സാഹിത്യം
സമരോത്സുകതയുടെ അക്ഷരനാളങ്ങൾ
ഇസ്്റാഈലിലെ മുന്‍നിര എഴുത്തുകാരനായിരിക്കുമ്പോഴും ആ രാജ്യത്തിന്റെ മനുഷ്യത്വ രാഹിത്യത്തേയും ഫലസ്തീനിന്റെ മണ്ണിൽ അവർ നടത്തുന്ന തുടർച്ചയായ നരവേട്ടയേയും ശക്തിയായി അപലപിക്കുകയും അവക്കെതിരെ രാജ്യാന്തരവേദികളിൽ പ്രതിഷേധക്കൊടു ങ്കാറ്റുയർത്തുകയും ചെയ്ത മാനവികതാവാദിയായിരുന്നു ആമോസ് ഓസ്. അദ്ദേഹം ഒരെഴുത്തുകാരൻ മാത്രമായിരുന്നില്ല. ആക്ടിവിസ്റ്റ്, പത്രപ്രവർത്തകൻ, ബുദ്ധിജീവി, മനുഷ്യാവകാശ പ്രവർത്തകന്‍, സമാധാനവാദി തുടങ്ങി ബഹുമുഖവേഷങ്ങളില്‍ അദ്ദേഹം ലോകശ്രദ്ധ നേടുകയുണ്ടായി.
ഭരണകൂട നൃശംസത ഇരകളാക്കി കൊന്നുതള്ളുന്ന പതിനായിരക്കണക്കിന്നി രപരാധികളെക്കുറിച്ചുള്ള വേവലാതികൾ ലോകം മുഴുവൻ പങ്കുവെച്ച എഴുത്തുകാരനായിരുന്നു ആമോസ് ഓസ്. ഇസ്്റാഈലിലെ മുന്‍നിര എഴുത്തുകാരനായിരിക്കുമ്പോഴും ആ രാജ്യത്തിന്റെ മനുഷ്യത്വ രാഹിത്യത്തേയും ഫലസ്തീനിന്റെ മണ്ണിൽ അവർ നടത്തുന്ന തുടർച്ചയായ നരവേട്ടയേയും ശക്തിയായി അപലപിക്കുകയും അവക്കെതിരെ രാജ്യാന്തരവേദികളിൽ പ്രതിഷേധക്കൊടുങ്കാറ്റുയർത്തുകയും ചെയ്ത മാനവികതാവാദിയായിരുന്നു അദ്ദേഹം.
ആമോസ് ഓസ് ഒരെഴുത്തുകാരൻ മാത്രമായിരുന്നില്ല. ആക്ടിവിസ്റ്റ്, പത്രപ്രവർത്തകൻ, ബുദ്ധിജീവി, മനുഷ്യാവകാശ പ്രവർത്തകന്‍, സമാധാനവാദി തുടങ്ങി ബഹുമുഖ വേഷങ്ങളില്‍ അദ്ദേഹം ലോകശ്രദ്ധ നേടുകയുണ്ടായി. ആ രാജ്യത്തെ അനുസരണയുള്ള ഒരെഴുത്തുകാരന്റെ സുരക്ഷിതവൃത്തത്തിനുള്ളില്‍ ഒതുങ്ങികഴിഞ്ഞിരുന്നുവെങ്കിൽ സ്റ്റേറ്റിന്റെ ഓമനപുത്രനായി, ഭരണകൂടത്തിന്റെ തലോടലേറ്റ് അക്ഷരലോകത്ത് കൊടുമുടികള്‍ കീഴടക്കാമായിരുന്നു അദ്ദേഹത്തിന്. ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു.
രാജ്യത്തെ ഏതെങ്കിലും പരമോന്നത സാംസ്‌കാരിക സ്ഥാപനത്തിന്റെ മേധാവിയായി അദ്ദേഹം നിയമിക്കപ്പെടുകയും ചെയ്യുമായിരുന്നു. പകരം, ജനാധിപത്യത്തിനും മാനവികതക്കും വേണ്ടി സ്വീകരിച്ച കര്‍ക്കശമായ നിലപാടുകളിലൂടെ സ്വന്തം രാജ്യത്ത് ധിക്കാരിയായ എഴുത്തുകാരനായി ഓസ് മുദ്രകുത്തപ്പെടുകയാണുണ്ടായത്.
