Connect with us

Articles

ജീവനെടുക്കുന്ന കോച്ചിംഗ് സെന്ററുകള്‍

രാജ്യത്തെ ഉന്നത മെഡിക്കല്‍, എന്‍ജിനീയറിംഗ് കലാലയങ്ങളില്‍ പ്രവേശനം നേടുന്നവരിലധികവും രാജസ്ഥാനിലെ കോട്ടയിലെ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണെന്ന ഖ്യാതിയുണ്ടെങ്കിലും അവിടെ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. പഠന സമ്മര്‍ദം മൂലം രണ്ടാഴ്ച മുമ്പ് രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തതോടെയാണ് കോട്ട വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Published

|

Last Updated

രാജസ്ഥാനിലെ കോട്ട രാജ്യത്തെ പേരുകേട്ട കോച്ചിംഗ് ഹബ്ബാണ്. മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കോട്ടയിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ഉന്നത മെഡിക്കല്‍, എന്‍ജിനീയറിംഗ് കലാലയങ്ങളില്‍ പ്രവേശനം നേടുന്നവരിലധികവും കോട്ടയിലെ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണെന്ന ഖ്യാതിയുണ്ടെങ്കിലും അവിടെ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. പഠന സമ്മര്‍ദം മൂലം രണ്ടാഴ്ച മുമ്പ് രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തതോടെയാണ് കോട്ട വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 23 ആയി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കോട്ടയില്‍ മാത്രം പൊലിഞ്ഞത് 110 വിദ്യാര്‍ഥി ജീവനുകളാണ്. ഇതിനിടയില്‍ ആത്മഹത്യയില്ലാതെ കടന്നുപോയ ഒരേയൊരു വര്‍ഷം കൊവിഡ് മൂലം ലോക്ക്ഡൗണായിരുന്ന 2021 മാത്രമാണ്. ലോക്ക്ഡൗണിന് ശേഷം കോച്ചിംഗ് സെന്ററുകള്‍ സജീവമായതോടെ ആത്മഹത്യകളും സജീവമായി.

വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും, ചെറിയ ചെറിയ പരാജയങ്ങള്‍ വലിയ വിജയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വിദ്യാര്‍ഥികളുടെ മനോനില മനസ്സിലാക്കി അധ്യാപകരും രക്ഷിതാക്കളും സമൂഹവും അവരെ സഹായിക്കണമെന്നുമാണ് സംഭവത്തെക്കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചത്. പക്ഷേ, വിദ്യാര്‍ഥികളുടെ മാനസിക സമര്‍ദം പരിഹരിക്കുന്നതിനു പകരം സംഭവ വികാസങ്ങള്‍ മൂടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആത്മഹത്യക്ക് വേണ്ടി വിദ്യാര്‍ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന സീലിംഗ് ഫാനുകള്‍ക്ക് സ്പ്രിംഗ് ഘടിപ്പിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുന്നത് തടയാനായി വരാന്തയില്‍ ഇരുമ്പ് നെറ്റും ഇരുമ്പ് വേലിയും സ്ഥാപിച്ചും തീര്‍ത്തും പരിഹാസ്യമായ രീതികളെയാണ് ആത്മഹത്യ തടയാനായി അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.

ഡിപ്രഷന്‍, ഭാരമാകുന്ന പഠന രീതികള്‍, കടുത്തമത്സരം, ഒന്നാമതെത്തണമെന്ന സമ്മര്‍ദം, മാതാപിതാക്കളുടെ പ്രതീക്ഷാഭാരം, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, അടിക്കടിയുള്ള പരീക്ഷകള്‍, ഹോം സിക്ക്‌നെസ്സ് തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് വിദ്യാര്‍ഥികളെ ചെന്നെത്തിക്കുന്നത്. മറ്റു ചിലര്‍ ഇടക്ക് പഠനം നിര്‍ത്തുകയോ മദ്യത്തിലും മയക്കുമരുന്നിലും ആശ്വാസം കണ്ടെത്തുകയോ ചെയ്യുന്നു. ഇവയെല്ലാം കോട്ടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കേരളത്തിലെ വന്‍ ബിസിനസ്സ് സാമ്രാജ്യമായി വളര്‍ന്ന എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളിലേക്ക് കൂടി നീളുന്നവയാണ്.

രാജ്യത്തെ തന്നെ ഏറ്റവും കോമ്പറ്റീഷനുള്ള പരീക്ഷകളാണ് മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍. പ്രത്യേക പരിശീലനങ്ങള്‍ കൂടാതെ നീറ്റ്, ജെ ഇ ഇ കടമ്പ കടക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എന്‍ട്രന്‍സ് കോച്ചിംഗ് കേരളത്തിലെ സുപ്രധാന ബിസിനസ്സ് മേഖലയായി വളര്‍ന്നത്. ഐ ഐ ടി പോലെയുള്ള ഉന്നത കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരെയും, എം ബി ബി എസ് ഡോക്ടര്‍മാരെയും കോച്ചിംഗ് സെന്ററുകളിലെ അധ്യാപകരാക്കിയതോടെ രംഗം കൊഴുത്തു. വൈകാതെ പ്ലസ്ടു സയന്‍സിനു ശേഷം ഡോക്ടര്‍, എന്‍ജിനീയറിംഗ് എന്നതിനപ്പുറം വേറെ വഴികളില്ലാതായി.

