Connect with us

Featured

പൂമ്പാറ്റകള്‍ പറക്കട്ടെ; രാജ്യത്തെ ആദ്യ ശലഭത്താര ഒരുങ്ങുന്നു

കരിമുരുക്ക് (മുള്ളുമുരുക്ക്), തീപ്പെട്ടിമരം (കമ്പിളി, ഗരുഡക്കൊടി, അപ്പൂപ്പന്‍ താടി വള്ളി അഥവാ വട്ടകാക്കകൊടി തുടങ്ങി ചെറുമരങ്ങളും കുറ്റിക്കാടുകളും വള്ളിപ്പടര്‍പ്പുകളുമെല്ലാം നട..

കൊച്ചി | സംസ്ഥാനത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ ചിത്രശലഭങ്ങള്‍ക്കായി ഇടമുറിയാതെ ഒരു വഴിത്താര ഒരുങ്ങുന്നു. ശലഭ നിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും കൂട്ടായ്മയിലാണ് രാജ്യത്ത് ആദ്യമായി ശലഭ സംരക്ഷണത്തിനായി ശലഭത്താരയെന്ന നൂതന ആശയത്തിന് സംസ്ഥാനത്ത് വിത്തിടുന്നത്. പലയിടങ്ങളിലായി ശലഭങ്ങളുടെ ലാര്‍വ ഭക്ഷണ സസ്യം ഒരുമിച്ച് നട്ടുവളര്‍ത്തി ശലഭക്കാവ് ഒരുക്കി, ശലഭങ്ങളെ സംരക്ഷിക്കുകയും ഈ കാവുകളുടെ കണ്ണി മുറിയാത്ത ഒരു ചങ്ങല സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പതിനാല് ജില്ലകളിലും ശലഭ പഠനത്തില്‍ തത്പരരായവരുടെ കൂട്ടായ്മയുണ്ടാക്കിയാണ് ശലഭത്താരക്കായുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്. നാശം നേരിടുന്ന സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി കൂടിയാണ് ശലഭത്താര.

സംസ്ഥാന ശലഭമായ ബുദ്ധമയൂരി, ചുട്ടിമയൂരി, പുള്ളിവാലന്‍, ചുട്ടി കറുപ്പന്‍, നാരകകാളി, ഗരുഡ ശലഭം, നാട്ടുറോസ്, ചക്കര ശലഭം, നീല കടുവ, കരിനീല കടുവ എന്നീ പത്തു ശലഭങ്ങളെയാണ് ഇതിനായി പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കരിമുരുക്ക് (മുള്ളുമുരുക്ക്), തീപ്പെട്ടിമരം (കമ്പിളി, ഗരുഡക്കൊടി, അപ്പൂപ്പന്‍ താടി വള്ളി അഥവാ വട്ടകാക്കകൊടി തുടങ്ങി ചെറുമരങ്ങളും കുറ്റിക്കാടുകളും വള്ളിപ്പടര്‍പ്പുകളുമെല്ലാം നട്ടുവളര്‍ത്തിയാണ് ശലഭക്കാവുകള്‍ സൃഷ്ടിക്കുക. ആദ്യഘട്ടത്തില്‍ ആറോ ഏഴോ ഇനം ലാര്‍വ ഭക്ഷണ സസ്യങ്ങളാണ് നട്ടുവളര്‍ത്തുക. ഇതിനായി ഒരു റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കണ്ടെത്തി ചെടികള്‍ നട്ട് വളര്‍ത്തും. ഇതിനായി വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായവും തേടും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മനുഷ്യവാസ കേന്ദ്രങ്ങളിലൂടെ ലാര്‍വ ഭക്ഷണ സസ്യചെടികള്‍ സമൃദ്ധമായി വളരുന്ന പാത ഇങ്ങനെ സൃഷ്ടിച്ചെടുക്കാനാകും. പ്രാഥമിക ശലഭത്താരകളില്‍ നിന്ന് പടിഞ്ഞാറോട്ടും കിഴക്കോട്ടും പോകുന്ന ‘ശലഭ വഴികളും’ സൃഷ്ടിക്കും. കേരളത്തില്‍ ശലഭങ്ങള്‍ എല്ലായിടത്തും സംരക്ഷിക്കപ്പെടുമെന്നതിനപ്പുറം ഇത്തരം ശലഭക്കാവുകള്‍ മറ്റനേകം സസ്യ ജന്തുജാലങ്ങള്‍ക്കും സംരക്ഷണമേകും. ശലഭങ്ങളുടെ ആഹാര സസ്യമായ 600ഓളം സസ്യങ്ങള്‍ തേടിപ്പിച്ച് കാലക്രമേണ നട്ടു പിടിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.

ശലഭങ്ങളുടെ എണ്ണം കൂടുന്നത് കൃഷിയുള്‍പ്പെടെയുള്ള വിളകളെയും നാട്ടുമരങ്ങളെയും സസ്യസമ്പത്തിനെയും പോഷിപ്പിക്കും. ഒപ്പം അപ്രത്യക്ഷമാകുന്ന നിരവധി ഔഷധ സസ്യങ്ങളുള്‍പ്പെടെയുള്ളവയുടെ തിരിച്ചുവരവിനും കാരണമാകും.

സംസ്ഥാനത്ത് ശാസ്ത്രീയ ശലഭ പഠനം നടത്തുന്നവരും സസ്യശാസ്ത്രജ്ഞരുമുള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയാണ് ശലഭത്താരയെന്ന ആശയം സാക്ഷാത്കരിക്കുന്നതിന് രംഗത്തുള്ളത്. വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സസ്യശാസ്ത്രജ്ഞരുമുള്‍പ്പടെയുള്ള പരിചയ സമ്പന്നരായ ആളുകള്‍ ശലഭത്താരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടും.

ശലഭത്താരയുടെ ആശയ വിപുലീകരണത്തിനായി കെ വി ഉത്തമന്‍ ഐ എഫ് എസ് രക്ഷാധികാരിയായി രൂപവത്കരിച്ച സമിതിയില്‍ ഡോ. ജാഫര്‍ മുഹമ്മദ് പാലോട്, വി സി ബാലകൃഷ്ണന്‍, സുരേഷ് ഇളമണ്‍, ഹാമിദലി വാഴക്കാട്, ബാലകൃഷ്ണന്‍ വളപ്പില്‍, വി കെ ചന്ദ്രശേഖരന്‍, പി കെ ഗരീഷ് മോഹന്‍ എന്നിവരുള്‍പ്പടെയുള്ള ശലഭ നിരീക്ഷകരും ശാസ്ത്രജ്ഞരുമുണ്ട്. ഒരാഴ്ചക്കുള്ളില്‍ നവമാധ്യമങ്ങളൂലൂടെയുള്ള ജില്ലാതല കൂട്ടായ്മ രൂപം കൊള്ളുന്നതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest