Connect with us

From the print

കത്തുകൾ കത്തുന്നു

കത്ത് പുറത്തുവന്നതിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.

Published

|

Last Updated

പാലക്കാട് | കത്ത് വിവാദം പാലക്കാട് മണ്ഡലം ഉപതിരെഞ്ഞടുപ്പില്‍ പ്രധാന ആയുധമാക്കി നേട്ടം കൊയ്യാന്‍ മുന്നണികളുടെ ശ്രമം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഡി സി സി നേതൃത്വം എ ഐ സി സിക്ക് നല്‍കിയ നിര്‍ദേശകത്തും എല്‍ ഡി എഫിനെതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ പുറത്തുവിട്ട കത്തുമാണ് തിരെഞ്ഞടുപ്പ് പ്രചാരണത്തില്‍ ഇപ്പോൾ കത്തിനില്‍ക്കുന്നത്.
1991 മുതല്‍ 95 വരെ പാലക്കാട് നഗരസഭ സി പി എം ഭരിച്ചത് ബി ജെ പി പിന്തുണയോടെയായിരുന്നു എന്നാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യരുടെ ആരോപണം. അന്ന്, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ എം എസ് ഗോപാലകൃഷ്ണന്‍ പിന്തുണ അഭ്യര്‍ഥിച്ച് ബി ജെ പി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് നൽകിയ കത്ത് തന്റെ പക്കലുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊരു കത്തില്ലെന്നും ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നും സി പി എം നേതാവ് നിതിന്‍ കണിച്ചേരി വെല്ലുവിളിച്ചു. ഇതിനു പിന്നാലെയാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന് അന്ന് സി പി എം നല്‍കിയതെന്ന് അവകാശപ്പെട്ടു കൊണ്ട് സന്ദീപ് വാര്യര്‍ കത്ത് പുറത്തുവിട്ടത്. ഈ കത്ത് പ്രധാന ആയുധമാക്കാനുള്ള നീക്കത്തിനിടെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ഡി സി സി നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ കത്തും പുറത്ത് വന്നത്. കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണം എന്നാണ് ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍ ഹൈക്കമാന്‍ഡിന് നല്‍കിയ കത്തില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എ ഐ സി സി നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തുവന്നത്. ഇതോടെ യു ഡി എഫും പ്രതിരോധത്തിലായി.

കത്ത് പുറത്തുവന്നതിന് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്. ബി ജെ പിയെ പ്രതിരോധിക്കാന്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഡി സി സിയുടെ ഏകകണ്ഠ തീരുമാനമായിരുന്നു കത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഡി സി സിയുടെ തീരുമാനം തള്ളിക്കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. ഇതിനുപിന്നാലെ കോണ്‍ഗ്രസ്സില്‍ ഭിന്നത ഉടലെടുത്തിരുന്നു. പാര്‍ട്ടി വിട്ട പി സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി. രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷ നേതാവും ശാഫി പറമ്പില്‍ എം പിയുമടങ്ങുന്ന കോക്കസ് പ്രവര്‍ത്തിച്ചുവെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്സ് വിട്ട പി സരിനും എ കെ ഷാനിബുമടക്കം ഇക്കാര്യം ആരോപിച്ചിരുന്നു. തങ്ങള്‍ ഉന്നയിച്ച വിഷയം കത്ത് പുറത്തുവന്നതിലൂടെ വ്യക്തമായെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് കൊടുത്ത കത്ത് അടഞ്ഞ അധ്യായമാണെന്നും എല്ലാ പാര്‍ട്ടികളും ഒന്നിലധികം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക പതിവാണെന്നും ഒടുവില്‍ ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുകയെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഡി സി സിയുടെ കത്ത് വിവാദം തിരഞ്ഞെടുപ്പ് ആയുധമാക്കാനാണ് സി പി എം ശ്രമം. രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ഥിയാക്കിയത് ബി ജെ പിയെ സഹായിക്കാനാണെന്നും ഡോ പി സരിന്‍ ആരോപിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സി പി എം ആരോപിക്കുന്നു. കോണ്‍ഗ്രസ്സാകട്ടെ, ബി ജെ പി ജില്ലാ പ്രസിഡന്റിന് മുന്‍ സി പി എം നഗരസഭാ ചെയര്‍മാന്‍ അയച്ച കത്ത് ചൂണ്ടിക്കാട്ടി സി പി എം- ബി ജെ പി ബന്ധത്തെ തുറന്നുകാണിച്ച് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. കത്ത് വിവാദത്തിന് പുറമെ കോണ്‍ഗ്രസ്സിലും ബി ജെ പിയിലും ഭിന്നതയും രുക്ഷമാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് അടര്‍ത്തിയ പി സരിനെ സ്ഥാനാര്‍ഥിയാക്കിയ എൽ ഡി എഫ് തന്ത്രം ജയം കാണുമോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്.