Connect with us

Siraj Article

ഉമ്മത്തിനെ ഉലമാക്കള്‍ നയിക്കട്ടെ

ഇസ്‌ലാമിക ബോധമുള്ള മതസംഘടനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സമരം നടത്തുന്നതിന് പരിമിതികളില്ലേ. ഹര്‍ത്താലും കല്ലേറും പൊതുമുതല്‍ നശിപ്പിച്ചു കൊണ്ടുള്ള സമര മുറകളും മത സംഘടനകള്‍ക്ക് സ്വീകാര്യമാകുമോ. ഒരിക്കലുമില്ല. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗിന് ന്യായം എന്ന് തോന്നുന്ന ഏത് സമര രീതിയും ഒറ്റക്ക് ചെയ്യാം. ലീഗ് പറയുന്നതൊക്കെ മതസംഘടനകള്‍ ഏറ്റെടുക്കണമെന്ന വാശി ഉപേക്ഷിക്കുക തന്നെ വേണം

Published

|

Last Updated

ഹിജ്‌റ അറുപതില്‍ മുആവിയ(റ)വിന് ശേഷം യസീദ് അധികാരമേറ്റെടുത്തത് മുതല്‍ സമുദായ നേതൃത്വം ആര് കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ മുസ്‌ലിം ഉമ്മത്തില്‍ രണ്ട് ചേരി രൂപപ്പെട്ടതായി കാണാം. നാല് ഖലീഫമാരും മുആവിയ(റ)വും ഒരേസമയം മത, രാഷ്ട്രീയ കാര്യങ്ങള്‍ കൈയാളാന്‍ കെല്‍പ്പുള്ളവരായിരുന്നുവെങ്കില്‍ യസീദ് മതകാര്യത്തില്‍ സര്‍വ സമ്മതനായിരുന്നില്ല എന്നതാണ് ഈ ചേരിതിരിവിന്റെ ആധാരം.

പിന്നീടു വന്ന ഭരണാധികാരികളില്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് പോലെയുള്ള ചിലരൊഴിച്ച് പലരും മുസ്‌ലിം ഉമ്മത്തിന് സര്‍വ സമ്മതരായിരുന്നില്ല. ഈ ഘട്ടത്തിലെല്ലാം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായും അധികാരം നിലനിര്‍ത്തുന്നതിനും ചില കൊട്ടാരം പണ്ഡിതന്മാരെ ഒപ്പം നിര്‍ത്തിയതും മതത്തെ അതിന്റെ തനിമയോടെ സംരക്ഷിക്കാന്‍ ശ്രമിച്ച പണ്ഡിത മഹത്തുക്കളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയതും ചരിത്രത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും.

കേരളത്തിലെ സമുദായ രാഷ്ട്രീയ നേതൃത്വവും പണ്ഡിത നേതൃത്വവും തമ്മിലുള്ള പ്രശ്‌നങ്ങളെ നിരീക്ഷിക്കുമ്പോഴും ഇത്തരത്തിലുള്ള ചില വേരുകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. സമുദായത്തിലെ പുത്തനാശയക്കാരായിരുന്ന മുഅ്തസിലി വിഭാഗമായിരുന്നു അന്ന് രാഷ്ട്രീയ നേതൃത്വവുമായി ഒട്ടിനിന്നു കൊണ്ട് അഹ്്ലുസ്സുന്നയുടെ പണ്ഡിത നേതാക്കളെ കഠിനമായി ഉപദ്രവിക്കാന്‍ കരുക്കള്‍ നീക്കിയിരുന്നത്. അതിന്റെ തനിയാവര്‍ത്തനമാണ് ഇന്ന് കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പതിനാല് നൂറ്റാണ്ടിന്റെ ധന്യമായ പാരമ്പര്യമുണ്ട് കേരളീയ മുസ്‌ലിംകള്‍ക്ക്. വിശ്വാസ, അനുഷ്ഠാന, ആചാരങ്ങളില്‍ എല്ലാം ആ പൈതൃകത്തിന്റെ പിന്തുണയുള്ളത് അഹ്്ലുസ്സുന്നയോടൊപ്പമാണ്. പാരമ്പര്യ വിശ്വാസത്തെ തള്ളിപ്പറഞ്ഞ് മതപരിഷ്‌കരണ വാദവുമായി സലഫിസം കടന്നുവരുന്നത് 1920കളിലാണ്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് സുന്നി പണ്ഡിതന്മാര്‍ സംഘടിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി 1926 ജൂണ്‍ 26ന് രൂപം കൊണ്ട പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

