Connect with us

Prathivaram

പ്രത്യാശയിലേക്ക് ചിറകു വിടർത്താം

Published

|

Last Updated

മനുഷ്യമനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് ടെന്‍ഷന്‍, ഭയം, ദുഃഖം, ഉത്കണ്ഠ, സങ്കടം എന്നിവയെല്ലാം. പ്രണയ നൈരാശ്യം, ദാമ്പത്യത്തിലെ വിള്ളൽ, സാമ്പത്തിക തകർച്ച, അമിത ദേഷ്യം, പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണം, മാരക​രോ​ഗം, തൊഴിൽ നഷ്ടം തുടങ്ങിയ വിവിധ കാരണങ്ങളാൽ ഇവയിൽ പലതും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ പിടികൂടാറുണ്ട്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ കണക്കുകൾ പ്രകാരം പതിനഞ്ച് പേരിൽ ഒരാൾക്ക് എന്ന തോതിൽ ഇത്തരം രോഗം പിടിപെടുന്നു എന്നാണ്. ചിലര്‍ക്കിത് സ്ഥിരമായ പ്രശ്‌നങ്ങളാകുമ്പോൾ മറ്റു ചിലര്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടുന്നു. ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുന്നത് മൂലം വേണ്ടത്ര ഉറക്കം ലഭിക്കാതാകുകയും ദഹനപ്രക്രിയ താറുമാറാകുകയും മനസ്സിന്റെ സന്തുലിതാവസ്ഥ തെറ്റുകയും മൈഗ്രേന്‍, സ്‌ട്രോക്ക്, ഹൃദ്രോഗം, ദഹനപ്രശ്നം, നെഞ്ചെരിച്ചിൽ തുടങ്ങിയപല രോഗങ്ങള്‍ക്കും വഴിവെക്കുകയും അകാല വാർധക്യം, പ്രായത്തേക്കാള്‍ കൂടുതലായ നര ബാധിക്കൽ, ശരീരത്തിലെ തൊലി ചുളിയൽ, വിവിധയിനം ചർമരോഗങ്ങൾ പിടിപെടൽ, മുടി കൊഴിയൽ എന്നിവക്ക് ഇടയാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, മനുഷ്യന്റെ ആയുസ്സിനേയും ആരോഗ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് മനസ്സിന്റെ അസ്വസ്ഥതകളെല്ലാം.

വീട്ടുകാരോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടുമെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉള്ളു തുറന്ന് സംസാരിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ജീവിതത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ ഓർത്തെടുക്കുകയും അയവിറക്കുകയും ചെയ്യുന്നത് പല അനാവശ്യ ടെൻഷനുകളും ഒഴിവാക്കാൻ സാധിക്കുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. നല്ല സൗഹൃദവും തുറന്ന സംസാരവും ഒറ്റക്കല്ല എന്ന ബോധം വളർത്താനും പങ്കാളിത്തമനോഭാവം ഉണ്ടാക്കാനും സഹായകമാകും.

ജോലിത്തിരക്കുകളിൽ നിന്നും മാറിനിന്ന് കൂട്ടുകാർക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും ഇടക്കിടെ യാത്ര പോകുന്നത് മാനസിക പിരിമുറുക്കങ്ങൾ അകറ്റാൻ ഉപകരിക്കും. അതോടൊപ്പം ഓരോരുത്തരും അവരവരുടെ കഴിവുകള്‍ തിരിച്ചറിയുകയും മനഃസംഘര്‍ഷങ്ങളെ അതിജീവിക്കുകയും നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോൾ മാനസികാരോഗ്യം ശക്തിപ്പെടുന്നു.

മാനസികാരോഗ്യം ശാരീരികാരോഗ്യത്തേക്കാൾ വളരെ പ്രധാനമാണ്. ഭക്തിയും വിശ്വാസവും പ്രാർഥനയും ടെൻഷനുകളകറ്റുകയും മനസ്സിന് ആശ്വാസമേകുകയും ചെയ്യും. പ്രശ്നങ്ങളും പരീക്ഷണങ്ങളും പ്രയാസങ്ങളും വിഷമതകളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകുകയും പ്രതിസന്ധികളിൽ പതറാതെയും തോൽവികളിൽ തളരാതെയും പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെയും ടെൻഷനുണ്ടാക്കുന്ന കാര്യങ്ങളെ പക്വതയോടെയും സമചിത്തതയോടെയും നേരിടാൻ പരിശീലിക്കണം. എടുത്തുചാട്ടവും കോപവും പകയും നിയന്ത്രിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.
ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശുഭപ്രതീക്ഷയുള്ളവരും നിരാശയില്ലാത്തവരുമാണ് വിശ്വാസികൾ. കാരണം, ജീവിതത്തെ പൂര്‍ണമായും പുഞ്ചിരിയോടെ അഭിമുഖീകരിക്കാനും പരീക്ഷണങ്ങളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനുമാണ് പ്രപഞ്ച സ്രഷ്ടാവിന്റെ കൽപ്പന. അവ അക്ഷരാർഥത്തിൽ അനുസരിക്കുമ്പോൾ വലിയ പ്രതിഫലം ലഭിക്കുമെന്ന ശുഭപ്രതീക്ഷ അവനിൽ സന്തോഷമുളവാക്കുന്നു. “അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിങ്ങള്‍ ആശയറ്റവരാകരുത്’ (സുമര്‍: 53) എന്ന ഖുര്‍ആനിക ആഹ്വാനം വിശ്വാസികളെ പ്രാർഥനാ നിരതരാക്കുകയും പ്രതീക്ഷയില്‍ നിലനിർത്തുകയും ചെയ്യുന്നു.

