Articles
ഗ്രന്ഥശാലകളാണ് അടുത്ത ലക്ഷ്യം
വായനകളാണ് രാഷ്ട്രീയ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നത് എന്ന് സംഘ്പരിവാറിന് നന്നായി അറിയാം. തങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ വായനയും എഴുത്തും കൈവശമുള്ളവരാണെന്നും അവര്‍ക്കറിയാം. എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ചെറുകിട പ്രസാധകരെയും എളുപ്പം നിശ്ശബ്ദമാക്കാന്‍ ഇതിലൂടെ കഴിയും.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ലൈബ്രറീസ് സംഗമത്തില്‍ ഇന്ത്യയിലെ ലൈബ്രറിയുടെ ആസ്ഥാനമായ രാജാറാം മോഹൻറോയ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ അതീവ ഗൗരവമുള്ള ഒരു പ്രസ്താവന നടത്തുകയുണ്ടായി. രാജ്യത്തെ ഗ്രന്ഥശാലകളെ മുഴുവന്‍ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. വായനശാലകളുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യം എടുത്തുകളയുകയും കേന്ദ്ര സര്‍ക്കാറിന് ആധിപത്യം ഉണ്ടാക്കുകയുമാണ് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ആഹാര തളികയിലും അടുക്കളയിലും തുടങ്ങി സ്വാതന്ത്ര്യ നിഷേധം ഇപ്പോള്‍ ഗ്രന്ഥശാലകളിലും എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.
നിങ്ങള്‍ ഇനി മുതല്‍ ഞങ്ങള്‍ പറയുന്നത് മാത്രം വായിച്ചാല്‍ മതി എന്ന് ഉത്തരവിടുന്നതിനോളം വലിയ അപരാധമെന്താണുള്ളത്. നമ്മുടെ രാജ്യത്തെ പോലെ തന്നെ രാജ്യത്തെ ലൈബ്രറികളും ബഹുസ്വരമാണ്. ഒരാള്‍ക്ക് ഇഷ്ടമുള്ള മതത്തെ പറ്റി, സംസ്‌കാരത്തെ പറ്റി, ശാസ്ത്രങ്ങളെ പറ്റിയൊക്കെ വായിക്കാനാകും. അനേകം വിജ്ഞാന ശാഖകളിലേക്ക് പടര്‍ന്നുകിടക്കുന്ന ഗ്രന്ഥശാലകളില്‍, തങ്ങളുടെ ആശയങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ക്ക് മാത്രം അനുമതി നല്‍കുന്നതിലൂടെ രാജ്യത്തെ ബഹുസ്വരതക്ക് തന്നെയാണിവര്‍ കത്തിവെക്കുന്നത്.
ഒരു രാജ്യത്തിന് ഒരു ലൈബ്രറി എന്ന ആശയത്തിലൂടെ രാജ്യത്തെ ഗ്രന്ഥശാലകളെ നവീകരിക്കുകയാണ് ലക്ഷ്യമെന്നാണ് സംഘ്പരിവാറിന്റെ വാദം. ഇന്ത്യയുടെ പൗരാണിക ചരിത്രങ്ങളും സംസ്‌കാരങ്ങളും ലോകത്തിന് പരിചയപ്പെടുത്താനും തങ്ങള്‍ക്ക് ലക്ഷ്യമുണ്ടെന്ന് സംഘ്പരിവാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍, അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കപട കുതന്ത്രങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
ഒരു രാഷ്ട്രം ഒരു ലൈബ്രറി എന്ന ആശയം വരുന്നതിലൂടെ വളരെ എളുപ്പത്തില്‍ അവര്‍ക്ക് സംഘ്പരിവാറിന്റെ ആശയങ്ങള്‍ക്കെതിരെ വരുന്ന അപശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാകും. 46,746 ലൈബ്രറികളാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ ചരിത്രങ്ങള്‍ മായ്ച്ചുകളഞ്ഞ്, പുതിയ ചരിത്രങ്ങള്‍ എഴുതി പാഠശാലകളില്‍ വിതരണം ചെയ്യുന്നതോടൊപ്പം, ലൈബ്രറികളില്‍ കൂടി അധികാരം വരുന്നതോടെ തങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം വായിച്ചാല്‍ മതിയെന്ന രീതിയിലേക്കാകും കാര്യങ്ങള്‍ സഞ്ചരിക്കുക. ഫാസിസ്റ്റ് ആശയങ്ങള്‍ക്കെതിരെയുള്ള പുസ്തകങ്ങള്‍ നിരോധിക്കുന്നതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
വായനകളാണ് രാഷ്ട്രീയ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നത് എന്ന് സംഘ്പരിവാറിന് നന്നായി അറിയാം. തങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ വായനയും എഴുത്തും കൈവശമുള്ളവരാണെന്നും അവര്‍ക്കറിയാം. എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ചെറുകിട പ്രസാധകരെയും എളുപ്പം നിശ്ശബ്ദമാക്കാന്‍ ഇതിലൂടെ കഴിയും.
സാംസ്‌കാരിക രംഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. സംഘ്പരിവാറിനെ ഏഴയലത്ത് മാറ്റിനിര്‍ത്തുന്നതില്‍ കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് നിസ്തുല്യമായ പങ്കുണ്ടെന്ന് നമുക്ക് ബോധ്യപ്പെടും. കേരളത്തിലെ മനുഷ്യരുടെ രാഷ്ട്രീയ വീക്ഷണങ്ങളും ഫാസിസത്തോടുള്ള ജാഗ്രതയും അത്തരത്തിലുള്ള വായനകളിലൂടെ രൂപപ്പെട്ട് വന്നതാണ്. ഏറ്റവും കൂടുതല്‍ ഗ്രന്ഥശാലകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 9,515 ഗ്രന്ഥശാലകള്‍ ലൈബ്രറി കൗണ്‍സിലിന് കീഴില്‍ മാത്രം സ്ഥിതി ചെയ്യുന്നുണ്ട്. അതു കൂടാതെ ഓരോ ഗ്രാമങ്ങളിലെ ക്ലബുകള്‍ക്ക് കീഴില്‍ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ സംഘടനകള്‍ക്ക് കീഴിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഇവ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഗ്രന്ഥശാലകളുടെ നിലനില്‍പ്പാണ് രാഷ്ട്രീയ ബോധ്യമുള്ള പൗരന്മാരെ വാര്‍ത്തെടുത്തത്.
നമ്മള്‍ അതീവ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പ്രാദേശികതലം മുതല്‍ ദേശീയതലം വരെ നീളുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനകള്‍ക്ക് അനേകം കാര്യങ്ങള്‍ ചെയ്യാനുണ്ട്. വളര്‍ന്ന് വരുന്ന വിദ്യാര്‍ഥികളെ വായനാ ലോകത്തേക്ക് കൈപിടിക്കുകയും രാജ്യത്തിന്റെ ചരിത്രം പറഞ്ഞ് മനസ്സിലാക്കുകയും വേണം.