മതപരിഷ്‌കരണവാദത്തെ പ്രമാണബദ്ധമായി നേരിടുകയും മുസ്‌ലിം സമുദായത്തിന്റെ മത, ഭൗതിക പുരോഗതിക്കായി നിരവധി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട് സമസ്ത സമുദായ നേതൃത്വം ഏറ്റെടുത്തു മുന്നേറി. സമസ്ത നിലവില്‍വന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ 1948ല്‍ രൂപംകൊള്ളുന്നത്. കേരള സംസ്ഥാനം രൂപപ്പെട്ടിട്ടില്ലാത്ത അക്കാലത്ത് മുസ്‌ലിം ലീഗിന്റെ മലബാര്‍ ഘടകം കെ എം മൗലവിയുടെയും സീതി സാഹിബിന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ടെങ്കിലും “വഹാബികള്‍’ എന്ന് മുദ്രകുത്തപ്പെട്ടവരായതുകൊണ്ട് അവര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയിലേക്ക് കേരള മുസ്‌ലിംകള്‍ കടന്നുവന്നില്ല. തുടര്‍ന്ന് സുന്നികളെ ആകര്‍ഷിക്കാന്‍ വേണ്ടി സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെ പ്രസിഡന്റാക്കി പുനഃസംഘടിപ്പിച്ചതോടെയാണ് മുസ്‌ലിം ലീഗ് വളരാന്‍ തുടങ്ങിയത്. 1960ല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നിരവധി എം എല്‍ എമാര്‍ ഉണ്ടാകുകയും ചെയ്തതോടെ സമുദായ നേതൃത്വം പണ്ഡിത സഭയുടെ കൈകളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടിയിലെ വഹാബി ലോബികള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

1960 വരെയുണ്ടായിരുന്ന സജീവത ഇതോടെ സമസ്തയുടെ പ്രവര്‍ത്തനത്തില്‍ പ്രകടമാകാതെ വന്നു. അതുവരെ മിക്ക വര്‍ഷങ്ങളിലും സമസ്ത പ്രൗഢമായ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ബിദഇകള്‍ക്കെതിരെ നിരന്തര ബോധവത്കരണങ്ങള്‍ നടത്തുകയും ചെയ്തു വന്നിരുന്നു. 1960-85കള്‍ക്കിടയില്‍ ചില ഒറ്റപ്പെട്ട സമ്മേളനങ്ങള്‍ മാത്രമേ സമസ്തയുടെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ മതപരിഷ്‌കരണവാദികള്‍ക്ക് സുവര്‍ണ കാലഘട്ടമായിരുന്നു ഇത്. ബഹിഷ്‌കരിക്കപ്പെട്ടിരുന്ന അവരുടെ നേതാക്കളെ രാഷ്ട്രീയ വേദികളിലൂടെ ജനകീയവത്കരിക്കാനും വഖ്ഫ് ബോര്‍ഡ്, ഓറിയന്റല്‍ അറബി കോളജ,് അറബി പാഠപുസ്തക കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സലഫിസം വ്യാപിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. മുസ്‌ലിം ലീഗിന്റെ തണലില്‍ വളര്‍ന്നുകൊണ്ടിരുന്ന വഹാബി പ്രസ്ഥാനത്തെ പുരോഗമനക്കാര്‍ എന്നും പാരമ്പര്യ മുസ്‌ലിംകളായ സുന്നികളെ പഴഞ്ചന്‍മാരായ യാഥാസ്ഥികരെന്നും വിളിക്കപ്പെടാന്‍ തുടങ്ങി. സമസ്തയുടെ സമ്മേളനങ്ങള്‍ പോലും രാഷ്ട്രീയ നേതൃത്വം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയുണ്ടായി. സമ്മേളനങ്ങളുടെ അധ്യക്ഷരായും ഉദ്ഘാടകരായും മുഖ്യപ്രഭാഷകരായും രാഷ്ട്രീയക്കാര്‍ ഇടംപിടിച്ചു.

ഈ പോക്ക് വിശുദ്ധ ദീനിന് വലിയ പരുക്ക് ഉണ്ടാക്കുന്ന കാര്യമാണെന്ന് പല പണ്ഡിത മഹത്തുക്കളും തിരിച്ചറിഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇസ്‌ലാം മതവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് ഏറെ പരിമിതികളുണ്ട്. മതം നിഷിദ്ധമാക്കിയ പലിശയും മദ്യവും ലോട്ടറിയും എല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും. സുന്നി എന്നോ അസുന്നി എന്നോ രാഷ്ട്രീയത്തില്‍ പരിഗണിക്കാന്‍ പറ്റില്ല. ഇത്തരം സാഹചര്യത്തില്‍ ഒരു മതസംഘടന രാഷ്ട്രീയ പാര്‍ട്ടിയുമായി കെട്ടുപിണഞ്ഞിരിക്കുന്നത് പിന്നീട് മതത്തിന്റെ ശരിയായ ആദര്‍ശവും ആശയവും ആചാരങ്ങളും തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമാകും.

അതുകൊണ്ട് തന്നെ രാഷ്ട്രീയം എന്നത് സമുദായത്തിന്റെ ഐഹിക പുരോഗതിക്ക് സഹായകമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും സമുദായത്തിന്റെ പൊതുവിലുള്ള നേതൃത്വം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തന്നെ കൈയാളണമെന്നും പണ്ഡിതന്മാര്‍ തീരുമാനിച്ചു. പക്ഷേ, ഇത് ഉള്‍ക്കൊള്ളാന്‍ മതപരിഷ്‌കരണ വാദികള്‍ക്ക് പ്രയാസമുണ്ടാകും എന്നത് സ്വാഭാവികമാണ്. അവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ താക്കോല്‍സ്ഥാനത്തിരുന്ന് കരുക്കള്‍ നീക്കുകയും സമുദായ കാര്യങ്ങള്‍ക്ക് സമസ്ത നേതൃപരമായി ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് അതിന് തടയിടുകയും ചെയ്തുകൊണ്ടിരുന്നു.

മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാരും ബഹുമാനപ്പെട്ട കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സുന്നി യുവജന സംഘത്തിന്റെ തലപ്പത്ത് എത്തിയതോടെ ഈ ശ്രമങ്ങളെ ബുദ്ധിപരമായി നേരിട്ട് തുടങ്ങി. ഇതിന്റെ ആദ്യപടിയായിരുന്നു 1978ലെ കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന എസ് വൈ എസിന്റെ മഹാസമ്മേളനം. സമുദായ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യമില്ലാതെ പണ്ഡിതന്മാര്‍ മാത്രം നേതൃത്വം കൊടുത്തു നടത്തിയ ആ സമ്മേളനം പുതിയൊരു യുഗത്തിന് തുടക്കമിട്ടു.

സുന്നികളാകുന്ന മഹാഭൂരിപക്ഷത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അവരെ സ്വയംപര്യാപ്തരാക്കാനും ഈ സമ്മേളനത്തില്‍ ആഹ്വാനം ഉണ്ടായി. എല്ലാ മഹല്ലുകളിലും എസ് വൈ എസിന്റെ യൂനിറ്റുകള്‍ രൂപവത്കരിച്ച് സംഘ ശാക്തീകരണം നടത്താനും വൈജ്ഞാനിക വിപ്ലവത്തിന് തുടക്കമിട്ട് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ തറക്കല്ലിടാനും ഈ സമ്മേളനം വേദിയായി. തുടര്‍ന്ന് 1985ല്‍ നീണ്ട വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനവും രാഷ്ട്രീയ നേതാക്കളെ ഉദ്ഘാടകരോ അധ്യക്ഷരോ ആക്കാതെ തന്നെ നടത്തി.

ഇതോടെ ഇതിനെല്ലാം നേതൃത്വം കൊടുത്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെയും ഒറ്റപ്പെടുത്താന്‍ പല നീക്കങ്ങളും ഇവര്‍ നടത്തി. ബഹു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ തന്നെ എഴുതി വിട്ടു. 1985ല്‍ എം സി വടകര എഴുതി, ഹരിതം ബുക്‌സ് പുറത്തിറക്കിയ “സി എച്ച് മുഹമ്മദ് കോയ, രാഷ്ട്രീയ ജീവചരിത്രം’ എന്ന പുസ്തകത്തില്‍ പറയുന്നു: (അന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന സമീപനമുണ്ടായിരുന്നു ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്) “”കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഖിറാഅത്തും ഫാത്തിഹയും ഓതാന്‍ തുടങ്ങി. കാശു കൊടുത്താല്‍ വാലാട്ടുന്ന ആര്‍ത്തി മോഹികളായ ചില വാടക മൗലാനമാര്‍ നീളക്കുപ്പായവുമായി കോണ്‍ഗ്രസ്സ് സ്‌റ്റേജുകളില്‍ ഉപവിഷ്ടരായി. ഒരു വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതു തിരഞ്ഞെടുപ്പിനേക്കാള്‍ ജനശ്രദ്ധ പിടിച്ചുപറ്റി.

