National
ഔറംഗസീബിന്റെ ഖബര്‍ പൊളിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിനെതിരെ ഐക്യരാഷ്ട്ര സഭക്ക് കത്ത്
സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യം

ഹൈദരാബാദ് | മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഖബര്‍ പൊളിച്ചുമാറ്റാനുള്ള സംഘ്പരിവാര്‍ ശ്രമം തടയണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭക്ക് കത്ത്. അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയായ യാക്കൂബ് ഹബീബുദ്ദീന്‍ തൂസി എന്നയാളാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തെഴുതിയത്.
ഔറംഗസീബിന്റെ ഖബര്‍ ദേശീയ പ്രാധാന്യമുള്ള സ്മാരകം ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും 1958ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും നിയമപ്രകാരം ഇത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ കുല്‍ദാബാദില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് നാഗ്പൂരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഔറംഗസീബിന്റെ ഖബറിന് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് യു എന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തിലെ പ്രധാന ആവശ്യം.