Connect with us

caste census

ജാതി സെൻസസ് പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കട്ടെ

കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻ സി പി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് അജിത് പവാർ, ആർ ജെ ഡി മേധാവി ലാലുപ്രസാദ് യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ ജാതി സെൻസസ് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ബിഹാറിലെ ജാതി സെൻസസ് വിഷയത്തിൽ പാറ്റ്‌ന ഹൈക്കോടതി സ്വീകരിച്ച നിലപാട് ദുരൂഹമാണ്. നിതീഷ് കുമാർ സർക്കാർ ആരംഭിച്ച ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് താത്കാലികമായി തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഇതുവരെ ശേഖരിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്ന് വരെ സൂക്ഷിച്ചുവെക്കാനും ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി ഏഴിനും 21നും ഇടക്കായിരുന്നു ബിഹാറിലെ ആദ്യഘട്ട സെൻസസ്. രണ്ടാം ഘട്ടം ഏപ്രിൽ 15നും മെയ് 15നുമിടെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതാണ് കോടതി വിലക്കിയത്.

സെൻസസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിലായിരുന്നു പാറ്റ്‌ന ഹൈക്കോടതിയുടെ ഈ നടപടി. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താനുള്ള അധികാരം സംസ്ഥാന സർക്കാറിനില്ല എന്നതടക്കമുള്ള വാദഗതികളാണ് പൊതുതാത്പര്യ ഹരജിയിൽ ഉന്നയിച്ചിരുന്നത്. അത് കോടതി അപ്പടി അംഗീകരിക്കയായിരുന്നു. ജനങ്ങളുെട സാമ്പത്തികസ്ഥിതി വിലയിരുത്തി പിന്നാക്കക്കാരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് സെൻസസ് നടത്തുന്നതെന്നും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ പിന്തുണക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് രാജ്യത്ത് അവസാനമായി നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1931ലാണ്. അന്നത്തെ അപേക്ഷിച്ചു ജാതിക്കണക്കിലും ശതമാനത്തിലും എത്രയോ മാറ്റങ്ങൾ വന്നു കഴിഞ്ഞു. 1953ൽ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി രൂപവത്കരിച്ച കമ്മീഷന്റെ പ്രധാന നിർദേശം സെൻസസിൽ ജാതി ഉൾപ്പെടുത്തണമെന്നായിരുന്നു. നടപ്പായില്ല. 2001ൽ വാജ്പയ് സർക്കാർ ജാതി സെൻസസ് എടുക്കുമെന്ന് പാർലിമെന്റിൽ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. യു പി എ ഭരണകാലത്ത് 2011ൽ സാമൂഹിക- സാമ്പത്തിക- ജാതി സെൻസസ് (എസ് ഇ സി സി) വിവരങ്ങൾ സമാഹരിച്ചിരുന്നെങ്കിലും അതിലെ ജാതി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാതി സെൻസസിനുള്ള ആവശ്യം ഇപ്പോൾ ശക്തമായി ഉയർന്നു വന്നത്. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻ സി പി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് അജിത് പവാർ, ആർ ജെ ഡി മേധാവി ലാലുപ്രസാദ് യാദവ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ ജാതി സെൻസസ് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