കുറ്റിച്ചിറയില്‍ സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന യോഗം. നബിയുടെ മദ്ഹുകള്‍ വിവരിക്കാനും ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ മുസ്‌ലിംകളുടെ കടമ എന്തെന്ന് വിവരിക്കാനുമായിരുന്നു യോഗം വിളിച്ചുകൂട്ടിയത്. കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യലാണ് മുസ്‌ലിംകളുടെ കടമ എന്ന് യോഗത്തിലെ മുഖ്യ പ്രഭാഷകനായ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കാടുകയറി. അദ്ദേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അച്ചടിക്കാന്‍ കൊള്ളുന്നത് ആയിരുന്നില്ലെങ്കിലും തമ്മില്‍ ഭേദപ്പെട്ട ഒരു വാചകം ഇതാ… സീതിയുടെയും ഉപ്പിയുടെയും സി എച്ച് മുഫ്തിയുടെയും ബാഫഖീ നീളക്കുപ്പായത്തിന്റെയും മുസ്‌ലിം ജനാബത്താണ്, മുസ്‌ലിം ജമാഅത്ത് അല്ല മുസ്‌ലിം ലീഗ്.”(പേജ് 297). മറ്റെന്തു പറഞ്ഞാലും സയ്യിദന്മാരെ പറ്റി ബഹുമാനപ്പെട്ട ശംസുല്‍ ഉലമ ഇങ്ങനെ പറയുമെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നില്ല. 1985ല്‍ ശംസുല്‍ ഉലമയെ പറ്റിയുള്ള ഒരു വിഭാഗം ലീഗുകാരുടെ നിലപാടാണിത്!

1985ല്‍ തന്നെയാണ് ശാബാനു കേസുമായി ബന്ധപ്പെട്ട് ശരീഅത്ത് വിവാദം ഉയര്‍ന്നു വന്നത്. ശരീഅത്തുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കാന്‍ സമസ്ത തീരുമാനമെടുത്തു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അഡ്വ. ഇസ്മാഈല്‍ വഫ എന്നിവരെ ഇതിന് ചുമതലപ്പെടുത്തി. ഡല്‍ഹി യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അപ്പോഴാണ് സമുദായ രാഷ്ട്രീയ നേതൃത്വത്തിലെ സലഫി കുബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.
ശരീഅത്ത് വിഷയത്തില്‍ കേരളീയ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്ത് സമസ്ത പണ്ഡിതന്മാര്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയാല്‍ കേരളത്തില്‍ മുസ്‌ലിം നേതൃത്വം സമസ്തയാണെന്ന് വരും. ഇത് മുസ്‌ലിം ലീഗിന് ക്ഷീണം ഉണ്ടാക്കും. എന്തുവിലകൊടുത്തും ആ പോക്ക് തടയണം. ഇതായിരുന്നു സലഫിസ്റ്റുകളുടെ ഉപദേശം. സുന്നി ആദര്‍ശ ബോധം കുറഞ്ഞ ചില നേതാക്കളും ഇതിനെ പിന്തുണച്ചു. തുടര്‍ന്നാണ് സമസ്തയുടെ തീരുമാനത്തില്‍നിന്ന് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പിന്തിരിയുന്നതായി നാം കാണുന്നത്. സമസ്തയുടെ പിളര്‍പ്പിലേക്ക് നയിച്ച ഒരു പ്രധാന സംഭവമായിരുന്നു ഇത്.

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ അല്ലാതെ സമുദായത്തിലെ ഒരു വിഷയവും ആരും കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന അലിഖിത നിയമമാണ് ഇവര്‍ നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ സയ്യിദ് ജിഫ്്രിമുത്തുക്കോയ തങ്ങള്‍ മുന്‍കൈയെടുത്ത് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയും മറ്റു മുസ്‌ലിം സംഘടനകളും എല്ലാം ഈ പൊതു പ്രശ്‌നത്തില്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറായി.

അന്ന് ഡല്‍ഹിയില്‍ ആയിരുന്ന ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സടകുടഞ്ഞു തന്നെ ഇടപെട്ടു. പാണക്കാട് തങ്ങളെ പിന്തിരിപ്പിച്ച് ആ യോഗം നിര്‍ത്തിവെപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. പിന്നെ അതേ യോഗം ലീഗിന്റെ നേതൃത്വത്തിലാണ് വിളിക്കുന്നത്. സമുദായത്തെ നയിക്കേണ്ടത് പണ്ഡിതന്മാര്‍ ആണോ അതോ രാഷ്ട്രീയ നേതാക്കള്‍ ആണോ, ഇതാണ് പ്രശ്‌നത്തിന്റെ കാതല്‍. മുസ്‌ലിം ലീഗ് എല്ലാ മതവിഭാഗങ്ങള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ്. അത്തരമൊരു പാര്‍ട്ടി ഒരു പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് മറ്റു ജനാധിപത്യ പാര്‍ട്ടികളെ കൂടെ ചേര്‍ത്തുകൊണ്ടാണ്. പ്രത്യേകിച്ച് ഐക്യമുന്നണി എന്ന സംവിധാനത്തിലെ പ്രബല കക്ഷിയാണ് ലീഗ്. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണ് അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടത്. അതിന് അവരെ കിട്ടില്ലെങ്കില്‍ വോട്ട് കുത്താന്‍ വേണ്ടി മാത്രം എന്തിനാണ് ഒരു മുന്നണി.

