Connect with us

Articles

വായനയെ പുനരാവിഷ്‌കരിച്ച അക്ഷരങ്ങള്‍

മലയാളി മുസ്ലിംകളുടെ വായനാബോധത്തെ പുതുക്കിപ്പണിയുകയും നിര്‍മാണപരവും ക്രിയാത്മകവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്താണ് മലയാളത്തില്‍ രിസാല സാന്നിധ്യമുറപ്പിച്ചത്.

Published

|

Last Updated

സാഹിത്യ സംവാദങ്ങളുടെയും ഫെസ്റ്റിവലുകളുടെയും നിറഞ്ഞ വേദിയാണ് മലയാളം. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ എത്ര സാഹിത്യ ഉത്സവങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്? മലയാളത്തിന്റെ 21ാം ശതകം സാഹിത്യ സംവാദങ്ങളുടേതാണ് എന്ന് എളുപ്പത്തില്‍ അടയാളപ്പെടുത്താന്‍ കഴിയും. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്‌കോ കോഴിക്കോടിനെ തിരഞ്ഞെടുത്തത് ഈ ശതകത്തിന്റെ വളരെ വിശേഷപ്പെട്ട വര്‍ത്തമാനമാണല്ലോ. മലയാളത്തിന്റെ വായനാ സംസ്‌കാരത്തിനും എഴുത്ത് വഴക്കങ്ങള്‍ക്കും കൈവന്ന ലോക അംഗീകാരമായാണ് നമ്മളതിനെ സ്വീകരിച്ചത്. സുഗന്ധവ്യഞ്ജനങ്ങള്‍ ലോകത്തിന് പകര്‍ന്നു നല്‍കിയ കേരളത്തിന്റെ ചരിത്രഭൂമികയെ സാഹിത്യഭൂമിയാക്കി മാറ്റി വാര്‍ക്കുകയായിരുന്നു പുതുമലയാളികള്‍ എന്നതാണ് ഏറ്റവും സത്യസന്ധമായ നിരീക്ഷണം.

മലയാളത്തിന്റെ വായനാഭിരുചിയും സര്‍ഗ മനോഭാവവും സ്വരൂപിക്കുന്നതില്‍ പ്രസിദ്ധീകരണ മാഗസിന്‍ പ്രസ്ഥാനത്തിന് വലിയ സ്വാധീനമുണ്ട്. എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ക്ക് പേരുകേട്ട മണ്ണാണ് മലയാളം, വിശേഷിച്ച് കോഴിക്കോട്. വായന -എഴുത്ത് സമ്പ്രദായങ്ങള്‍ക്ക് വിശേഷ രൂപവും ഭാവവും ഉണ്ടായിരുന്ന ദേശമാണ് കോഴിക്കോട് നഗരം. ചരിത്രത്തിന്റെ ദിശ നിര്‍ണയിക്കുകയും നിശ്ചയിക്കുകയും ചെയ്ത അനേകം പ്രസാധനങ്ങള്‍ക്ക് സാക്ഷിയായ ഈ നഗരത്തില്‍ നിന്ന് തന്നെയാണ് രിസാല പ്രസാധനം സാധ്യമായത്. 1973ല്‍ രൂപവത്കരിക്കപ്പെട്ട എസ് എസ് എഫിന്റെ മുഖപത്രമായാണ് 1983ല്‍ രിസാല പ്രസിദ്ധീകരണമാരംഭിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷം രിസാലയുടെ സാന്നിധ്യം മലയാളത്തില്‍ എങ്ങനെയാണ് അടയാളപ്പെട്ടിട്ടുള്ളത് എന്നത്, പ്രസിദ്ധീകരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചറിയിക്കുന്നുണ്ട്.

മലയാളി മുസ്ലിംകളുടെ വായനാബോധത്തെ പുതുക്കിപ്പണിയുകയും നിര്‍മാണപരവും ക്രിയാത്മകവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്താണ് മലയാളത്തില്‍ രിസാല സാന്നിധ്യമുറപ്പിച്ചത്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും മാധ്യമ വിചാരങ്ങള്‍ക്കും മലയാളത്തിന് പുതുമയും ധൈര്യവുമുള്ള ഭാവുകത്വം പകര്‍ന്നുനല്‍കി എന്നതാണ് രിസാലയുടെ എക്കാലത്തെയും വലിയ മികവ്. ബഹുസ്വരവും പാരമ്പര്യബോധ്യവും ചേര്‍ന്ന കാഴ്ചപ്പാട് നല്‍കി മലയാളി വിദ്യാര്‍ഥിബോധത്തെ രൂപപ്പെടുത്തിയ രിസാല, വായനക്കാരുടെ ഇഷ്ടവായനാ വിഭവമായി സ്ഥാനമുറപ്പിച്ചു.

