Connect with us

Articles

ഓണ്‍ലൈനില്‍ നിന്ന് അവര്‍ പുറത്തുവരട്ടെ

ഓണ്‍ലൈന്‍ ക്ലാസുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മടുത്തിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. അവരെ തിരികെ ക്ലാസ് മുറികളിലെത്തിക്കുകയെന്നതാണ് ഏക വഴി.

Published

|

Last Updated

അടുത്തിടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ പഠനം മൂലം തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ ഭാഷയില്‍ വിവരിക്കുന്നതായിരുന്നു ആ വീഡിയോ. രാത്രി വൈകും വരെ ഇടവേളകളില്ലാതെ സ്‌കൂളുകളിലേയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തുന്ന വര്‍ക്കുകളെക്കുറിച്ചും അതിനെത്തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങളെ കുറിച്ചുമായിരുന്നു ആ വീഡിയോ നിറയെ. വീഡിയോ കണ്ട് നമ്മളൊരു തമാശ അനുഭവിച്ചെങ്കിലും അതിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സമൂഹം തയ്യാറായിട്ടില്ല. ഫിസിക്കല്‍ ക്ലാസുകളിലേതിനേക്കാള്‍ വര്‍ക്ക് ലോഡ് ഓണ്‍ലൈന്‍ ക്ലാസുകളിലുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അത് കുട്ടികളെ മാനസിക സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുന്നുണ്ട്. മാനസിക സംഘര്‍ഷത്തിന്റെ കഥകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്‌കൂളുകള്‍ തുറക്കാത്ത് മൂലം നമ്മുടെ കുട്ടികളില്‍ എത്രമാത്രം ശാരീരിക- ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുള്ളൂ.

കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച വിഭാഗങ്ങളെ പരിശോധിക്കുമ്പോള്‍ ആദ്യം എണ്ണേണ്ടത് സ്‌കൂള്‍ കുട്ടികളെയാണ്. എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും, ഒന്നര വര്‍ഷമായി സ്‌കൂളുകള്‍ അടഞ്ഞു തന്നെയാണ് കിടക്കുന്നത്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ മൂലവും മറ്റു പല കാരണങ്ങള്‍ കൊണ്ടും സുരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സ്‌കൂള്‍ തുറക്കുന്നതിന്റെ ചര്‍ച്ചകള്‍ പോലും നമ്മുടെ സമൂഹത്തില്‍ സജീവമല്ല. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം വിദ്യാര്‍ഥി സമൂഹത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആരും ബോധവാന്മാരല്ല എന്ന് തന്നെയാണ് ഇത്തരമൊരു മനോഭാവത്തിന് പ്രധാന കാരണം. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ചിടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക സമൂഹത്തിലെ പാവപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തെയാണ് എന്ന യേല്‍ സര്‍വകലാശാലയുടെ പഠനവും ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. കൊവിഡ് പശ്ചാത്തലത്തില്‍ യുനെസ്‌കോ നടത്തിയ പഠനവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്തവരുടെ പഠന പ്രതിസന്ധി സ്‌കൂളുകള്‍ അടച്ചതോടെ കൂടുതലായെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. ദുര്‍ബലരായ കുട്ടികളെയാണ് അടച്ചിടല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.

