Health
പച്ചത്തേങ്ങ കഴിച്ചു തുടങ്ങാം; ഇവയെല്ലാമാണ് ഗുണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ച തേങ്ങ സഹായിക്കും.
തേങ്ങയില്ലാതെ മലയാളിയില്ല. നിത്യജീവിതത്തില്‍ തേങ്ങയോ തേങ്ങയുടെ ഉല്‍പ്പന്നങ്ങളോ ഒരു ദിവസംപോലും ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. കറി, ഉപ്പേരി, പുട്ട്, പായസം തുടങ്ങീ നിരവധി വിഭവങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി തേങ്ങ ചേര്‍ക്കുന്നവരാണ് മിക്കവരും. വെളിച്ചെണ്ണയായും മറ്റും തേങ്ങയുടെ പല രൂപവും നാം ഉപയോഗിക്കുന്നു. പച്ച തേങ്ങ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. തേങ്ങ ചിരകുന്നതിനിടയില്‍ അല്‍പമെങ്കിലും വായിലിടാത്തവരായി ആരുണ്ട്? നല്ല രുചി മാത്രമല്ല പച്ച തേങ്ങയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെട്ടാലോ?
ദഹനത്തിന് ബെസ്റ്റ്
നാരുകളുടെ സമ്പന്ന ഉറവിടമാണ് പച്ച തേങ്ങ. ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍ ഗുണങ്ങളും പച്ച തേങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ദഹന നാളത്തിലെ ദോഷകരമായ ബാക്ടീരിയകള്‍, വൈറസ്, ഫംഗസ് എന്നിവയെ ചെറുക്കാന്‍ ഇത് ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം അകറ്റാനും പച്ച തേങ്ങ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
പ്രമേഹം നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ച തേങ്ങ സഹായിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്‍ഡ് ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. ടൈപ്പ് 2 പ്രമേഹമുള്ളവരും പച്ച തേങ്ങ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന് മാത്രം.
ശരീരഭാരം നിയന്ത്രിക്കും
പച്ച തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. എന്നാല്‍ പച്ച തേങ്ങയില്‍ കൊഴുപ്പും കലോറിയും കൂടുതലായതിനാല്‍ കുറഞ്ഞ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ വിപരീത ഫലമുണ്ടാക്കും.
രോഗത്തെ തുരത്താം
പച്ച തേങ്ങയിലെ ആന്റി ഓക്സിഡന്റ്്, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ രോഗാണുക്കളെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഉപകാരിയാണ്.
എല്ലിന് ബലം
കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ചെറിയ അളവില്‍ തേങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായുള്ള ഇതിന്റെ ഉപയോഗം എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കും. കൂടാതെ തേങ്ങയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ എല്ലിനെ ശക്തിപ്പെടുത്താനും സാന്ദ്രത നിലനിര്‍ത്താനും സഹായിക്കും. ഇതൊക്കെയും മിതമായ അളവില്‍ കഴിക്കുമ്പോഴാണ്. നിത്യം കഴിച്ചാല്‍ പലതും വിപരീത ഫലം ഉണ്ടാക്കുമെന്നും ഓര്‍ക്കുക.