Connect with us

Kerala

സമ്പൂര്‍ണ മാലിന്യമുക്ത കേരളത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുക: മുഖ്യമന്ത്രി

ജൂണ്‍ 5ന് മുമ്പ് 100% മാലിന്യവും ഉറവിടത്തില്‍ത്തന്നെ തരംതിരിക്കാനും 100% അജൈവമാലിന്യത്തിന്‍റെയും വാതില്‍പ്പടി ശേഖരണം നടത്താനും കഴിയണം. ജൈവമാലിന്യം ഉറവിടത്തിലോ, സാമൂഹ്യതല സംവിധാനത്തിലോ 100%വും സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | 2024 മാര്‍ച്ച് മാസത്തോടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ എല്ലാ വകുപ്പുകളും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ജൂണ്‍ 5ന് മുമ്പ് 100% മാലിന്യവും ഉറവിടത്തില്‍ത്തന്നെ തരംതിരിക്കാനും 100% അജൈവമാലിന്യത്തിന്‍റെയും വാതില്‍പ്പടി ശേഖരണം നടത്താനും കഴിയണം. ജൈവമാലിന്യം ഉറവിടത്തിലോ, സാമൂഹ്യതല സംവിധാനത്തിലോ 100%വും സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘മാലിന്യമുക്തം നവകേരളം’ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപന മെമ്പര്‍/കൗൺസിലര്‍ വരെയുള്ള ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതോടൊപ്പം പൊതുനിരത്തിലും, ജലാശയങ്ങളിലും നിക്ഷേപിച്ചിട്ടുള്ള മാലിന്യം സമ്പൂര്‍ണ്ണമായി നീക്കം ചെയ്യണം. ഓരോ വാര്‍ഡിലെയും നിശ്ചിത പ്രദേശങ്ങളുടെ ചുമതല കൊടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കാനും പൊതു ഇടം വൃത്തിയാക്കുകയും വേണം. ഇത് വിജയകരമായി നടപ്പാക്കി പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വലിച്ചെറിയല്‍ മുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ച് ഹരിതസഭകള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 മാര്‍ച്ച് 30 നുള്ളില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനത്തോടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കുകയും നിലവിലുള്ള വലുതും ചെറുതുമായ എല്ലാ മാലിന്യക്കൂനകളും വൃത്തിയാക്കുകയും ചെയ്യും. ജനപ്രതിനിധികളും ജീവനക്കാരുമെല്ലാം വളരെ കാര്യക്ഷമമായി ഈ പ്രവര്‍ത്തനത്തിൽ ഇടപെടണം. മാലിന്യമുക്ത നവകേരളത്തിനായുള്ള ഇടപെടലുകള്‍ക്കും ജനകീയ സ്വഭാവം കൈവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്നും മുഖ്യമന്ത്രി പറഞ്ഞു. ‍

ബ്രഹ്മപുരം ഇനി ഒരു സ്ഥലത്തും ആവര്‍ത്തിക്കാന്‍ പാടില്ല. വളരെ അടിയന്തര സ്വഭാവത്തോടെ മഴക്കാലപൂര്‍വ്വ ശുചീകരണവും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും പിന്തുണയും, നേതൃത്വപരമായ സഹായവും ഉറപ്പാക്കാനുള്ള നടപടി സംസ്ഥാനതലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മാതൃകയാകണം. മുഴുവന്‍ ഓഫീസുകളും മാലിന്യമുക്തമായ ഹരിതഓഫീസുകളാക്കി മാറ്റാന്‍ വകുപ്പ് മേധാവികള്‍ മുതല്‍ ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം എൻഫോഴ്സ്മെന്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ തലത്തിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്രത്യേക പൊലീസ് എൻഫോഴ്സ്മെന്റ് സംവിധാനം ഒരുക്കാനും യോഗത്തിൽ തീരുമാനമായി. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനമുപയോഗിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തും.

തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് യോഗത്തിൽ ആമുഖഭാഷണം നടത്തി. പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും, പ്രതിപക്ഷത്തെ എല്ലാവരുടെയും സഹകരണമുണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മാലിന്യപ്രശ്നം പരിഹരിക്കാനുള്ള മോഡൽ പ്രോജക്ടുകള്‍ ഒരുക്കാൻ ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷനേതാവ് നിര്‍ദേശിച്ചു.

മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നവകേരള കര്‍മ്മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ ഡോ. ടി എൻ സീമ, വകുപ്പ് അധ്യക്ഷന്മാരും മേധാവികളും, ഉന്നത ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ നേരിട്ട് പങ്കെടുത്തു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതി അംഗങ്ങളും സെക്രട്ടറിമാരും ഉദ്യോഗസ്ഥരും, ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും അതാത് ഓഫീസുകളിൽ നിന്ന് ഓൺലൈനിൽ യോഗത്തിൽ പങ്കാളികളായി.

Latest