സ്‌കൂളുകള്‍ തുറക്കാതിരുന്നാല്‍

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് സര്‍ക്കാറും സ്‌കൂളുകളും നടപ്പാക്കിയ പദ്ധതികളും മാറ്റങ്ങളും പ്രശംസനീയം തന്നെയാണ്. അതോടൊപ്പം തന്നെ നമ്മള്‍ സ്വീകരിച്ച നടപടികള്‍ ഒന്നര വര്‍ഷത്തിനു ശേഷം എത്രത്തോളം ഫലവത്തായി എന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ മാറ്റങ്ങളും തെറ്റുതിരുത്തല്‍ നടപടികളും കൈക്കൊള്ളേണ്ടതുമുണ്ട്. അതേസമയം, എങ്ങനെ സുരക്ഷിതമായ ഒരന്തരീക്ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാം എന്നത് തന്നെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയം. കാരണം, ഓഫ് ലൈന്‍ വിദ്യാഭ്യാസത്തിന് സമാനമായ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി നിലവിലെ സാഹചര്യത്തില്‍ നമുക്ക് അസാധ്യം തന്നെയാണ്. ചുരുങ്ങിയത് ഒന്ന് മുതല്‍ ഏഴ് വരെയുള്ള കുട്ടികളെയെങ്കിലും സ്‌കൂളുകളിലേക്ക് തിരിച്ചുവിളിക്കേണ്ടതാണ്. വളര്‍ന്നുവരുന്ന കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളര്‍ച്ചക്ക് സ്‌കൂള്‍ അന്തരീക്ഷം അത്യന്താപേക്ഷിതമാണ്. കൃത്യമായ സ്‌കൂള്‍ അന്തരീക്ഷം ലഭിക്കാത്തതു മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പലതും കുട്ടികളില്‍ കാലങ്ങള്‍ക്ക് ശേഷമാണ് പ്രകടമാകുക എന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കുട്ടികളിലെ പലവിധത്തിലുള്ള വളര്‍ച്ചകള്‍ക്ക് സ്‌കൂളുകള്‍ വഹിച്ചിരുന്ന പങ്ക് പലപ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ അസാധ്യമാണ് എന്നതുകൊണ്ടു തന്നെയാണ് സ്‌കൂളുകള്‍ തുറക്കുന്നതിന് നാം പ്രാധാന്യം നല്‍കേണ്ടത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വവും പ്രത്യാഘാതങ്ങള്‍ കൂടുതല്‍ തീവ്രമാക്കും. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് പലപ്പോഴും ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുമ്പോഴും, സാമൂഹികമായും സാമ്പത്തികമായും താഴെത്തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചക്കുള്ള മറ്റു മാര്‍ഗങ്ങള്‍ അടഞ്ഞു തന്നെ കിടക്കുന്നു. അതുമൂലം സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ വീണ്ടും പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. ഇതിന് പുറമെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങളും വളരെ ഗൗരവതരമാണ്. സ്‌കൂളുകള്‍ അടച്ചിടുന്നത് കുടുംബങ്ങളുടെ ഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്യുന്നത്. വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നുവെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും ആഴത്തില്‍ ബാധിച്ചു. സ്‌കൂളുകള്‍ തുറക്കാത്തത് മൂലമുള്ള അപകടങ്ങള്‍ അവഗണിക്കാനാകാത്തവിധം ഗൗരവമുള്ളതാണ്. ചില സംസ്ഥാനങ്ങളെങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ആഹാരങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, അത് എത്രമാത്രം കൃത്യമായി നടക്കുന്നുണ്ട് എന്നത് പരിശോധിക്കേണ്ടതുണ്ട്.

രക്ഷിതാക്കളുടെ പ്രശ്‌നങ്ങള്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസം മൂലം രക്ഷിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും നാം ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് പെട്ടെന്നുണ്ടായ മാറ്റം ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് തയാറാകാനും രക്ഷിതാക്കള്‍ക്ക് സാധിച്ചില്ല. ഒന്നര വര്‍ഷത്തിനു ശേഷവും രക്ഷിതാക്കള്‍ എത്രത്തോളം സജ്ജരായിട്ടുണ്ട് എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മൂലമുണ്ടായ ഉയര്‍ന്ന സാമ്പത്തിക ചെലവുകളും പലപ്പോഴും നാം കാണാതെ പോകുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള മൊബൈല്‍ ഫോണ്‍, ടി വി എന്നിവ വാങ്ങുന്നത് പലര്‍ക്കും പ്രശ്‌നം തന്നെയായിരുന്നു. സര്‍ക്കാറിന്റെയും സാമൂഹിക സ്ഥാപനങ്ങളുടെയും സഹായങ്ങള്‍ മൂലം കേരളത്തില്‍ അതിനൊരു പരിധി വരെയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ദിക്കുകളില്‍ സ്ഥിതി വ്യത്യസ്തമാണ്. എന്നിരുന്നാല്‍ കൂടി, മാസാമാസമുള്ള ഇന്റര്‍നെറ്റ് റീചാര്‍ജ് പല രക്ഷിതാക്കള്‍ക്കും ഒരു തലവേദന തന്നെയാണ്. നിലവാരം കുറഞ്ഞ സാങ്കേതിക ഉപകരണങ്ങള്‍ പെട്ടെന്ന് കേടുവരുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. നിലവാരം കുറഞ്ഞ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും കാണാതെ പോകുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മാര്‍ഗരേഖ വേണം

ഭാവിലോകം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റേതു തന്നെയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത് അത്യാവശ്യവുമാണ്. അതുകൊണ്ട് തന്നെ, നമ്മുടെ സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് സമഗ്രമായൊരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ മാര്‍ഗരേഖ മുന്നോട്ടുവെക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സമൂഹത്തിലെ നാനാ തലങ്ങളില്‍ നിന്നുള്ളവരുടെ ആശയങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി നല്ലൊരു പദ്ധതി രൂപപ്പെടുത്തണം.

