Kerala
റമസാന്റെ ആത്മാവിൽ തൊടാം

റമസാൻ വസന്തകാലമെന്ന് പറയാറില്ലേ? ശരിക്കും വസന്തം തന്നെ! വാക്കിൽ മാത്രമല്ല, അക്ഷരത്തിലും അർഥത്തിലും വസന്തോത്സവം തന്നെയാണെന്ന് അടുത്തറിഞ്ഞാൽ ആരും പറഞ്ഞുപോകും. ജീവിതത്തിൽ എത്ര റമസാൻ കഴിഞ്ഞു പോയി? മധുരിക്കുന്ന റമസാൻ ഓർമകളിൽ ആത്മസംതൃപ്തിയടഞ്ഞ കാലം എത്രയുണ്ടായി? നല്ല ഒരാലോചനയോടെ ഈ കാലത്തെ വരവേറ്റാലോ? നഷ്ടമാവില്ല, ഉറപ്പ്.
റമസാനിന്റെ ആത്മാവിൽ തൊടാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം, എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ. റമസാനിന്റെ സ്വീകരണവും യാത്രയയപ്പും എത്ര ഊഷ്മളമാക്കാൻ കഴിഞ്ഞു. ഇഷ്ടപ്പെട്ട അതിഥിയെ നമ്മൾ സ്വീകരിച്ച് യാത്രയാക്കുന്ന ഒരനുഭൂതി നിങ്ങൾക്കുണ്ടായിട്ടുണ്ടോ? റമസാൻ പിറ കാണുന്ന നിമിഷവും ആദ്യരാവും പകലും ജാഗ്രതയോടെയിരിക്കണം. ആ രാവിനും പകലിനും ഏറെ പ്രാധാന്യമുണ്ടല്ലോ? ഈ പ്രധാന സമയത്തെക്കുറിച്ച് അശ്രദ്ധയിലായി ആദ്യ രാപകൽ തന്നെ ശൂന്യമായാൽ പിന്നെ എങ്ങനെ റമസാൻ നമ്മുടേതാവും. എന്റെ റമസാൻ എന്ന് പറയാൻ പറ്റുന്ന രൂപത്തിൽ റമസാനുമായി ഇടപഴകാൻ സാധിച്ചവർക്കേ ആത്മാവിലേക്ക് ഇറങ്ങാൻ കഴിയൂ.
സ്വന്തക്കാരോട് പെരുമാറുന്നത് പോലെത്തന്നെ റമസാനോട് നമുക്ക് പെരുമാറാനാവണം. അങ്ങനെ വന്നാൽ ഒരു സാധാരണ അതിഥിയോടു പോലും നമ്മൾ കാണിക്കാത്ത സമീപനം വിശിഷ്ടാതിഥിയോട് ഒരിക്കലും ചെയ്യില്ലല്ലോ. വിശിഷ്ടാതിഥിയുടെ താമസം, ഭക്ഷണം, ഗൈഡ്, ടൈം ഷെഡ്യൂൾ എല്ലാം എത്ര കൃത്യമായിരിക്കും. റമസാനെ ഒരു വിശിഷ്ട അതിഥിയോട് താരതമ്യം ചെയ്ത് നിങ്ങൾ ഒന്നു പരിശോധിക്കൂ. മറ്റൊരു കാര്യം കൂടി പ്രധാനമാണ്. എന്താണ് റമസാനിലൂടെ നേടേണ്ടത് എന്ന ലക്ഷ്യം ക്യത്യമായി ബോധ്യപ്പെടുമ്പോൾ മാത്രമേ നമ്മുടെ 720 മണിക്കൂർ സമയത്തിനുള്ളിൽ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമോ എന്നും, ലക്ഷ്യത്തിലേക്കുള്ള വഴിയിൽ നമ്മൾ എത്ര സഞ്ചരിച്ചുവെന്നും വീണ്ടെടുക്കാൻ വല്ലതുമുണ്ടെങ്കിൽ ജാഗ്രതപ്പെടാനും അവസരം ലഭിക്കൂ.
വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം വചനം 183 ഒന്ന് ശ്രദ്ധിക്കൂ. നോമ്പിനെക്കുറിച്ച് വിശ്വാസികളെ ബോധ്യപ്പെടുത്തുന്ന വചനം അവസാനിക്കുന്ന ഭാഗം ശരിക്കും മനസ്സിലാക്കണം. “നിങ്ങൾ മുത്തഖീങ്ങളായേ പറ്റൂ ‘ എന്നാണവിടെ പറയുന്നത്. “മുത്തഖീ’എന്നാൽ എല്ലാ നൻമകളും മേളിക്കുകയും തിൻമകളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന, ചെയ്യാൻ ശ്രമിക്കുന്ന മനുഷ്യൻ എന്നാണ്. അപ്പോൾ നോമ്പ് കേവലം ഒരു മാസത്തെ പട്ടിണിയുടെ പേരല്ല.
റമസാൻ എന്നാൽ ഒരുമാസം മുഴുവൻ കേവലം വിശപ്പ് സഹിക്കുന്ന കാലത്തിന്റെ പേരല്ല മറിച്ച്, മനുഷ്യനെ സൃഷ്ടിക്കുന്ന, മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്ക്, കാടത്തത്തിൽ നിന്ന് മൃദുലതയിലേക്ക്, വൈകാരികതയിൽ നിന്ന് വിവേകത്തിലേക്കുള്ള നവീകരണ പ്രവർത്തന കാലമായാണ് റമസാനെ അറിയേണ്ടത്. അങ്ങനെ അറിയുന്നവർക്ക് റമസാനെ ഹൃദയം കൊണ്ട് വരവേറ്റ് ഹൃദ്യമായ അനുഭവങ്ങളിലൂടെ കണ്ണുകൾ നനഞ്ഞ് ഇനിയും വരണേ എന്ന് പറഞ്ഞ് യാത്രയാക്കാൻ കഴിയും.