Connect with us

articles

ഈ നികുതിഭാരവും സാധാരണക്കാര്‍ പേറട്ടെ

കൊവിഡ് പ്രതിസന്ധിയും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങളും തൊഴില്‍ നഷ്ടവും പിരിച്ചുവിടലും ശമ്പളം വെട്ടിച്ചുരുക്കലും തുടങ്ങി നിരവധി നടപടികള്‍ നേരിട്ട സാധാരണ ജനങ്ങളാണ് പുതിയ നികുതിഭാരവും വഹിക്കേണ്ടത്. കേരളത്തിലെ ബഹുഭൂരിഭാഗം ആളുകളുടെയും വാങ്ങല്‍ ശേഷി വര്‍ധിക്കാത്ത/ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ പുതിയ നികുതിഭാരങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും അവയെല്ലാം കുടുംബ ബജറ്റിനെ താളംതെറ്റിക്കും.

Published

|

Last Updated

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായുള്ള വിവിധ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ക്ക് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പുതിയ സെസ് നിലവില്‍ വന്നതോടെ പെട്രോള്‍, ഡീസല്‍ എന്നിവക്ക് രണ്ട് രൂപ വരെ ഉയര്‍ന്നു. ഇതിന് പുറമെ മദ്യം, ഭൂമിയുടെ ന്യായവില തുടങ്ങിയവയില്‍ യഥാക്രമം പത്ത് രൂപയുടെയും ഇരുപത് ശതമാനത്തിന്റെയും വില വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. അടച്ചിട്ട വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നെങ്കിലും ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. ഇതിന്റെയെല്ലാം പുറമെ കെട്ടിട പെര്‍മിറ്റ് പോലെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിവിധ ഫീസുകളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വൈകാതെ അവയെല്ലാം പ്രാബല്യത്തില്‍ വരികയും ചെയ്യും.

ഏതായാലും കേരള സര്‍ക്കാറിന്റെ ഈ തീരുമാനങ്ങള്‍ വളരെയേറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹേതുവായിട്ടുണ്ട്. പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ ഭാരം സാധാരണ ജനങ്ങള്‍ക്ക് മേലെയാണോ അടിച്ചേല്‍പ്പിക്കേണ്ടത് എന്ന പ്രസക്തമായ ചോദ്യമാണ് അധികമാളുകളും ഉയര്‍ത്തുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിയുടെ കാരണങ്ങളും പരിശോധിക്കേണ്ടത് ഈയൊരു സമയത്തിന്റെ ആവശ്യകതയാണ്. സര്‍ക്കാറിന്റെ പക്ഷം ചേര്‍ന്ന് ചിന്തിക്കുമ്പോള്‍, കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്താത്തത് കൊണ്ടുള്ള പ്രയാസങ്ങള്‍ തീര്‍ക്കാനാണ് സംസ്ഥാനത്ത് പുതിയ നികുതി പിരിക്കുന്നത് എന്ന് മനസ്സിലാകും. സര്‍ക്കാറിന്റെ വിവിധ ക്ഷേമ, വികസന പദ്ധതികള്‍ക്ക് ഇപ്പോഴുള്ള പണം തികയാതെ വരുമ്പോള്‍ സ്വാഭാവികമായും പുതിയ രീതികളും വഴികളും അന്വേഷിക്കേണ്ടിവരും. കടമെടുപ്പ് നടക്കുന്നില്ലെങ്കില്‍ കിട്ടുമെന്ന് ഉറപ്പുള്ള നികുതി കൂട്ടി പണം കണ്ടെത്തുക എന്ന ഉത്തരത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നതാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ ഇപ്പോഴുള്ള സാമ്പത്തിക ഞെരുക്കങ്ങള്‍ക്ക് കാരണം കാര്യക്ഷമമായി ജി എസ് ടി പിരിക്കാത്തതാണ് എന്നൊരു ആരോപണം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പാര്‍ലിമെന്റില്‍ ഇതുസംബന്ധിച്ച് കേരളത്തിലെ ഒരു എം പി ചോദ്യം ഉന്നയിക്കുകയും അതിന് കേന്ദ്ര ധനമന്ത്രി മറുപടി നല്‍കുകയും ചെയ്തത് നാം കണ്ടതാണ്. എന്നാല്‍ അതില്‍ ചില വ്യക്തത ആവശ്യമുണ്ട്. ഐ ജി എസ് ടി (അന്തര്‍ സംസ്ഥാന വില്‍പ്പനയിലൂടെ ലഭിക്കുന്ന വിഹിതം) ഇനത്തില്‍ കേരളത്തിന് അയ്യായിരം കോടിയോളം കുറവുണ്ടെന്ന് കേരളം പറയുമ്പോള്‍, ജി എസ് ടി കുടിശ്ശിക കാര്യമായി ഒന്നും തന്നെ തരാനില്ല എന്നാണ് കേന്ദ്ര ഭാഷ്യം. ചോദ്യകര്‍ത്താവ് ഐ ജി എസ് ടി എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറുപടി ജി എസ് ടി കുടിശ്ശികയെ കുറിച്ചായിരുന്നു. എ ജിക്ക് മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തത് കൊണ്ടാണ് ലഭിക്കാത്തത് എന്നും കേന്ദ ധനമന്ത്രി പറഞ്ഞു. എന്നാല്‍ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. ഏതായാലും ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അവസാനിച്ചിരിക്കെ സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഐ ജി എസ് ടി വിഹിതം നേടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാറിന്റെ ചെലവുകള്‍ക്ക് ആവശ്യമായ വലിയൊരു തുക സമാഹരിച്ചെടുക്കാന്‍ അതുവഴി സാധിക്കുന്നതാണ്.

