literature
അതിജീവനത്തിന്റെ അക്ഷരങ്ങൾ
ജന്മനാട്ടിൽ അന്യരും ആലംബഹീനരുമാക്കപ്പെട്ട ഒരു ജനതയുടെ ആത്മനൊമ്പരങ്ങളും ആത്മരോഷങ്ങളും അക്ഷരങ്ങളിലൂടെ ലോകം മുഴുവനും പടർത്തിയ കവിയാണ് മഹ്‌മൂദ് ദർവീശ്. ഇസ്്റാഈൽ അധിനിവേശം സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവുമായ തകർച്ചയുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് അദ്ദേഹം കവിതകളിൽ ചിത്രീകരിക്കുന്നത്. ഇസ്്റാഈൽ ഭരണകൂടത്തിന്റെ കൊടും ക്രൂരതകൾ ദശാബ്ദങ്ങളായി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഫലസ്തീൻ ജനതയുടെ സങ്കടങ്ങളും ആത്മരോഷങ്ങളും അവ തികഞ്ഞ സത്യസന്ധതയോടെ ആവിഷ്കരിക്കുന്നു.
ലോകമെമ്പാടും ഏറെ വായിക്കപ്പെടുന്ന മഹ്‌മൂദ് ദർവീശ് ഫലസ്തീനിലെ ദേശീയകവിയാണ്. എഴുത്തിലെ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾമൂലം നിരവധി തവണ ജയിലിലും വീട്ടുതടങ്കലിലും കഴിയേണ്ടിവന്ന കവിയാണ് അദ്ദേഹം. ദീർഘകാലത്തെ നാടുകടത്തലിനും അദ്ദേഹം വിധേയനായിരുന്നു. അതെല്ലാം പക്ഷെ ദർവീശിന്റെ സർഗശേഷിയെ കൂടുതൽ തീക്ഷ്‌ണമാക്കുകയാണ് ചെയ്തത്. അമ്പതു വർഷത്തോളം നീണ്ടുനിന്ന കാവ്യജീവിതത്തിൽ മുപ്പതോളം പുസ്തകങ്ങളിലായി നൂറുകണക്കിന് കവിതകളും ഒട്ടനവധി ഗദ്യരചനകളുമാണ് പിറവിയെടുത്തത്. ഇരുപതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അവ കവിയുടെ പ്രശസ്തി ലോകം മുഴുവനും പടർത്തിയിരിക്കുന്നു.
ഫലസ്തീനിലെ അൽ ബിർവ എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ 1941 മാർച്ച് 13 നാണ് മഹ്‌മൂദ് ദർവീശ് (Mahmoud Darwish) ജനിച്ചത്. 1948ൽ ഇസ്്റാഈൽ രാഷ്ട്രം രൂപവത്കൃതമായതോടെ അദ്ദേഹത്തിന്റെ ജന്മഗ്രാമം ഇസ്്റാഈൽ അധിനിവേശത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങി. ആയിരക്കണക്കിന് കുടുംബങ്ങളാണ് സ്വന്തം ഭൂമിയിൽനിന്നും അടിച്ചിറക്കപ്പെട്ടത്. അതിലുമധികം പേരെ കൂട്ടക്കൊലകൾക്ക് വിധേയരാക്കി. ഈയൊരു പശ്ചാത്തലത്തിലാണ് ദർവീശിന്റെ കുടുംബം ലെബനനിലേക്ക് പലായനം ചെയ്തത്. പിറ്റേവർഷം അധികാരികളറിയാതെ രഹസ്യമായി അവർ നാട്ടിൽ തിരിച്ചെത്തി. ഇസ്്റാഈലിന്റെ ഔദ്യോഗിക സെൻസസിൽ ഉൾപ്പെടാത്തതിനാൽ സ്വന്തം രാജ്യത്ത് അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് അഭയാർഥികളായി കഴിയാൻ വിധിക്കപ്പെട്ടവരായി അവർ. ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങൾ അക്കാലത്ത് അവിടെയുണ്ടായിരുന്നു. സ്കൂളിലും ജോലിസ്ഥലത്തും അവഗണനയും ക്രൂരതയും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരായിരുന്നു അവർ. പതിനാലാമത്തെ വയസ്സിൽ ഒരു കവിത എഴുതിക്കൊണ്ടാണ് ഈയൊരു വ്യവസ്ഥിതിയോട് ദർവീശ് കലഹിച്ചത്. അതോടെ അദ്ദേഹം ഇസ്്റാഈൽ ഭരണാധികാരികളുടെ നോട്ടപ്പുള്ളിയായി മാറുകയും ചെയ്തു. ഇനി കവിതയെഴുതരുതെന്ന ഇസ്്റാഈൽ പട്ടാളത്തിന്റെ താക്കീത് യഥാർഥത്തിൽ ദർവീശ് എന്ന കവിയേയും ആക്ടിവിസ്റ്റിനേയും പാകപ്പെടുത്തിയെടുക്കുന്നതിനുള്ള ഇന്ധനമായി മാറുകയാണുണ്ടായത്.