യഥാർഥ വിശ്വാസിയുടെ ജീവിതം ഭയത്തിന്റെയും പ്രതീക്ഷയുടെയും ഇടയിലാകണം. ഒരു പക്ഷിയുടെ ഇരു ചിറകുകളോടാണ് മഹാന്മാർ ഭയത്തെയും പ്രതീക്ഷയെയും ഉപമിച്ചത്. രണ്ടും ബാലൻസ് ചെയ്യുമ്പോൾ പക്ഷികൾക്ക് പറക്കാൻ സാധിക്കുന്നതുപോലെ വിശ്വാസികൾ അവരുടെ ജീവിതം പ്രതീക്ഷയുടെയും പേടിയുടെയുമിടയിൽ ക്രമപ്പെടുത്തുമ്പോൾ അമിതമായ ആഹ്ലാദമോ ആനന്ദമോ അധമമായ ചിന്തയോ അല്ലലോ അലട്ടലോ ഇല്ലാതെ ജീവിക്കാൻ സാധിക്കും. സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിൽ വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കാണണം. ചെയ്ത സത്കര്‍മങ്ങളില്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ഉണ്ടാകുന്നതോടൊപ്പം തന്നെ അവ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമാണോ അല്ലയോ എന്നതിൽ ആശങ്കയും ഉണ്ടാകണം. വിജയ പ്രതീക്ഷയോടൊപ്പം തന്നെ നിരാശ നേരിടാനും സാധിക്കണം. സുഖം ലഭിക്കുമ്പോള്‍ നാഥനെ സ്തുതിക്കുകയും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ക്ഷമിക്കുകയും വേണം. ഓരോ കയറ്റത്തിനും ഒരു ഇറക്കമുണ്ടാകുന്നതു പോലെ പ്രയാസങ്ങൾക്ക് ഉടൻ സന്തോഷമുണ്ടാകുമെന്ന് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു. “അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം’ (സൂറതുശ്ശർഹ് : 5, 6). പക്ഷികളെ പറക്കാന്‍ സഹായിക്കുന്നത് അവയുടെ ചിറകുകൾ മാത്രമല്ല, പറക്കാനുള്ള ആത്മവിശ്വാസം കൂടിയാണ്. സാഹസിക യാത്രകൾ വിജയകരമാകുന്നത് ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ടാകുമ്പോഴാണ്. ആരോഗ്യമുള്ളപ്പോൾ കൂടുതൽ ഭയവും രോഗം ബാധിക്കുമ്പോഴും മരണം ആസന്നമാകുമ്പോഴും കൂടുതൽ പ്രതീക്ഷകളും ഉണ്ടാകണം. അല്ലാഹു പറയുന്നു: “അസുഖബാധിതനാകുമ്പോള്‍ രോഗം സുഖപ്പെടുന്നതിനെ കുറിച്ച് അവന് ഒട്ടും നിരാശയുണ്ടാകില്ല. എന്നെ സൃഷ്ടിച്ചവനാണവന്‍. എന്നെ നേര്‍വഴിയിലാക്കുന്നതും അവൻ തന്നെ. എനിക്ക് അന്നം നല്‍കുന്നതും കുടിനീര്‍ തരുന്നതും അവനാണ്. രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ’ (അശ്ശുഅറാഅ് : 78-80)

ആവശ്യങ്ങളും അഭിലാഷങ്ങളും അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിക്കണം. അതിന് അലസത കാണിക്കുകയോ ലജ്ജിക്കുകയോ അരുത്. ജീവിതത്തിന്റെ നിഖില മേഖലകളിലും അതുണ്ടാകണം. പ്രാർഥന അസാധ്യമായതിനെ സാധ്യമാക്കും. പ്രാർഥന തന്നെയാണ് ആരാധനയെന്നും പ്രാർഥന ആരാധനയുടെ മജ്ജയാണ് എന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. (അബൂദാവൂദ്) ഭക്തിയോടെയും നിർമല മനസ്സോടെയുമാണ് സ്രഷ്ടാവിനെ സമീപിക്കേണ്ടത്. നൈർമല്യമുള്ള മനസ്സ് ഉത്തരം ലഭിക്കാന്‍ അനിവാര്യമാണെന്ന് തിരുവചനങ്ങളിലുണ്ട്. ഭക്തിയുള്ളവരുടെ കര്‍മങ്ങള്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: “ധർമനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’. (സൂറതുൽ മാഇദ : 27)

Latest