ജി എസ് ടിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കാലാവധി ദീര്‍ഘിപ്പിക്കല്‍, കൂടുതല്‍ വിഹിതം തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിന്റെ ആവശ്യം പോലെ മറ്റു സംസ്ഥാനങ്ങളും ജി എസ് ടി കൗണ്‍സില്‍ മുഖേന ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടിവരുന്ന കാര്യങ്ങളാണ്. കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ധനക്കമ്മി ഗ്രാന്റ്ആയി കേരളത്തിന് ഈ അഞ്ച് വര്‍ഷത്തേക്ക് അനുവദിച്ചത് 53,137 കോടി രൂപയാണ്. അതില്‍ 2021-2022, 2022-2023 വര്‍ഷങ്ങളിലെ ഗ്രാന്റ്ആയി ഏകദേശം മുപ്പത്തിയൊന്നായിരം കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ വിവിധ ചെലവുകള്‍ (പെന്‍ഷന്‍, ശമ്പളം പോലെയുള്ള സ്ഥിര ചെലവുകളും അല്ലാത്ത ചെലവുകളും) നടത്താനുള്ള അത്രയും പണം ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഇതില്‍ തന്നെ സ്ഥിര ചെലവുകളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും സര്‍ക്കാറിന് ചെയ്യാന്‍ കഴിയില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നവരുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിശോധിച്ചാല്‍ ഏതാണ്ട് 78 ശതമാനത്തോളം ആളുകളും വിദ്യാഭ്യാസം, ആരോഗ്യം, വികസന പ്രവര്‍ത്തനം എന്നീ മേഖലയിലുള്ളവരായിരിക്കും. ശമ്പളം, പെന്‍ഷന്‍ എന്നിവയാണ് പ്രധാന കാരണം എന്ന് പറയുമ്പോള്‍ രണ്ട് വഴികളാണ് മുന്നോട്ടുള്ളത്. ഒന്നുകില്‍ ഇവരുടെ എണ്ണം കുറയ്ക്കുക, അല്ലെങ്കില്‍ ശമ്പളത്തിന്റെ അളവ് കുറയ്ക്കുക. ഇവ രണ്ടും സാമ്പത്തിക അസന്തുലിതാവസ്ഥ കുറയ്ക്കാന്‍ അനുയോജ്യമായതല്ല. കാരണം കേരളം പോലെയുള്ള ഒരു സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് തന്നെ ഇവിടെയുള്ള വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും ആരോഗ്യ രംഗത്തെ നിലവാരവുമൊക്കെയാണ്. അപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക എന്ന് പറയുമ്പോള്‍, അതിന്റെ അനന്തര ഫലം വരുന്ന വര്‍ഷങ്ങളില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ നാം നേരിടേണ്ടിവരും. അത് കേരളത്തിലെ ജനസംഖ്യാപരമായ മനുഷ്യ വിഭവശേഷിയെ ആയിരിക്കും പ്രതികൂലമായി ബാധിക്കുക. മാത്രമല്ല കോളജ്, യൂനിവേഴ്‌സിറ്റി, ജുഡീഷ്യല്‍ സര്‍വീസ് തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള സ്‌കെയില്‍ തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നതും പ്രധാനമാണ്.

