Connect with us

Meelad

പുഞ്ചിരി നിറഞ്ഞ അഭിവാദനത്താൽ തുടങ്ങാം

ഒരാൾ നിങ്ങളെ അഭിവാദനം ചെയ്താൽ അതിനേക്കാൾ ഭംഗിയായി പ്രത്യാഭിവാദനം ചെയ്യണമെന്നാണ് ഖുർആനിക പാഠം.

Published

|

Last Updated

തിരുനബി (സ) സർവ നന്മകളും സമ്മേളിച്ച മഹാ വ്യക്തിത്വത്തിനുടമയായിരുന്നു. മനുഷ്യജീവിതത്തിലാകമാനം അനുവർത്തിക്കേണ്ട സർവ നന്മകളും അവിടുത്തെ ജീവിതത്തിൽ നമുക്ക് വായിച്ചെടുക്കാനാകും. മനുഷ്യർ പരസ്പരം പാലിക്കേണ്ട മര്യാദകളും സത്‌വ്യക്തിത്വം ആർജിച്ചെടുക്കാനുള്ള വഴികളും അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്.

പക്വമായ സാമൂഹ്യ ഇടപെടലുകളുടെ കൂട്ടത്തിൽ പ്രാഥമികവും പ്രധാനവുമായി പരിഗണിക്കേണ്ട പുഞ്ചിരിയെ കുറിച്ചും അഭിവാദനത്തെക്കുറിച്ചും മറ്റാരേക്കാളും ഗൗരവപൂർവം പഠിപ്പിച്ചത് തിരുനബി (സ) യായിരുന്നു. നബി (സ) യുടെ പ്രശസ്തമായ ഹിജ്‌റ മദീനയിൽ പര്യവസാനിക്കുമ്പോൾ അന്ന് യഹൂദിയായിരുന്ന അബ്ദുല്ലാഹിബിനു സലാം (റ) നബി (സ) യെ സന്ദർശിക്കാൻ ചെന്ന സന്ദർഭത്തിലുള്ള ആദ്യാനുഭവം പങ്കുവെക്കുന്നത് നോക്കൂ: “ഞാൻ ആദ്യമായി തിരുനബി (സ) യിൽ നിന്ന് കേട്ടത് ഇതായിരുന്നു: നിങ്ങൾ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നൽകുക, കുടംബബന്ധം ചേർക്കുക, ജനങ്ങൾ ഉറങ്ങുമ്പോൾ (രാത്രിയിൽ എഴുന്നേറ്റ്) നിസ്‌കരിക്കുക. സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം.’ (തിർമിദി)

സലാം വിശ്വാസികളുടെ അഭിവാദനത്തിന്റെ മഹത്തായ വചനമാണ്. വിശ്വാസികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ പരസ്പരം പങ്കുവെക്കേണ്ട സമാധാനത്തിന്റെ സന്ദേശമാണത്. “അസ്സലാമു അലൈക്കും’. “അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്ക് ലഭിക്കട്ടെ’ എന്ന് സാരം. സമാധാനത്തിന്റെ ആശിർവാദമാണത്. വണ്ണമായ പ്രതിഫലമാണ് ഇത് പതിവാക്കുന്നവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. എല്ലാവർക്കും നന്മ ഭവിക്കണമെന്ന് ആഗ്രഹിക്കുന്ന വിശാലമനസ്‌കർക്ക് മാത്രമേ ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കാനാകൂ. സമൂഹമായി ഇടപഴകി മാത്രം ജീവിച്ചു പരിചയമുള്ള മനുഷ്യൻ എപ്പോഴും അപരുടെ സ്‌നേഹത്തെയും സൗഹൃദത്തെയും സ്‌നേഹ സംഭാഷണങ്ങളെയും ആഗ്രഹിക്കുന്നുണ്ട്.

പുഞ്ചിരിയും അപ്രകാരം തന്നെ അപരനിൽ നിന്ന് മനുഷ്യൻ ആത്മാർഥമായി ആഗ്രഹിക്കുന്ന വികാരമാണ്. പുഞ്ചിരി സ്വദഖ (ദാനം) യാണെന്നാണ് പ്രവാചകാധ്യാപനം. കുടുംബ പ്രശ്‌നങ്ങളാൽ തകർന്നു പോയവരെയും ജീവിത സാഹചര്യം കാരണമായി മാനസിക തളർച്ച അനുഭവിക്കുന്നവരെയും രോഗികളെയുമൊക്കെ നമുക്ക് ഓരോ ദിനവും പല ഘട്ടങ്ങളിലായി സംബോധന ചെയ്യേണ്ടി വരും. ആ സമയങ്ങളിൽ പുഞ്ചിരിയോടെ അഭിവാദനം ചെയ്ത് അവരോട് സംസാരിക്കാൻ നമുക്ക് സാധിക്കണം. അവർ അനുഭവിക്കുന്ന മാനസിക സമ്മർദത്തിന്റെ പകുതിയും കെടുത്തിക്കളയാൻ നമ്മുടെ പുഞ്ചിരിക്ക് സാധിക്കും. അത്രമാത്രം സ്വാധീനശേഷിയുണ്ടതിന്.

അഭിവാദനത്തിന് പ്രത്യാഭിവാദനം ചെയ്യൽ നിർബന്ധമായ കാര്യമാണ്. ഒരാൾ നിങ്ങളെ അഭിവാദനം ചെയ്താൽ അതിനേക്കാൾ ഭംഗിയായി പ്രത്യാഭിവാദനം ചെയ്യണമെന്നാണ് ഖുർആനിക പാഠം. പുഞ്ചിരിക്കാതെയും അഭിവാദനവും പ്രത്യാഭിവാദനവും ചെയ്യാതെയും ജീവിക്കലാണ് മനുഷ്യപ്രകൃതിക്ക് വിരുദ്ധമായത്. വരണ്ട മനസ്സുള്ളവർക്കും സ്‌നേഹത്തിൽ പിശുക്ക് കാണിക്കുന്നവർക്കും മാത്രമേ മനുഷ്യന്റെ ജൈവികതക്കെതിരിൽ ജീവിക്കാനാകൂ.