1939 മെയ് 4 ന് ജറൂസലേമിലാണ് ആമോസ് ഓസ് (Amos Oz) ജനിച്ചത്. കിഴക്കൻ യൂറോപ്പില്‍നിന്നും വന്ന കുടിയേറ്റക്കാരായിരുന്നു മാതാപിതാക്കള്‍. അക്കാദമിഷ്യനായിരുന്നു പിതാവ്. വിഷാദരോഗിയായിരുന്ന മാതാവ് ഓസിന്റെ പന്ത്രണ്ടാം വയസ്സിൽ ആത്മഹത്യ ചെയ്തു. ഇരുപതാമത്തെ വയസ്സിൽ ആമോസ് ഓസ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചു. തന്റെ രാജ്യത്തിന്റെ ജനനം മുതൽ സംഘർഷഭരിതമായ വർത്തമാനകാലം വരെയുള്ള സാമൂഹിക രാഷ്ട്രീയാന്തരീക്ഷമാണ് അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ഓസിന്റെ സാഹിത്യജീവിതത്തിലെ പ്രധാന പ്രതിപാദ്യവിഷയം.
അദ്ദേഹത്തിന്റെ രചനകൾ തീക്ഷ്ണതയേറിയ അക്ഷരക്കനലുകളാകുന്നത് അങ്ങനെയാണ്. മുപ്പത്തിമൂന്ന് പുസ്തകങ്ങളില്‍ ജൂദാസ്, ഇസ്്റാഈലിന്റെ കരയിൽ, എന്റെ മിഖായേൽ , അതേ കടൽ, കറുത്ത പെട്ടി, കുറുനരികൾ ഓരിയിടുന്നിടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. നോണ്‍ ഫിക്്ഷന്‍ വിഭാഗത്തില്‍ ഓർമക്കുറിപ്പുകളുടെ സമാഹാരമായ സ്നേഹത്തിന്റേയും അന്ധകാരത്തിന്റേയും കഥ ഇന്റര്‍നാഷനല്‍ ബെസ്റ്റ് സെല്ലറായി.
1940 കളിൽ രാഷ്ട്രീയ വിശുദ്ധിയുടേയും സഹിഷ്ണുതയുടേയും ഈറ്റില്ലമായിരുന്ന ജെറുസലേമില്‍നിന്നും ഇന്നത്തെ ജറുസലേമിലേക്കുള്ള രാഷ്ട്രീയ പിൻനടത്തങ്ങളുടെ ചിത്രങ്ങള്‍ ഓസ് ഇതില്‍ വരച്ചിടുന്നു. ഗ്രാമജീവിത ചിത്രങ്ങൾ, മതഭ്രാന്തനെ ചികില്‍സിക്കുമ്പോള്‍, പ്രിയ ദേശഭ്രാന്തരേ എന്നിവ പിൽക്കാല രചനകളാണ്. ഇപ്പോഴും ഒട്ടേറെ ഭാഷകളിൽ നിരന്തരം വായിക്കപ്പെടുന്നുണ്ട് ഈ എഴുത്തുകാരൻ. നൊബേൽ സമ്മാനത്തിന്റേയും ബുക്കര്‍ പ്രൈസിന്റേയും ചുരുക്കപ്പട്ടികയില്‍ ഒന്നിലധികം തവണ അദ്ദേഹം ഇടം പിടിച്ചിട്ടുണ്ടായിരുന്നു.
