feature
പാഠം ഒന്ന് പാടത്തിറങ്ങാം
പഠനത്തോടൊപ്പം പാടത്തിറങ്ങി കൃഷി ചെയ്യുക എന്നത് ഹരമായി മാറിയിട്ടുണ്ട് ഈ വിദ്യാർഥികൾക്ക്. പത്ത് വർഷമായി ഇവരുടെ അധ്വാനം മുന്തിയ ഇനം അരിയായും അവിലായും മുടങ്ങാതെ വിപണിയിലെത്തുന്നു. അതും ഭംഗിയുള്ള ലേബലുകളിൽ.വിദ്യാർഥികളിൽ മണ്ണിനോടും കൃഷിയോടും ആഭിമുഖ്യം ഉണ്ടാക്കുകയും അതുവഴി പ്രക്യതി സ്നേഹവും സാമൂഹിക കടപ്പാടും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ 2015 ൽ തുടക്കം കുറിച്ചതാണീ പദ്ധതി.
മണ്ണിൽ പൊന്നുവിളയിക്കുകയാണ് ഈ മക്കൾ. മലപ്പുറം ജില്ലയിലെ വാളക്കുളം കെ എച്ച് എം സ്കൂൾ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാടത്തിറങ്ങി കൃഷി ചെയ്യുക എന്നത് ഹരമായി മാറിയിട്ടുണ്ട്. പത്ത് വർഷമായി ഇവരുടെ അധ്വാനം മുന്തിയ ഇനം അരിയായും അവിലായും മുടങ്ങാതെ വിപണിയിലെത്തുന്നു. അതും ഭംഗിയുള്ള ലേബലുകളിൽ.
വിദ്യാർഥികളിൽ മണ്ണിനോടും കൃഷിയോടും ആഭിമുഖ്യം ഉണ്ടാക്കുകയും അതുവഴി പ്രകൃതി സ്നേഹവും സാമൂഹിക കടപ്പാടും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ 2015 ൽ തുടക്കം കുറിച്ചതാണീ പദ്ധതി. സ്കൂളിലെ ദേശീയ ഹരിതസേന ആൻഡ് ഫോറസ്റ്ററി ക്ലബിന്റെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. വാളക്കുളം പാടത്തെ മൂന്ന് ഏക്കറിലധികം വരുന്ന വയൽ സ്വകാര്യ വ്യക്തികളിൽ നിന്നും പാട്ടത്തിനെടുത്താണ് ഈ മക്കൾ കൃഷി ചെയ്യുന്നത്. നിലം ഉഴുത് നന്നാക്കാനും മറ്റും പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയുടെ സഹായം ലഭിക്കുന്നു.
2015ൽ അന്നത്തെ കൃഷിമന്ത്രി കെ പി മോഹനനാണ് കൃഷിയുടെ ആദ്യ കൊയ്ത്ത് ഉദ്ഘാടനം ചെയ്തത് “കതിർമണി’ എന്ന പേരിൽ പുറത്തിറങ്ങിയ അരി, അവിൽ എന്നിവയുടെ വിപണനം ഉദ്ഘാടനം ചെയ്തത് പിന്നീട് വന്ന സർക്കാറിലെ കൃഷിമന്ത്രി വി എസ് സുനിൽ കുമാറുമാണ്. നിയമസഭാ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ, ജില്ലാ കലക്ടർ ഇബ്റാഹീം മാലിക്, എം എൽ എ മാരായ പി ഉബൈദുല്ല, കെ പി എ മജീദ്, മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുർറബ്ബ് തുടങ്ങിയവർ ഈ സംരംഭം നേരിൽ കണ്ട് അഭിനന്ദിച്ചിട്ടുണ്ട്.