കൃത്യമായ പരിശീലനങ്ങള്‍ ലഭിക്കാത്തതുമൂലം, ഓണ്‍ലൈന്‍ അന്തരീക്ഷത്തില്‍ അധ്യാപനം നടത്തുന്നതിനെക്കുറിച്ച് ഇപ്പോഴും പല അധ്യാപകര്‍ക്കും കൃത്യമായ ധാരണയില്ല. അതിനാല്‍ തന്നെ നിലവിലുള്ള പല ഓണ്‍ലൈന്‍ ക്ലാസുകളും ഫലപ്രദമാകാതെ പോകുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ തങ്ങളുടെ കര്‍ത്തവ്യത്തെക്കുറിച്ച് കൃത്യമായ ധാരണ പലര്‍ക്കുമില്ല. ഓണ്‍ലൈന്‍ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികളുമായി എങ്ങനെ ബന്ധം നിലനിര്‍ത്താം, വിദ്യാര്‍ഥികളെ എങ്ങനെ പിന്തുണക്കാം എന്നതിനെ കുറിച്ചുള്ള ധാരണക്കുറവും പ്രശ്‌നം സൃഷ്ടിക്കുന്നു. കൃത്യമായ പരിശീലനം ഇല്ലാത്തതുമൂലം നിലവിലുള്ള സാങ്കേതിക വിദ്യകള്‍ തന്നെ അവയുടെ പരിപൂര്‍ണതയില്‍ ഉപയോഗിക്കാന്‍ പലപ്പോഴും അധ്യാപകര്‍ക്ക് സാധിക്കാതെ പോകുന്നു. അതുമൂലം അവര്‍ക്കുണ്ടാകുന്ന അപകര്‍ഷതാബോധവും മാനസിക ബുദ്ധിമുട്ടുകളും മറുവശത്തുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം മൂലം പ്രശ്‌നം നേരിട്ട മറ്റൊരു മേഖലയാണ് വിദ്യാര്‍ഥിയുടെ പഠന ഫലങ്ങളുടെ വിലയിരുത്തല്‍. ഒരുപക്ഷേ, നാം തീരെ ശ്രദ്ധചെലുത്താത്ത മേഖല കൂടിയാണിത്. അതുകൊണ്ട് തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സമയത്ത് അനുഭവിക്കുകയും വേണം. അതിനാല്‍ തന്നെ, നമ്മുടെ സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നൊരു പഠന വിലയിരുത്തല്‍ രീതി സര്‍ക്കാര്‍ മുന്നോട്ടു വെക്കേണ്ടതുണ്ട്. ബദല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യത്യസ്ത സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മടുത്തിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. അവരെ തിരികെ ക്ലാസ് മുറികളിലെത്തിക്കുകയെന്നതാണ് ഏക വഴി. നിലവിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയുടെ പോരായ്മകള്‍ ഉള്‍ക്കൊണ്ട് എത്രയും പെട്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി സ്‌കൂള്‍ തുറന്നുകൊടുക്കുന്നതിന് ആവശ്യമായ ചര്‍ച്ചകളും നടപടിക്രമങ്ങളും സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും പൊതുസമൂഹവും കൈക്കൊള്ളേണ്ടതുണ്ട്. മടങ്ങിവരുന്ന വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും ഭൗതികവുമായ വളര്‍ച്ചാ വിടവുകള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികള്‍ രൂപവത്കരിക്കേണ്ടതുണ്ട്. അതിന് അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജരാക്കേണ്ട ഉത്തരവാദിത്വം നമ്മുടെ സര്‍ക്കാറിനും പൊതുസമൂഹത്തിനുമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് ആശാവഹമാണ്.

(ലേഖകന്‍ മുംബൈ ടിസ്സിലെ സൈക്കോളജി വിദ്യാര്‍ഥിയാണ്)

മുംബൈ ടിസ്സിലെ സൈക്കോളജി വിദ്യാര്‍ഥി