ഇസ്്റാഈലിലെ മുൻനിര എഴുത്തുകാരനായിരിക്കുമ്പോഴും ആ രാജ്യത്തിന്റെ ഫലസ്തീൻ വിരുദ്ധതയെ ആമോസ് ഓസ് ഒരിക്കലും അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരവധി അഭിമുഖങ്ങളിലൂടെയും അതിനെ പരസ്യമായി വിമർശിക്കാനും അദ്ദേഹം തന്റേടം കാണിച്ചു. ഫലസ്തീനുനേരെയുള്ള ഇസ്്റാഈലിന്റെ കടന്നാക്രമണങ്ങളിൽ അങ്ങേയറ്റം ഖിന്നനായിരുന്ന ഓസ് ഈ വിഷയത്തിൽ പ്രായോഗികമായ നടപടിയെടുക്കാന്‍ ഭരണകൂടങ്ങളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ദശാബ്ദങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാന്‍ ഇസ്്റാഈലിനെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. അതിനെത്തുടര്‍ന്ന് ഇസ്്റാഈലിലെ തീവ്രദേശീയവാദികളായ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കടുത്ത വിമര്‍ശം അദ്ദേഹത്തിന് നേരിടേണ്ടിവരികയും ചെയ്തു.
രാജ്യത്തിന്റെ ഒറ്റുകാരനെന്നും ഫലസ്തീനിന്റെ വക്താവെന്നും ഓസ് മുദ്രകുത്തപ്പെട്ടു. ഇസ്്റാഈൽ രാഷ്ട്രം രൂപവത്കരിച്ചതിന്റെ എഴുപതാം വാർഷികവേളയിൽ ഒരു ജർമൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഒരൊറ്റ സന്തുഷ്ട കുടുംബമല്ല; അസംതൃപ്തരായ രണ്ടു കുടുംബങ്ങളാണ്. ഒരു വീട്ടിനുള്ളില്‍ ഞങ്ങൾക്ക് സ്വസ്ഥമായി കഴിയാനാകില്ല. അതിനാൽ ഇത് രണ്ടു വീടുകളായി വിഭജിക്കണം. എങ്കിലേ ഞങ്ങളുടെ ജീവിതത്തിൽ ശാശ്വതമായ സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ.’ യഥാർഥത്തിൽ ഇത് ഓസിന്റെ മാത്രം അഭിപ്രായമായിരുന്നില്ല, ഇസ്്റാഈലിലെ സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാരായ നിരവധി പൗരന്മാരുടെ ആഗ്രഹം കൂടിയായിരുന്നു. ഭരണകൂട നൃശംസത ഭയപ്പെടുത്തി നിശബ്ദരാക്കി നിർത്തിയ അവരുടെ ശബ്ദം കൂടിയായിരുന്നു ആമോസ് ഓസിലൂടെ പുറംലോകം കേട്ടത്.
2018 ഡിസംബർ 28ന് എഴുപത്തിയൊന്‍പതാമത്തെ വയസ്സിലാണ് ആമോസ് ഓസ് അന്തരിച്ചത്. മാനവികതക്കുവേണ്ടി ദശാബ്ദങ്ങളോളം ലോകം മുഴുവൻ ഉച്ചൈസ്ഥരം ഉയർന്നുകേട്ട നിർഭയത്വത്തിന്റെ ആ ശബ്ദം നിലച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പക്ഷെ അദ്ദേഹത്തിന്റെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം മാറ്റമില്ലാതെ തുടരുകയാണ്. അവ മുമ്പത്തേക്കാൾ ഭീകരവും പ്രതിലോമകരവുമായിരിക്കുന്നു എന്നതാണ് സത്യം. അവക്കൊപ്പം വിഭാഗീയതയുടെ നിരവധി പ്രശ്നങ്ങൾ കൂടുതൽ ലോകരാഷ്ട്രങ്ങൾക്കുമേൽ അശാന്തിയുടെ അഗ്നിചൊരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം അവസരങ്ങളിലാണ് ഓസിനെപ്പോലെ മാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്നവരുടെ അസാന്നിദ്ധ്യം അപരിഹാര്യമായ നഷ്ടമായി മാറുന്നത്. ഓസിന്റെ നിര്യാണവാർത്ത കേട്ടപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തും സമകാലികനുമായ ഡേവിഡ് ഗ്രോസ്മാൻ ഇങ്ങനെ പറഞ്ഞു. “ആമോസ് ഓസിന്റെ മരണം ലോകത്തെ ചെറുതാക്കിക്കളഞ്ഞിരിക്കുന്നു. അത് വല്ലാതെ സങ്കുചിതമായിപ്പോയിരിക്കുന്നു.’