1960ൽ പത്തൊൻപതാമത്തെ വയസ്സിലാണ് ദർവീശിന്റെ ആദ്യ കവിതാസമാഹാരം “ചിറകില്ലാ കുരുവികൾ’ പുറത്തിറങ്ങിയത്. കവിതയിലെ പ്രതിപാദ്യവിഷയം അധികാരികളെ പ്രകോപിപ്പിച്ചപ്പോൾ അദ്ദേഹത്തെ കുറച്ചുകാലം അവർ തടവിലിട്ടു. 1964 ൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ കവിതാസമാഹാരം “ഒലീവ് ഇലകൾ’ ദർവീശിന്റെ കാവ്യജീവിതത്തിലെ വഴിത്തിരിവായി. ഈ പുസ്തകം അദ്ദേഹത്തെ ഫലസ്തീനിലും ഇസ്്റാഈലിലും ഒരുപോലെ ശ്രദ്ധേയനാക്കി. അതോടൊപ്പം ഭരണകൂടത്തിന്റെ ശിക്ഷാഹസ്തവും അദ്ദേഹത്തിന്റെ നേരെ നീണ്ടു. ദർവീശ് പക്ഷേ കുലുങ്ങിയില്ല. പൊതുവേദികളിലും വലിയ ജനസഞ്ചയങ്ങൾക്കുമുന്നിലും അദ്ദേഹം കവിതകൾ ചൊല്ലി. അതിജീവനത്തിന്റെ ഗാഥകളായിരുന്ന അവ പതിനായിരക്കണക്കിനുള്ള സഹജീവികളിൽ ചെറുത്തുനിൽപ്പിനുള്ള ആവേശമുണർത്തിയിരുന്നു. എഴുത്തുകാരനെ നിരന്തരം വേട്ടയാടാൻ അവ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്തു. എഴുപതുകൾ ആയപ്പോഴേക്കും ജന്മനാട്ടിലെ സാമൂഹിക സ്ഥിതിഗതികൾ കൂടുതൽ അശാന്തവും സംഘർഷഭരിതവുമായതോടെ നീണ്ട പ്രവാസത്തിന് കവി നിർബന്ധിതനായി. തുടർന്ന് സോവിയറ്റ് യൂനിയനിലേക്ക് പോയ ദർവീശ് മോസ്‌കോ സർവകലാശാലയിൽ ചേർന്നു. പിന്നീട് കുറേക്കാലം കെയ്‌റോവിലും ബെയ്‌റൂത്തിലും ജീവിതം ചെലവഴിച്ചു. 1987 മുതൽ 1996 വരെ പലസ്തീൻ വിമോചന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിച്ച ദർവീശിന് 1996 ൽ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ അധികാരികൾ അനുവാദം നൽകി. തുടർന്ന് റാമല്ലയിലെ വെസ്റ്റ് ബാങ്കിൽ അദ്ദേഹം താമസമാക്കി. 2008ൽ ടെക്‌സാസിലെ ഹൂസ്റ്റണിൽ െവച്ച് ഈ എഴുത്തുകാരൻ ജീവിതത്തോട് വിട പറഞ്ഞു.
