Ongoing News
ഇനി ഇൻസ്റ്റഗ്രാമിൽ നിന്ന് റെസ്റ്റെടുക്കാം...
ക്വയ്റ്റ് മോഡ് (Quiet Mode) എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ഉപഭോക്താക്കള്‍ക്ക് വിശ്രമമെടുക്കാം.
ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ നേരം ചെലവിടുന്ന ആളുകളാണോ നിങ്ങള്‍? ഇടവേളയെടുക്കാം എന്ന ചിന്ത നിങ്ങളുടെ മനസ്സിലുണ്ടോ? എന്നാല്‍ ഈ പുതിയ അപ്‌ഡേഷന്‍ നിങ്ങളെ സഹായിക്കും. ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച പുതിയൊരു മോഡാണ് ഇതിന് വഴിയൊരുക്കുന്നത്. ക്വയ്റ്റ് മോഡ് (Quiet Mode) എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ഉപഭോക്താക്കള്‍ക്ക് വിശ്രമമെടുക്കാം.
ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാല്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നോട്ടിഫിക്കേഷനുകള്‍ ഒന്നും ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കും. ഇത് ആക്ടിവേറ്റ് ആക്കാൻ ഇന്‍സ്റ്റഗ്രാമിലെ സെറ്റിങ്‌സില്‍ പോയി നോട്ടിഫിക്കേഷന്‍സ് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ക്വയ്റ്റ് മോഡ് ഓണാക്കിയാൽ മതി.
ഇന്‍സ്റ്റാഗ്രാമില്‍ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാനുള്ള ഓപ്ഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഹോം പേജില്‍ നിന്നും ഉപഭോക്താവിന് താല്പര്യമില്ലാത്ത ഉള്ളടക്കങ്ങള്‍ തെരഞ്ഞെടുത്ത് നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്താല്‍ അത്തരം ഉള്ളടക്കങ്ങൾ പിന്നീട് നിങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കില്ല. കൂടാതെ ചില വാക്കുകള്‍ ഉള്‍പ്പെടുന്ന മെസെജുകള്‍ ബ്ലോക്ക് ചെയ്യാനും ഇന്‍സ്റ്റാഗ്രാമില്‍ സൗകര്യം ഏര്‍പ്പെടുത്തി. വാക്കുകള്‍, ഇമോജികള്‍, ഹാഷ്ടാഗുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പോസ്റ്റുകള്‍ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതിനായി പ്രൈവസി സെറ്റിങ്സില്‍ ഹിഡന്‍ വേഡ്സ് എന്ന പേരില്‍ ഒരു സെക്ഷന്‍ ഉണ്ട്.
ഇപ്പോള്‍ യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ മോഡ് ലഭ്യമായിട്ടുളളത്. മറ്റ് രാജ്യങ്ങളില്‍ ഉടൻ തന്നെ ഈ അപ്‌ഡേഷന്‍ ലഭ്യമാകും.