ഇതിനകം മന്ത്രിമാർ, എം എൽ എ മാർ ജില്ലാ കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കം പ്രമുഖരായ നിരവധിയാളുകളുടെ തീൻമേശയിൽ തങ്ങളുടെ ഉത്പന്നം എത്തിക്കാനായതിൽ ഈ മക്കൾക്ക് ഏറെ ചാരിതാർഥ്യമുണ്ട്. ഉമ, ജ്യോതി, മുണ്ടകം തുടങ്ങിയ നെല്ലുകളാണ് കുട്ടികൾ കൃഷി ചെയ്തിരുന്നത്. പൊൻമണി എന്ന വിത്താണ് ഇപ്പോൾ ഇറക്കാറുള്ളത്. നെല്ല് കൊയ്ത് കുത്തി പാക്ക് ചെയ്ത് ഇതിന്റെ വിപണനത്തിനായി വിദ്യാർഥികൾ തന്നെയാണ് മാർഗവും കണ്ടെത്തുന്നത്. ഞാറ് നടുന്നത് ഞായറാഴ്ചകളിലാണ്. കൊയ്തെടുത്ത് കുത്തിയ ശേഷം പാക്കിംഗും മറ്റും നടത്താൻ മധ്യവേനലവധി ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലെത്തുന്നു.
നാട്ടുചന്ത എന്ന പേരിൽ സ്കൂളിൽ ഇടക്ക് മേളകൾ നടത്തി ഇതിന്റെ വിപണനവും നടത്തുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുറമെ നാട്ടുകാരും ഇത് വാങ്ങാറുണ്ട്.
നാട്ടുചന്തയിൽ കുട്ടികൾ വീടുകളിൽ ഉണ്ടാക്കുന്ന മറ്റു വിളകളും എത്തിക്കാറുണ്ട്. കൂടാതെ സ്കൂളിൽ നടക്കാറുള്ള കലാ കായിക മേളകളിലും മറ്റും കുട്ടികൾക്ക് ഭക്ഷണത്തിൽ ഈ അരിയുടെ ഒരു പങ്ക് നൽകാറുണ്ട്.
സ്കൂളിലെ സൺഡേ ഫാമിംഗ് പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ വയലിലിറങ്ങുന്നത്. സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 വർഷമായി വാളക്കുളം പാടശേഖരത്തിലാണ് മുടങ്ങാതെ കൃഷി ചെയ്തുവരുന്നത്. ക്ലബിലെ ആകെയുള്ള 250 കുട്ടികൾ ഗ്രൂപ്പുകളായി തിരിയുന്നു. മന്ദാരം, ചെമ്പകം, പാരിജാതം, സൂര്യകാന്തി, സൗഗന്ധികം എന്നീ പേരുകളിൽ അഞ്ച് ഗ്രൂപ്പുകളാക്കി മത്സരമായിട്ടാണ് പ്രവൃത്തി ചെയ്യുന്നത്. മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനങ്ങളും നൽകുന്നു.
ഉത്പാദിപ്പിക്കപ്പെടുന്ന നെല്ല് “കതിർമണി’ എന്ന ബ്രാൻഡ് നാമത്തിൽ അരിയായും അവിലായും പുറത്തിറക്കുന്നു. പൊന്മണി ഇനത്തിൽപ്പെട്ട നെല്ലാണ് ഈ വർഷം വിതച്ചത്. ഞാറ് നട്ട് 180 ദിവസം കൊണ്ടാണ് ഈ കൃഷി കൊയ്യുക. രാസവളങ്ങൾ ഒട്ടും ചേർക്കാതെയാണ് ഈ നെൽകൃഷി നടത്തുന്നത്. അതുകൊണ്ട് തന്നെ വിളവെടുക്കുന്ന നെല്ല് പാക്ക് ചെയ്താൽ കൂടുതൽ കാലം സൂക്ഷിക്കാൻ പറ്റില്ല. കേടുവരും. ഉടൻ ചെലവഴിക്കുകയാണ് ചെയ്യുക.