ജന്മനാട്ടിൽ അന്യരും ആലംബഹീനരുമാക്കപ്പെട്ട ഒരു ജനതയുടെ ആത്മനൊമ്പരങ്ങളും ആത്മരോഷങ്ങളും അക്ഷരങ്ങളിലൂടെ ലോകം മുഴുവനും പടർത്തിയ കവിയാണ് മഹ്‌മൂദ് ദർവീശ്. ഇസ്്റാഈൽ അധിനിവേശം സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവുമായ തകർച്ചയുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് അദ്ദേഹം കവിതകളിൽ ചിത്രീകരിക്കുന്നത്. ഇസ്്റാഈൽ ഭരണകൂടത്തിന്റെ കൊടും ക്രൂരതകൾ ദശാബ്ദങ്ങളായി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഫലസ്തീൻ ജനതയുടെ സങ്കടങ്ങളും ആത്മരോഷങ്ങളും അവ തികഞ്ഞ സത്യസന്ധതയോടെ ആവിഷ്കരിക്കുന്നു. തിരിച്ചറിയൽ കാർഡ്, പാസ്സ്‌പോർട്ട്, ഉപരോധത്തിന്റെ വേദി, മനുഷ്യമാംസത്തിന്റെ സംഗീതം, ഞാൻ മറ്റൊരാളായിരുന്നെങ്കിൽ, റീത്തയും റൈഫിളും തുടങ്ങിയ കവിതകളിലെല്ലാം ഫലസ്തീൻ ജനജീവിതത്തിന്റെ നടുക്കുന്ന ചിത്രങ്ങളാണ് ദൃശ്യവത്കരിക്കുന്നത്.
ദർവീശിന്റെ തൂലികയിൽനിന്നും പിറന്ന കവിതകളെല്ലാം കൈകാര്യം ചെയ്യുന്നത് പൊള്ളുന്ന വിഷയങ്ങളാണ്. അതേസമയം ഭാഷയുടെ ലാളിത്യവും കാവ്യാത്മക ബിംബങ്ങളുടെ സമൃദ്ധിയും അവക്ക് ആസ്വാദ്യകരമായൊരു വായനാനുഭവം നൽകുന്നുമുണ്ട്. പുരാതന അറബ് സാഹിത്യവും ബൈബിളും ഗ്രീക്ക് റോമൻ പുരാണങ്ങളുമെല്ലാം അദ്ദേഹം എഴുത്തിന് അവലംബിച്ചിരുന്നു. അവയെ തന്റെ നാടിന്റെ സാമൂഹിക യാഥാർഥ്യങ്ങളുമായി അദ്ദേഹം ഇഴചേർക്കുകയും ചെയ്തു. ഫലസ്തീൻ ചിലപ്പോൾ മാതാവായും മറ്റു ചിലപ്പോൾ ക്രൂരയായൊരു പ്രേയസിയായും ദർവീശിന്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫലസ്തീൻ എന്ന വികാരത്തെ അവിടുത്തെ ജനലക്ഷങ്ങളുടെ മനസ്സിൽ ജ്വലിപ്പിച്ചുനിർത്തിയ കവിയായിരുന്നു അദ്ദേഹം.
ഫലസ്തീനിലെ പൊരുതുന്ന ജനതയുടെ നാവായിരുന്നു മഹ്‌മൂദ് ദർവീശ്. ഉഭയകക്ഷി ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വിദൂരഭാവിയിലെങ്കിലും ഫലസ്തീനും ഇസ്്റാഈലും തമ്മിലുള്ള ശത്രുതക്ക് ശമനമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു. അതിനുവേണ്ടി ആത്മാർഥമായ ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. പക്ഷെ അവയൊന്നും ഫലം കണ്ടില്ല. ദർവീശിന്റെ പ്രതീക്ഷയും പ്രത്യാശയും ഇനിയും ഏറെ അകലെയാണെന്നതാണ് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നത്.