Kerala
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം; ആരോപണങ്ങള്‍ വ്യാജം, അന്തിമ വിജയം സത്യത്തിന്: ജയസൂര്യ
പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും.
തിരുവനന്തപുരം | ഹേമാ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന പീഡനാരോണം നിഷേധിച്ച് നടന്‍ ജയസൂര്യ രംഗത്ത്. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമെന്നും, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് വ്യാജ ആരോപണം ഉണ്ടായത്.അത് കുടുംബത്തിനും എന്നെ ചേര്‍ത്തു നിര്‍ത്തിയവര്‍ക്കും വലിയ മുറിവായി. ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നടിമാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം നടത്തിയതിന് ജയസൂര്യക്കെതിരെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ വെച്ചു നടന്ന ഷൂട്ടിങ്ങിനിടെയും, തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വെച്ചും ജയസൂര്യയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാണ് നടിമാരുടെ പരാതി.