Connect with us

National

മണിപ്പൂരിൽ പ്രധാനമന്ത്രി സർവകക്ഷി സമാധാന റാലി നടത്തട്ടെ; ഞങ്ങളും പങ്കെടുക്കാം: അധിർ രഞ്ജൻ ചൗധരി

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യം മുഴുവൻ അവരോടൊപ്പം നിൽക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങളോട് പറയണമെന്നും ചൗധരി

Published

|

Last Updated

ന്യൂഡൽഹി | സംഘർഷഭരിതമായ മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ അവിടേക്ക് സർവകക്ഷി സംഘത്തെ നയിക്കാനും മണിപ്പൂരിൽ സമാധാന റാലി നടത്താനും ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യം മുഴുവൻ അവരോടൊപ്പം നിൽക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങളോട് പറയണമെന്നും ചൗധരി ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പറഞ്ഞു.

പ്രധാനമന്ത്രി മണിപ്പൂരിൽ സമാധാന റാലി നടത്താൻ ഒരു സർവകക്ഷി സംഘത്തെ നയിക്കുകയാണെങ്കിൽ കോൺഗ്രസും അതിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദ്ദേശം സഭയിൽ രേഖാമൂലം നൽകിയിരുന്നുവെങ്കിലും അവർ അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഭൂരിപക്ഷത്തിന്റെ അഹങ്കാരമല്ലാതെ മറ്റൊന്നുമല്ലെന്നും ചൗധരി വ്യക്തമാക്കി.

മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ് പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, പ്രസംഗത്തിനിടെ അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമെന്ന് കരുതി തങ്ങൾ രണ്ട് മണിക്കൂർ കാത്തിരുന്നുവെന്നും എന്നിട്ടും പറയാത്തതിനെ തുടർന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം മറുപടി നൽകി. പ്രസംഗം അവസാനിക്കുമ്പോൾ മൂന്ന് മിനിറ്റ് മാത്രമാണ് അദ്ദേഹം മണിപ്പൂർ വിഷയത്തിൽ സംസാരിച്ചത്. അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നെങ്കിൽ ഞങ്ങൾ പുറത്തുപോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.