ധനകാര്യ കമ്മീഷന്റെ നികുതി വിഭജനത്തെ കുറിച്ചും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തുകയെ കുറിച്ചും അല്‍പ്പം ചര്‍ച്ച ആവശ്യമാണ്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം പല മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചാണ്. പത്താം ധനകാര്യ കമ്മീഷന്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതത്തിന്റെ 3.8 ശതമാനം കേരളത്തിന് കിട്ടുമായിരുന്നെങ്കില്‍ പതിനാലാം ധനകാര്യ കമ്മീഷന്റെ കീഴില്‍ അത് 2.5 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ അത് വെറും 1.92 ശതമാനം മാത്രമായിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കിടയില്‍ താരതമ്യേന പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് കൂടുതല്‍ വിഹിതം ലഭിക്കുകയും മറ്റുള്ളവര്‍ക്ക് കുറഞ്ഞ വിഹിതം ലഭിക്കുകയും ചെയ്യുന്നത് കൊണ്ടാണിത്. സംസ്ഥാനത്തിന്റെ വിസ്തീര്‍ണം, ജനസംഖ്യ, വരുമാനം തുടങ്ങിയ അനവധി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഈ തുക വിഭജിക്കുക. അപ്പോള്‍ വികസന സൂചികയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന നിലക്ക് കേരളത്തിന് കുറവ് വിഹിതമാണ് ലഭിക്കുക. അപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കിട്ടേണ്ട വലിയൊരു സഹായം ഇങ്ങനെ കുറയുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക ലഭിക്കാതെ വരികയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് Success induced problems (അഥവാ വികസിച്ചത് കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍) ആണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കേരളം ഉന്നത വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുമ്പോള്‍, കേരളത്തില്‍ പ്രായജന്യ രോഗങ്ങളെ പരിഹരിക്കാനുള്ള/ പ്രതിരോധിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കുന്നു. ഇതിനെല്ലാം പണം ആവശ്യമാകുകയും “പ്രത്യേക’ മാനദണ്ഡങ്ങള്‍ കൊണ്ട് മാത്രം കേന്ദ്ര വിഹിതം തഴയപ്പെടുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അസന്തുലിതമാകുന്നു.

ആശയപരമായ സമീപനങ്ങളെ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപകരണമായി ധനവിന്യാസത്തെ മാറ്റുന്ന ഈ രാഷ്ട്രീയ കാലത്ത് മുമ്പ് സൂചിപ്പിച്ചത് പോലെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം സാധാരണ ജനങ്ങള്‍ വഹിക്കണോ എന്നതാണ് കാതലായ ചോദ്യം. കൊവിഡ് പ്രതിസന്ധിയും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങളും തൊഴില്‍ നഷ്ടവും പിരിച്ചുവിടലും ശമ്പളം വെട്ടിച്ചുരുക്കലും തുടങ്ങി നിരവധി നടപടികള്‍ നേരിട്ട സാധാരണ ജനങ്ങളാണ് പുതിയ നികുതി ഭാരവും വഹിക്കേണ്ടത്.

കേരളത്തിലെ ബഹുഭൂരിഭാഗം ആളുകളുടെയും വാങ്ങല്‍ ശേഷി വര്‍ധിക്കാത്ത/ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ പുതിയ നികുതിഭാരങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും അവയെല്ലാം കുടുംബ ബജറ്റിനെ താളംതെറ്റിക്കും. ദിവസക്കൂലിക്ക് ജോലി ചെയ്ത് കുടുംബം പോറ്റുന്ന ആളുകള്‍ തുടങ്ങി താഴെക്കിടയിലുള്ളവരെയാണ് ഇവയെല്ലാം പ്രതികൂലമായി ബാധിക്കുക. പണക്കാര്‍ക്ക് ഒരുപക്ഷേ, ഈ വര്‍ധനവ് അവരുടെ സാമ്പത്തിക സ്ഥിതിക്ക് ആനുപാതികമായി നോക്കുമ്പോള്‍ ചെറുതായി മാത്രമേ അനുഭവപ്പെടൂ.

പുതിയ സെസ് ഏര്‍പ്പെടുത്തിയത് മൂലം പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന മാറ്റം മറ്റെല്ലാ വസ്തുക്കളുടെയും വില വര്‍ധനവിലേക്ക് നയിക്കും. അപ്പോള്‍ ജനങ്ങള്‍ നിത്യോപയോഗത്തിനായി വാങ്ങുന്ന എല്ലാ വസ്തുക്കള്‍ക്കും ആനുപാതികമായി വര്‍ധനവ് ഉണ്ടാകും. കൂടാതെ ജനങ്ങളുടെ മൊത്തം വാങ്ങല്‍ ശേഷി കുറയുകയും ചെയ്യും. അവ നാട്ടിലെ ചെറുകിട കച്ചവടക്കാര്‍ തുടങ്ങി എല്ലാവരേയും പ്രതിസന്ധിയിലാക്കും. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ചില “പരിഷ്‌കാരങ്ങള്‍’ കൂടി താങ്ങാന്‍ സാധാരണക്കാരന് വയ്യ.

---- facebook comment plugin here -----

Latest