Connect with us

From the print

ജയിച്ചുതുടങ്ങാം

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ- ന്യൂസിലാൻഡ് മത്സരം വൈകിട്ട് 7.30ന്.

Published

|

Last Updated

ദുബൈ | വനിതാ ടി20 ലോകകപ്പില്‍ വിജയത്തോടെ അരങ്ങേറാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. ആസ്ത്രേലിയ, പാകിസ്താന്‍, ശ്രീലങ്ക എന്നീ മികവുറ്റ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആധിപത്യം നേടാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

അവസാന അഞ്ച് കളികളില്‍ നാലിലും വിജയിച്ച ഇന്ത്യ മികച്ച ഫോമിലാണ്. വെസ്റ്റിന്‍ഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരായ സന്നാഹ മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വസത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വുമണ്‍ ഇന്‍ ബ്ലൂ കളത്തിലിറങ്ങുക. മലയാളികളടക്കമുള്ള കാണിക്കൂട്ടത്തിന്റെ വലിയ പിന്തുണയും സ്റ്റേഡിയത്തില്‍ ഇന്ത്യക്കുണ്ടാകും.

ശക്തരാണെങ്കിലും ഇന്ത്യക്ക് ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2020ല്‍ ഫൈനലിലെത്തിയെങ്കിലും ആസ്ത്രേലിയയോട് പരാജയപ്പെട്ടു. നിര്‍ണായക ഘട്ടങ്ങളില്‍ മാനസികമായി തളരുന്നതാണ് പല കിരീടങ്ങളും ഇന്ത്യക്ക് നഷ്ടമാക്കിയത്. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ കൗണ്‍സിലിംഗ് സെഷനുകളില്‍ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ടീം നടത്തിയിട്ടുണ്ട്.

പരിചയസമ്പന്നരായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും നയിക്കുന്ന ബാറ്റിംഗ് നിരയും രേണുക സിംഗ് ഠാക്കൂര്‍, പൂജാ വസ്ത്രാകര്‍, പൂനം യാദവ്, ദീപ്്തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ് എന്നിരടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്. അവസാന അഞ്ച് ടി20 ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട് മന്ഥാന. മലയാളി താരങ്ങളായ ആള്‍റൗണ്ടര്‍ സജന സജീവനും സ്പിന്നര്‍ ആശ ശോഭനയും ടീമിലുണ്ട്.

അവസാന അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ന്യൂസിലാന്‍ഡിന് ആ ക്ഷീണം മാറ്റാന്‍ ഇന്ത്യക്കെതിരെ ജയിക്കേണ്ടതുണ്ട്. രണ്ട് തവണ റണ്ണേഴ്സപ്പായ ടീമാണ് ന്യൂസിലാന്‍ഡ്. സോഫി ഡെവിന്‍ നയിക്കുന്ന ടീമില്‍ അമേലിയ കെര്‍, സൂസി ബേറ്റ്സ്, മാഡി ഗ്രീന്‍ തുടങ്ങിയവരും അണിനിരക്കുന്നു.

തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന ദുബൈയിലെ പിച്ച് കളി പുരോഗമിക്കുമ്പോള്‍ ബാറ്റിംഗിന് അനുകൂലമായി മാറാനാണ് സാധ്യത. അതിനാല്‍, ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. പരസ്പരം 13 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലാന്‍ഡ് ഒമ്പതും ഇന്ത്യ നാലും വിജയങ്ങള്‍ നേടി. ഇന്ന് ഉച്ചക്ക് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ നേരിടും.