്സിൽ ഭാവികേരളത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. അതൊക്കെ യാഥാർഥ്യമാക്കാൻ പുനരർപ്പണം ചെയ്യേണ്ട ദിനമാണിത്.
ഇ എം എസിന്റെയും എ കെ ജിയുടെയും കെ കേളപ്പന്റെയും ഒക്കെ സ്മരണ നിറഞ്ഞുനിൽക്കുന്ന ഓരോ കേരളപ്പിറവിയും കേരളത്തെ പുതുക്കാനും കൂടുതൽ മെച്ചപ്പെടുത്താനും ഉള്ള ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന ഓർമപ്പെടുത്തലാണ്.

ഐക്യകേരള പിറവിക്കുശേഷം അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്ന വിധത്തിൽ സാമൂഹിക ബന്ധങ്ങളെ അഴിച്ചു പണിയുംവിധം അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയത്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആ സർക്കാർ ഭൂപരിഷ്‌കരണത്തിലൂടെയടക്കം കാർഷിക ബന്ധങ്ങൾ പൊളിച്ചെഴുതുന്ന വിവിധങ്ങളായ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസം സാർവത്രികമാക്കാൻ ആ സർക്കാർ നടത്തിയ ഇടപെടൽ വിദ്യയിലധിഷ്ഠിതമായ ഒരു ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

തുടർന്നുള്ള ഘട്ടങ്ങളിൽ കേരളത്തിൽ അധികാരത്തിൽ വന്ന പുരോഗമന സർക്കാറുകൾ കേരളത്തെ പുരോഗമന പാതയിൽ തന്നെ നിലനിർത്താനുള്ള ഇടപെടലുകളാണ് നടത്തിയത്. സാമൂഹിക സുരക്ഷ, സാക്ഷരത, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയ മേഖലകളിലെല്ലാം കേരളം എടുത്ത മുൻകൈകൾ അപ്രകാരമുള്ളവയായിരുന്നു. അവയുടെ തുടർച്ചയെന്നോണമാണ് വികസന-ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിലും കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ നടത്തിയത്.

2021 ൽ അധികാരത്തിൽ വീണ്ടുമെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകട്ടെ, കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പുതിയ ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു സഹായകമായ രണ്ട് സവിശേഷ മുൻകൈകൾ ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ഒന്നാമത്തേത്, വിദ്യാലയങ്ങൾ തുറന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ക്ലാസ്സ് മുറികളിലൂടെയുള്ള വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കുന്ന പ്രവർത്തനമാണ്. രണ്ടാമത്തേത്, കെ എ എസ് നടപ്പാക്കിക്കൊണ്ട് കേരളത്തിലെ പൊതുസേവന മേഖലയെ ആകെ നവീകരിക്കുന്ന പ്രവർത്തനമാണ്.

കൊവിഡ് മഹാമാരി പൂർണമായി ഒഴിഞ്ഞു എന്നു പറയാവുന്ന ഘട്ടത്തിലല്ല വിദ്യാലയങ്ങൾ പുനരാരംഭിക്കുന്നത്. എന്നാൽ ശതമാന കണക്കിൽ, ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പേർക്ക് രണ്ട് ഡോസ് വാക്‌സീനും നൽകിയ സംസ്ഥാനമെന്ന നിലയിലും കേന്ദ്ര ആയുഷ് മന്ത്രാലയം നിഷ്‌കർഷിക്കുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഡോസുകൾ കുട്ടികൾക്കു ലഭ്യമാക്കാൻ കൃത്യമായ സംവിധാനമുള്ള സംസ്ഥാനമെന്ന നിലയിലും നാം പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്.

വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ്സുകൾ വൃത്തിയാക്കാനും അണുനശീകരണം നടത്താനുമൊക്കെ ഒരു മാസം മുമ്പു മുതൽക്കേ കൃത്യമായ പദ്ധതി നാം ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ രീതിയിൽ വിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ച് നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം കൂടി ഉറപ്പുവരുത്തുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതാകട്ടെ, കുഞ്ഞുങ്ങളുടെയും നാടിന്റെയും ഭാവിയെ കരുതിയുള്ള ഇടപെടലാണ്.

60 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെ എ എസ് യാഥാർഥ്യമാവുന്നത്. ഇന്ന് കെ എ എസിന്റെ ആദ്യത്തെ ബാച്ചിനു നിയമന ശിപാർശ നൽകുകയാണ്. ഇതു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരഭിമാന നിമിഷമാണ്. പൊതുജനങ്ങൾക്ക് ആവശ്യമായി വരുന്ന സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാനും ആവർത്തന സ്വഭാവമുള്ള രേഖകൾ ഏകോപിപ്പിച്ച് ഒരൊറ്റ രേഖയാക്കാനുമുള്ള ഇടപെടൽ കൂടി സർക്കാർ കഴിഞ്ഞ മാസം നടത്തിയിരുന്നു. സർക്കാർ സർവീസുകളിലെ മാനവ വിഭവശേഷി ഉയർത്തിയും സർക്കാർ സേവനങ്ങളെ ജനസൗഹൃദപരമാക്കിയും ജനകേന്ദ്രീകൃത ഭരണനിർവഹണത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് നടത്തിയിട്ടുള്ളത്. വിദ്യാലയങ്ങൾ തുറന്നുകൊടുത്ത് നമ്മുടെ ഭാവി തലമുറയെ കരുതുകയും സർക്കാർ സംവിധാനങ്ങളെ മെച്ചപ്പെടുത്തി പൊതുജനങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടി അവിരാമം തുടർന്നുകൊണ്ടു പോവുകയാണ് ഈ സർക്കാർ.

കേരള മുഖ്യമന്ത്രി