letter controversy
കത്ത് വിവാദം: മേയറുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി
മേയറുടെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയത്.
തിരുവനന്തപുരം | നഗരസഭയുടെ കീഴിലുള്ള ജോലി ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്കുള്ള കത്ത് വിവാദമായ പശ്ചാത്തലത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകി.
മറ്റേതെങ്കിലും കത്ത് സ്കാൻ ചെയ്ത് നിർമിച്ചതാകാം കത്തെന്ന് ആര്യ മൊഴി നൽകി. ഒപ്പും ഇങ്ങനെ സ്കാൻ ചെയ്ത് ചേർത്തതാകാനാണ് സാധ്യതയെന്നും മൊഴിയുണ്ട്. കത്ത് തൻ്റെതല്ലെന്ന് കാണിച്ച് ആര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതുപ്രകാരമാണ് ക്രൈം ബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. വൈകിട്ട് മൂന്നരയോടെ മുടവൻമുകളിലെ മേയറുടെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയത്. തൻ്റെ സീലും ലെറ്റർപാഡും ഉപയോഗിച്ച് കത്ത് കൃത്രിമമായി തയ്യാറാക്കിയെന്നാണ് ആര്യ പറയുന്നത്.