ഭരണഘടനയുടെ നട്ടെല്ലിലൂടെ നിലനില്‍ക്കുന്ന ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും അതിനേല്‍ക്കുന്ന കീടബാധയെ നശിപ്പിക്കുന്നതിലും രിസാല ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും ദൗത്യവും ചെറുതല്ല. അധികാര കേന്ദ്രങ്ങളെയും ജനാധിപത്യത്തിന്റെ ഞരമ്പുകളെയും വിഷബാധ ഏല്‍ക്കുന്ന രംഗങ്ങളിലെല്ലാം രിസാല ഉറച്ച ശബ്ദത്തോടെ പോരാടിയിട്ടുണ്ട്. ഇസ്ലാമിക പാരമ്പര്യവും ജ്ഞാന സംസ്‌കൃതിയും അടയാള വാക്യമായി സ്വീകരിക്കുന്ന രിസാല, വിശ്വാസത്തിന്റെ സമ്പന്നവും സൗമ്യവുമായ നിലയും നിലപാടും പ്രഘോഷണം ചെയ്യുന്നതില്‍ വലിയ വിജയം നേടിയിട്ടുണ്ട്. ഇസ്ലാമിസ്റ്റ് രൂപഭാവങ്ങളുടെ പൊയ്മുഖങ്ങള്‍ തുറന്നുകാണിക്കുകയും വ്യാജ സമുദായ പരിവേഷങ്ങളെ വിചാരണക്ക് വിധേയമാക്കുകയും ചെയ്താണ് രിസാല, അതിന്റെ സര്‍ഗാത്മക സമരത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

കേരളത്തിലെ മുന്‍നിര വായനക്കാരുടെയും എഴുത്തുകാരുടെയും സ്ഥിരം വായനക്കൂട്ടായി രിസാല കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ മാറിയിട്ടുണ്ട്. പ്രതിഷേധങ്ങളും പ്രതിശബ്ദങ്ങളും അലറുന്ന ഒച്ചകളാകരുതെന്നും ബോധ്യങ്ങളുടെ, പരസ്പര കൈമാറ്റങ്ങളുടെ, ഉള്ളൊച്ചകളുടെ സംവാദങ്ങളാകണമെന്നും രിസാലക്ക് നിര്‍ബന്ധമുണ്ട്. ശബ്ദം- നിശബ്ദം എന്നാണ് പുതിയ പ്രചാരണ കാലത്തെ രിസാലയുടെ പ്രമേയം. ശബ്ദങ്ങള്‍ വലിയ മാധ്യമമായി മാറുന്ന കാലത്ത് ഒച്ചകളുടെ സര്‍ഗാത്മ സാന്നിധ്യത്തെ കുറിക്കുന്ന പ്രചാരണ വാക്യം, മലയാളത്തിലെ സംവാദങ്ങളോടുള്ള വിമര്‍ശവും മാറ്റത്തെ കുറിച്ചുള്ള പ്രായോഗിക ആലോചനയുമാണ്. ബാബരി, അംബേദ്കര്‍, ആദിവാസി, പരിസ്ഥിതി, വിദ്യാര്‍ഥിത്വം, വഖ്ഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്രശ്നങ്ങള്‍ തുടങ്ങി മലയാളി ആലോചനകളെ സംബന്ധിച്ച പ്രധാന സന്ദര്‍ഭങ്ങളെല്ലാം രിസാല പ്രത്യേകം ശ്രദ്ധയോടെ കൈകാര്യംചെയ്തു. തീക്ഷ്ണമായ വിചാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ തന്നെയും തീവ്ര വികാരങ്ങള്‍ കുത്തിയിളക്കുന്നതില്‍ നിന്ന് രിസാല മാറിസഞ്ചരിച്ചു. എന്നല്ല, അത്തരം തീവ്ര മനോഭാവങ്ങളെ ചെറുത്തുനില്‍ക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്തു.

രിസാലയുടെ വരവും വളര്‍ച്ചയും പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കണ്ടത്. ആ പ്രതീക്ഷകളെ രിസാല തെറ്റിച്ചില്ല. വായനക്കാരുടെ മികച്ച പിന്തുണയോടെ രിസാലയുടെ പ്രവാസ തലം, പ്രവാസി രിസാല എന്ന പേരില്‍ പ്രസിദ്ധീകരണം തുടങ്ങി ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും ദൃശ്യങ്ങള്‍ക്കും വലിയ സാധ്യത തുറന്നുകിട്ടിയ പുതിയ ലോകത്ത്, അപ്ഡേറ്റ് എന്ന പേരില്‍ രിസാല പുതിയ വിജ്ഞാന വാതില്‍ തുറന്നിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. ഡിജിറ്റല്‍ സ്പെയ്സിലെ നല്ലൊരു സാന്നിധ്യവും സാധ്യതയുമായി വിലയിരുത്തപ്പെടുന്ന രിസാല, സംവാദങ്ങളെ അടച്ചുവെക്കുകയല്ല, ആര്‍ജവത്തോടെ തുറന്നുവിടുകയാണ്.

 

Latest