പ്രളയത്തിന് ശേഷം ഇറക്കിയ കൃഷിക്ക് നല്ല വിളവെടുപ്പ് ആയിരുന്നു എന്ന് കുട്ടികൾ പറഞ്ഞു. പ്രളയത്തിൽ പല ഭാഗങ്ങളിലേയും ഉയർന്നു നിൽക്കുന്ന പറമ്പുകളിലെ ഫലപുഷ്ടിയുള്ള നല്ല മണ്ണ് ഒഴുകി തങ്ങൾ കൃഷി ചെയ്യുന്ന കൃഷിയിടത്തിലെത്തിയതാണ് വിളവ് കൂടാൻ കാരണമായതെന്നാണ് പഴമക്കാരായ കർഷകർ കണ്ടെത്തിയത്. ഇത് പുതിയ ഒരു അറിവായിരുന്നു എന്ന് അധ്യാപകരും വിദ്യാർഥികളും പങ്ക് വെക്കുന്നു. സർക്കാർ നിർദേശം വരുന്നതിനു മുമ്പേ ഈ സ്കൂൾ ക്യാമ്പസിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. നിരവധി പുരസ്കാരങ്ങൾ സ്കൂളിലെ ഹരിത ക്ലബിന് ലഭിച്ചിട്ടുണ്ട്.
2010ൽ വീഗാലാൻഡ് സ്റ്റേറ്റ് പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡ്, 2017 ൽ സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം, 2018ൽ വനമിത്ര സ്റ്റേറ്റ് പുരസ്കാരം, 2018 ലെ തന്നെ വണ്ടർലാ സംസ്ഥാനതല പരിസ്ഥിതി ഊർജ സംരക്ഷണ പുരസ്കാരം, 2019 ൽ കേരള സ്കൂൾ അഗ്രി ഫെസ്റ്റ് ( സംസ്ഥാന സ്കൂൾ കാർഷിക മേള ) സംസ്ഥാന ജേതാക്കൾ, 2019 ൽ പി എം ഫൗണ്ടേഷൻ സംസ്ഥാനതല പരിസ്ഥിതി സംരക്ഷണ പുരസ്കാരം , 2023-24 വർഷം ജില്ലയിലെ മികച്ച പരിസ്ഥിതി വിദ്യാലയത്തിനുള്ള ഗ്രീൻ സ്കൂൾ അവാർഡ്, കെ എസ് ഇ ബി ലാഭപ്രഭ സംസ്ഥാന ജേതാക്കൾ തുടങ്ങിയ അന്പതോളം പുരസ്കാരങ്ങൾ ഈ കുട്ടികളെ തേടി എത്തിയിട്ടുണ്ട്. വർഷങ്ങളായി തെന്നല ഗ്രാമ പഞ്ചായത്തിലെ കുട്ടിക്കർഷകനുള്ള അവാർഡ് നേടാറുള്ളത് സ്ഥിരമായി ഇവിടത്തെ കുട്ടികളാണ്.
