Business
രക്താര്‍ബുദം: നിര്‍ണായക ചികിത്സയ്ക്കുള്ള ചെലവ് 90 ശതമാനം വരെ കുറയ്ക്കും; പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്
കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ചെലവ് കുറയ്ക്കാന്‍ യു എസ് ആസ്ഥാനമായ കെയറിങ് ക്രോസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത് അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍.

അബൂദബി | രക്താര്‍ബുദ ചികിത്സയിലെ നാഴികക്കല്ലായ കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കന്‍ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജന് റിസെപ്റ്റര്‍ ടി-സെല്‍ തെറാപ്പി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രാദേശികതലത്തില്‍ നിര്‍മിക്കും.
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന നൂതന അര്‍ബുദ ചികിത്സാ രീതിയായ കാര്‍-ടി സെല്‍ തെറാപ്പിക്ക് യു എസിലും യൂറോപ്പിലും 350,000 മുതല്‍ 10 ലക്ഷം യു എസ് ഡോളറിലധികം വരെയാണ് ചെലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താര്‍ബുദങ്ങളുടെ ചികിത്സയില്‍ പ്രധാന പങ്കുവഹിക്കുന്ന തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോഴാണ് നടത്തുന്നത്. എന്നാല്‍, ഉയര്‍ന്ന ചികിത്സാ ചെലവ് കാരണം ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുര്‍ജീല്‍-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചെലവ് 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
പ്രാദേശികമായി കാര്‍-ടി സെല്‍ തെറാപ്പി വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കള്‍, പ്രത്യേക പരിശീലന ക്ലാസുകള്‍, ക്ലിനിക്കല്‍ ഡെവലപ്‌മെന്റിന് ആവശ്യമായ ലെന്റിവൈറല്‍ വെക്റ്റര്‍ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ നല്‍കുന്നതിലൂടെയും
പ്രാദേശിക ലഭ്യത വര്‍ധിപ്പിക്കുന്നതിലൂടെയും ഇത്തരം അത്യാധുനിക ജീവന്‍രക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.
പദ്ധതിയുടെ പ്രഖ്യാപനം ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി, കെയറിങ് ക്രോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
‘ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകള്‍ ജനാധിപത്യവത്കരിക്കാനാണ് ബുര്‍ജീല്‍ ശ്രമിക്കുന്നത്. ഈ നിര്‍ണായക പങ്കാളിത്തം മെഡിക്കല്‍ നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും പ്രധാന പങ്കുവഹിക്കും.’- ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സി ഇ ഒ. ജോണ്‍ സുനില്‍ പറഞ്ഞു. ആഗോളതലത്തില്‍ നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാന്‍സര്‍ ചികിത്സകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം സഹായകമാകുമെന്ന് ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കിയും വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കായുള്ള കാര്‍-ടി സെല്‍ തെറാപ്പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയില്‍ എച്ച് ഐ വി പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയും പരീക്ഷിക്കും.
പ്രമേഹരോഗികള്‍ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കന്‍ സ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് ബുര്‍ജീല്‍ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചു. ആരോഗ്യ സംരക്ഷണം പുനര്‍നിര്‍വചിക്കുന്ന ചര്‍ച്ചകള്‍, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ ബുര്‍ജീല്‍ ബൂത്ത് വേദിയാകും. അബൂദബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ഒഫിഷ്യല്‍ ഹെല്‍ത്ത്‌കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പാര്‍ട്ണറായ ബുര്‍ജീല്‍ നിര്‍മിത ബുദ്ധി (എ ഐ), സങ്കീര്‍ണ പരിചരണം, പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക്‌സ്, അര്‍ബുദ പരിചരണം, സ്‌പേസ് മെഡിസിന്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.