Editors Pick
ജന്തുലോകത്തെ 'കളര്‍ഫുള്‍' മൃഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം...
പഞ്ചവര്‍ണ തത്തയും നമ്മുടെ ദേശീയ പക്ഷിയായ മയിലുമെല്ലാം നിറങ്ങളാല്‍ സമ്പന്നരാണ്.
ദേഹംമുഴുവന്‍ ‘കളറുംപൂശി’ നടക്കുന്ന ജീവജാലങ്ങള്‍ മൃഗലോകത്തുണ്ടെന്ന് നമുക്കറിയാം. പഞ്ചവര്‍ണ തത്തയും നമ്മുടെ ദേശീയ പക്ഷിയായ മയിലുമെല്ലാം നിറങ്ങളാല്‍ സമ്പന്നരാണ്. എന്നാല്‍ ഇവയേയും കടത്തിവെട്ടുന്ന നിറങ്ങളുള്ള മറ്റ് ചില ജീവജാലങ്ങളുണ്ട്. അവയില്‍ ചിലരെ പരിചയപ്പെടാം.
പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന മന്ദാരിന്‍ ഫിഷ് (Mandarinfish) ഏറ്റവും കൂടുതല്‍ നിറങ്ങളുള്ള ജീവികളില്‍ ഒന്നാണ്.അലങ്കാര മത്സ്യങ്ങളില്‍ പ്രശസ്തരായ ഡ്രാഗണറ്റ് കുടുംബത്തിലെ അംഗമാണ് ഇവ.
മന്ദാരിന്‍ ഫിഷിന്റെ ജന്മദേശം പസഫിക്കിലെ തെക്ക് റുക്യു ദ്വീപുകള്‍ മുതല്‍ ഓസ്ട്രേലിയ വരെയുള്ള പ്രദേശമാണ്. സാധാരണയായി ചൂടുള്ള ജലാശയങ്ങളിലാണ് ഇവയെ കാണുന്നത്. തവിട്ട്, ഓറഞ്ച്, പച്ച, നീല, ചുവപ്പ് തുടങ്ങി നിരവധി നിറങ്ങളാണ് ഇവയ്ക്കുള്ളത്. കളര്‍ഫുള്‍ വരകളും മറ്റും ഇവയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു.
നമ്മുടെ സ്വന്തം മയിലിനെ ഇക്കൂട്ടത്തില്‍ വിട്ടുകളയാന്‍ ആവില്ലല്ലോ. ഒട്ടേറെ നിറങ്ങളാല്‍ സമ്പന്നമാണ് മയില്‍. മയില്‍പ്പീലിയില്‍ എല്ലാ നിറങ്ങളുടെയും സാന്നിധ്യം കാണാം.
സ്‌കാര്‍ലറ്റ് മക്കാവ് ആണ് മറ്റൊരു കളര്‍ഫുള്‍ ജീവി. കടും ചുവപ്പ് മുതല്‍ മഞ്ഞ, നീല, ടര്‍ക്കോയ്‌സ് വരെ പല നിറങ്ങള്‍ ഇവയ്ക്കുണ്ട്. നീളമുള്ള തൂവലുകളിലും നിറച്ചും നിറങ്ങളുള്ള സ്‌കാര്‍ലറ്റ് മക്കാവ് ലോകത്തിലെ ഏറ്റവും വര്‍ണ്ണാഭമായ പക്ഷികളില്‍ ഒന്നാണ്.
മന്ദാരിന്‍ താറാവുകളും ജന്തുലോകത്തെ തിളങ്ങുന്ന ജീവികളാണ്. തിളങ്ങുന്ന ഓറഞ്ച്, പച്ച, നീല, വെള്ള തൂവലുകളാണ് ഇവയെ മനോഹരമാക്കുന്നത്.
തത്തകളിലെ മറ്റൊരു വിഭാഗമായ റെയിന്‍ബോ ലോറിക്കീറ്റും ചുവപ്പ്, ഓറഞ്ച്, മഞ്ഞ, നീല, പച്ച തൂവലുകളാല്‍ കളര്‍ഫുളാണ്.