ഈ വർഷം മുതൽ ചെന്നെല്ല് എന്ന ഔഷധ നെല്ലും ഈ കുട്ടികൾ കൃഷി ചെയ്തിട്ടുണ്ട്. ഏറെ പോഷക ഗുണങ്ങളുള്ളതാണ് ഈ നെല്ല്. ഇതിന്റെ പോഷക ഗുണത്തെക്കുറിച്ച് കുട്ടികൾ ഇതോടൊപ്പം പഠനം നടത്തുമുണ്ട്.ഇതുകൊണ്ട് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുകയില്ലെന്നിരിക്കെയാണ് കുട്ടികൾ ഇതിൽ സജീവമാകുന്നത്. കുട്ടികൾക്ക് വീടുകളിൽ വിവിധ തരം കൃഷി ചെയ്യാനുള്ള പ്രചോദനവും ഇതുമൂലം ലഭിക്കുന്നു. പല കുട്ടികളും രക്ഷിതാക്കളേയും പങ്കാളിയാക്കി പല കൃഷികളും ചെയ്തു വരുന്നു. ഇവിടെ നിന്ന് പഠനം കഴിഞ്ഞ് പോയ മിക്ക വിദ്യാർഥികളും ഉപരി പഠനത്തിൽ എൻ എസ് എസ്, എൻ സി സി സേവനങ്ങൾക്ക് ഇത് വളരെ പ്രയോജനമായതായി അനുസ്മരിക്കുന്നു. പല കുട്ടികളും തിരക്കിനിടയിലും കൃഷിമേഖലയുമായി ഇടപഴകാൻ സമയം കണ്ടെത്തുന്നുണ്ട്. അധ്യാപകരായ കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ഇ കെ ആതിഫ് , ഓഫീസ് ജീവനക്കാരായ ടി മുഹമ്മദ്, ഇ കെ ആബിദ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനെല്ലാം പുറമെ മറ്റു നിരവധി കർമ പരിപാടികളും ഇവിടെ നടക്കുന്നു.
ജൂൺ അഞ്ചിന് വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷം, നാട്ടു ചന്തകൾ, ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമ യാത്ര, മൺസൂൺ ട്രക്കിംഗ്, മഴ ക്യാമ്പുകൾ, മഴക്കാല ശുചീകരണ ബോധവത്കരണ യജ്ഞം, നവാഗത വിദ്യാർഥികൾക്ക് പരിസ്ഥിതി ബോധം പകർന്നു നൽകാൻ പരിസ്ഥിതി പഠന ശിബിരം, സ്കൂൾ കോമ്പൗണ്ടിൽ പച്ചിലക്കൂടാരങ്ങൾ, ഗ്രീൻ ഗ്യാലറി , മഴവെള്ള കൊയ്ത്ത്, ചെളിയിലാണ് ചോറ്, കിണർ റീചാർജ് , എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികൾക്ക് ഗ്രീൻ അസംബ്ലി, വേനൽക്കാലത്തോടനുബന്ധിച്ച് ജല സാക്ഷരതാ യജ്ഞം, പറവകൾക്കും മറ്റു മിണ്ടാപ്രാണികൾക്കും ദാഹജലം നൽകാൻ “കുഞ്ഞിക്കിളിക്കൊരു തണ്ണീർക്കുടം’, ഏറുമാടം, മണ്ണ് ദിനത്തിൽ ചെരുപ്പിടാതെ മണ്ണിലൂടെ വിദ്യാർഥികൾ നടത്തുന്ന വാക്കത്തോൺ, വൈകുന്നേരങ്ങളിൽ ഭൂമിക്കായ് ഒരു മണിക്കൂർ, ഉപയോഗിച്ചു തീർന്ന പേനകൾ റീസൈക്കിൾ ചെയ്യുന്ന പെൻഡ്രൈവ്, ഡിസംബറിൽ നടത്തുന്ന ഗ്രീൻ ഹോളിഡേയ്സ്, ചരിത്ര പൈതൃക പരിസ്ഥിതി പഠനയാത്ര, ക്യാമ്പസ് ഒരു പാഠപുസ്തകം തുടങ്ങിയ വൈവിധ്യങ്ങളായ പഠന – പഠനേതര പ്രവർത്തനങ്ങളാൽ ഇവർ കർമനിരതരാണ്. കൂടാതെ ഫ്ലക്സിന് പകരം തുണി ബാനർ , പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ തുണിസഞ്ചി വിതരണം തുടങ്ങിയവ വർഷങ്ങളായി നടന്നുവരുന്നു. ഇതെല്ലാം നടക്കുമ്പോഴും പഠനകാര്യത്തിൽ ഇവിടുത്തെ കുട്ടികൾ ഏറെ മുൻപന്തിയിലാണെന്നത് എടുത്തു പറയേണ്ടതാണ്.