Health
ദിനാരംഭം തക്കാളിയോടൊപ്പം ആകട്ടെ
വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പലരും കട്ടന്‍ ചായയോ കട്ടന്‍ കാപ്പിയോ ഒക്കെ കുടിച്ച് ദിവസം ആരംഭിക്കുന്നവരായിരിക്കും. എന്നാല്‍ വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തക്കാളി ഒരു ഉന്മേഷദായകമായ പാനീയമാണ്. വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഉണര്‍വും നല്‍കാനും നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കാനും സഹായിക്കും. ഇതിലൂടെ ദഹനം സുഗമമാക്കാനും ശരീരത്തിലെ അനാവശ്യ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാനും കഴിയും.
ഇത്തരത്തില്‍ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്ന തക്കാളി സുപ്രധാന പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ്. രാവിലെ ആദ്യം തക്കാളി ജ്യൂസ് കഴിക്കുന്നത് ശരീരത്തിന്റെ പോഷക ആവശ്യകതയെ തൃപ്തിപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. തക്കാളി ജ്യൂസ് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് അവിശ്വസനീയമായ പങ്കുവഹിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിറ്റാമിനുകള്‍ ധാതുക്കള്‍ പ്രോട്ടീന്‍ നാരുകള്‍ പൊട്ടാസ്യം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് തക്കാളി. അവയില്‍ ലൈക്കോപ്പീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ വീക്കം തടയാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
തക്കാളി കഴിക്കുകയോ തക്കാളി ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് പറയുന്നു. പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് കണ്ണുകള്‍ക്ക് ഗുണം ചെയ്യും. ടി വി, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്ന ഘടകങ്ങളും തക്കാളിയില്‍ ഉണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ കാന്‍സര്‍ തടയാന്‍ സഹായിക്കുന്ന തക്കാളി മോണ രോഗങ്ങള്‍ക്കും മികച്ച ഒരു പരിഹാര മാര്‍ഗമാണ്. കിഡ്‌നി രോഗം അടക്കം പ്രശ്‌നമുള്ളവര്‍ ഡോക്ടറെ കണ്ട ശേഷം തക്കാളി കഴിക്കുന്നതാണ് നല്ലത്.