2024ൽ പാർട്ടി അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന കോൺഗ്രസ്സ് പ്ലീനറി സമ്മേളനം പ്രഖ്യാപക്കുകയുണ്ടായി. ജാതി സംവരണം കൃത്യമായി നടപ്പാക്കണമെങ്കിൽ അത് സംബന്ധിച്ച രേഖകൾ വേണം. ജാതി സെൻസസ് നടപ്പാക്കുന്നതോടെ, ഓരോ ജാതി വിഭാഗത്തിന്റെയും സാമൂഹിക- സാമ്പത്തിക സ്ഥിതിയും അധികാരത്തിലുള്ള പങ്കാളിത്തവും മനസ്സിലാക്കാനാകും. ഇത് വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകുന്ന നയങ്ങൾ സ്വീകരിക്കാൻ സർക്കാറുകളെ പര്യാപ്തമാക്കുമെന്നതാണ് സെൻസസിന് പിന്തുണക്കുന്നവരുടെ വാദം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ബ്രിട്ടീഷ് ഭരണ കാലത്തേ ആരംഭിച്ചിട്ടിട്ടുണ്ട് സർക്കാറുദ്യോഗത്തിൽ പിന്നാക്ക സംവരണം. സംവരണ നടത്തിപ്പിലെ പാകപ്പിഴമൂലം പലയിടത്തും യഥാർഥ പിന്നാക്കക്കാർ കൂടുതൽ പിന്നാക്കമാകുകയും പിന്നാക്കത്തിലെ മുന്നാക്കക്കാർ വൻ പുരോഗതി നേടുകയും അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ സർക്കാർ ഉദ്യോഗങ്ങൾ കരസ്ഥമാക്കുകയും ചെയ്തു കൊണ്ടിരക്കുകയാണ്. പുതിയ ജാതി സെൻസസ് വന്നാൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം, ജാതി സെൻസസ് ജാതി സ്വത്വബോധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ ജാതിവിഭാഗങ്ങൾ അവരുടെ അവകാശത്തിന് വേണ്ടി കൂടുതൽ മുന്നോട്ടുവരാൻ വഴിയൊരുക്കുകയും ചെയ്യും. ഇത് സാമൂഹിക നീതി സാക്ഷാത്കരിക്കുന്നതിന് സഹായകരമായേക്കാമെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ തളർത്തുമെന്ന് ബി ജെ പി ഭയപ്പെടുന്നു. ജാതി സെൻസസ് ഉണ്ടാക്കുന്ന രാഷ്ട്രീയ വെല്ലുവിളിയെ പ്രതിരോധിക്കാനാണ് ബി ജെ പി ഏകീകൃത സിവിൽ കോഡ് പ്രശ്‌നം സജീവമാക്കിയത്. ഏക സിവിൽ കോഡിനെതിരെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന എതിർപ്പ് ഹിന്ദുത്വ ബോധത്തെ ഉണർത്തുമെന്നും ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു. ഒറ്റ നികുതി, ഒറ്റ ഭാഷ, ഒറ്റ യൂനിഫോം, ഒറ്റ തിരഞ്ഞെടുപ്പ്, ഒറ്റ തിരിച്ചറിയൽ കാർഡ് എന്നതിനൊപ്പം ഒറ്റ സംസ്‌കാരവും കൂടി അടിച്ചേൽപ്പിക്കാനാണ് ഏകീകൃത സിവിൽ കോഡിലൂടെ അവർ ലക്ഷ്യമാക്കുന്നത്. താമസിയാതെ അത് ഒറ്റമതം, ഒറ്റ പാർട്ടി, ഒറ്റ നേതാവ് എന്നതിലേക്ക് എത്തിച്ചേരും. പിന്നാക്കക്കാരെ തഴഞ്ഞു മുന്നാക്കക്കാർക്ക് അനർഹ ആനുകൂല്യം അനുഭവിക്കാനും പുതിയ ജാതി സെൻസസ് വരാതിരിക്കണം.

80 ശതമാനത്തോളം വരുന്ന പിന്നാക്കക്കാരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ് ജാതി സെൻസസ്. ഓരോ പത്ത് വർഷം കൂടുമ്പോഴും സാമൂഹിക- സാമ്പത്തിക സർവേ നടത്തി പിന്നാക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം തിട്ടപ്പെടുത്തണമെന്ന് 1992ൽ മണ്ഡൽ കേസ് വിധിന്യായത്തിൽ സുപ്രീം കോടതി കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് നിർദേശച്ചതുമാണ്. പ്രതിപക്ഷ കക്ഷികൾ മറ്റ് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ജാതി സെൻസസ് വിഷയത്തിൽ ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടതുണ്ട്. മതേതര രാഷ്ട്രീയ ഐക്യം മരീചികയായി തുടരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ കൂട്ടിയിണക്കാനുള്ള ആയുധമായി മാറട്ടെ ജാതി സെൻസസ്.