അല്ലെങ്കില്‍ ലീഗിന് മുമ്പില്‍ മറ്റൊരു മാര്‍ഗം ഉണ്ട്. സമുദായത്തിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ലീഗ,് എസ് ഡി പി ഐ, പി ഡി പി, വെല്‍ഫെയര്‍ പാര്‍ട്ടി ഇവരെയെല്ലാം ചേര്‍ത്ത് വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത് സമാന ആശയക്കാരെ ചേര്‍ത്ത് സമരം നയിക്കാം. ഇതിനൊന്നും മുതിരാതെ ഒരു രാഷ്ട്രീയ പാര്‍ട്ടി മത സംഘടനകളുടെ ഐക്യവേദി ഉണ്ടാക്കി വിഷയം പള്ളിയിലേക്ക് എടുത്ത് എന്തിനാണ് സമുദായത്തിനകത്തും മഹല്ലുകളിലും കുഴപ്പമുണ്ടാക്കാന്‍ വഴിവെക്കുന്നത്. അതിലുപരി വര്‍ഗീയ ചേരിതിരിവിന് എന്തിന് ആക്കം കൂട്ടണം?

അല്ലെങ്കിലും ഇസ്‌ലാമിക ബോധമുള്ള മതസംഘടനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സമരം നടത്തുന്നതിന് പരിമിതികളില്ലേ. ലീഗ് പ്രവര്‍ത്തകര്‍ മുഴക്കുന്ന എല്ലാ മുദ്രാവാക്യവും സമസ്തയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് മുഴക്കാനാകുമോ? ഹര്‍ത്താലും കല്ലേറും പൊതുമുതല്‍ നശിപ്പിച്ചു കൊണ്ടുള്ള സമര മുറകളും മത സംഘടനകള്‍ക്ക് സ്വീകാര്യമാകുമോ. ഒരിക്കലുമില്ല. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗിന് ന്യായം എന്ന് തോന്നുന്ന ഏത് സമര രീതിയും ഒറ്റക്ക് ചെയ്യാം. ലീഗ് പറയുന്നതൊക്കെ മതസംഘടനകള്‍ ഏറ്റെടുക്കണമെന്ന വാശി ഉപേക്ഷിക്കുക തന്നെ വേണം. ആരെന്തുപറഞ്ഞാലും പ്രതിപക്ഷത്തിരിക്കുമ്പോള്‍ അടുത്ത ഭരണം പിടിക്കുക എന്നത് തന്നെയാകും ഏത് സമരത്തിന്റെയും പ്രധാനലക്ഷ്യം. പക്ഷേ മതസംഘടനകള്‍ക്ക് സമുദായത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അത് നിര്‍വഹിക്കുകയായിരുന്നു പള്ളിയിലെ സമര പരിപാടികള്‍ റദ്ദ് ചെയ്യുക വഴി സയ്യിദ് ജിഫ്്രി മുത്തുക്കോയ തങ്ങള്‍ ചെയ്തത് എന്ന് വേണം മനസ്സിലാക്കാന്‍.

പണ്ട് കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത് പോലെ ജിഫ്്രി തങ്ങളെയും കണ്ണു വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാര്യം ഓര്‍ക്കുന്നത് നന്നാവും, അന്ന് സമസ്തയെ പിളര്‍പ്പിലേക്ക് നയിച്ചതിന്റെ ദുരന്തമാണ് ഇന്ന് ലീഗ് അനുഭവിക്കുന്നത്. രാഷ്ട്രീയ ബോധം ഉള്ളവരോട് അത് വിശദീകരിക്കേണ്ടതില്ല. ആ അബദ്ധം ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു വിശ്വാസിയെ രണ്ട് തവണ ഒരു മാളത്തില്‍ നിന്ന് പാമ്പ് കടിക്കില്ല(ഹദീസ്).

Latest