പ്രതിവര്‍ഷം ഇരുപത് ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതുന്ന നീറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ തലത്തില്‍ അമ്പതിനായിരം പേര്‍ക്കേ എം ബി ബി എസ് പ്രവേശനം സാധ്യമാകൂ. ആ അമ്പതിനായിരത്തിലൊന്നായിത്തീരാനാണ് നമ്മുടെ ലിബറലൈസ്ഡ് പേപ്പര്‍ മൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന എ പ്ലസ് ബലത്തില്‍ വിദ്യാര്‍ഥികളെ പറഞ്ഞുവിടുന്നതെന്നോര്‍ക്കണം. അഭിരുചികള്‍ക്കും ആഗ്രഹങ്ങള്‍ക്കുമപ്പുറം രക്ഷിതാക്കളുടെ ബലിയാടാകാനാണ് മിക്ക വിദ്യാര്‍ഥികളുടെയും വിധി. തങ്ങള്‍ക്ക് നടക്കാതെ പോയ ഡോക്ടര്‍ സ്വപ്‌നങ്ങള്‍ മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളേറെയാണ്. ഒരാളുടെ അഭിരുചിക്കിണങ്ങാത്ത പഠനവും പരിശീലനവും അയാളുടെ ജീവിതത്തില്‍ സാരമായ പ്രയോജനമോ മേന്മയോ വരുത്തില്ലെന്ന മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം നാം മുഖവിലക്കെടുക്കേണ്ടതുണ്ട്.

കോച്ചിംഗ് പ്രവേശനത്തിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷ നടത്തണമെന്ന കോട്ടയിലെ ആത്മഹത്യയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം ഏറെ പ്രസക്തമാണ്. മെഡിക്കലിനും എന്‍ജിനീയറിംഗിനുമപ്പുറം നിരവധി അവസരങ്ങളും ഗവേഷണ സാധ്യതകളുമുണ്ടെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി, അഭിരുചിക്കനുസരിച്ച് കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് വകവെച്ചു നല്‍കുകയാണ് വേണ്ടത്.
കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ഥികളെ ശാസ്ത്രം പഠിപ്പിക്കുകയല്ലെന്നും മത്സര പരീക്ഷാ കടമ്പകള്‍ കടക്കാന്‍ ട്രെയിന്‍ ചെയ്യുകയാണെന്നുമുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്. നീറ്റ് കടമ്പ കടക്കണമെങ്കില്‍ ഒരു വിദ്യാര്‍ഥി ദിവസവും ഇരുനൂറും മുന്നൂറും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ചെയ്തു പഠിക്കുക എന്നല്ലാതെ വേറെ മാര്‍ഗങ്ങളില്ല. ഇത്തരം പരീക്ഷകള്‍ക്ക് വേണ്ടി രണ്ടും മൂന്നും വര്‍ഷം ചെലവഴിച്ച വിദ്യാര്‍ഥികളിലെ ശാസ്ത്ര വിജ്ഞാനങ്ങളിലെ അഭാവം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥക്ക് വരുത്തുന്ന പരുക്കുകള്‍ ചെറുതാകില്ല.

പ്ലസ്ടു കാലത്തെ കോച്ചിംഗ് പഠനം മത്സര പരീക്ഷകളില്‍ മുഖ്യമായും ഫോക്കസ് ചെയ്യുന്നത് മൂലം ബോര്‍ഡ് എക്‌സാമില്‍ കാര്യമായ ശ്രദ്ധയില്ലാതെ പോകുന്ന വിദ്യാര്‍ഥികള്‍ നിരവധിയുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിംഗ് പരീക്ഷകളില്‍ യോഗ്യത നേടാനാകാതെ മറ്റുള്ള മേഖലകളിലേക്ക് തിരിയേണ്ടി വരുമ്പോള്‍ ബോര്‍ഡ് എക്‌സാമിലെ മാര്‍ക്കിന്റെ കുറവ് മറ്റു കോഴ്‌സുകളുടെ അഡ്മിഷനെ കാര്യമായി ബാധിക്കുകയും ചെയ്യും.

മെഡിക്കല്‍, എന്‍ജിനീയറിംഗ് മേഖലയില്‍ ശേഷിയും അഭിരുചിയുമുള്ള വിദ്യാര്‍ഥികള്‍ അതില്‍ ചേര്‍ന്ന് പഠിക്കട്ടെ. അതുവഴി അവര്‍ ജനസേവനം ചെയ്യട്ടെ. കോച്ചിംഗ് സെന്ററുകള്‍ അക്കാദമിക് നിലവാരത്തോടൊപ്പം വിദ്യാര്‍ഥികളുടെ മാനസിക നിലവാരവും ഉറപ്പുവരുത്തണം. എല്ലാവര്‍ക്കും സീറ്റ് ലഭിക്കില്ലെന്ന യാഥാര്‍ഥ്യം വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും സമ്മര്‍ദങ്ങള്‍ കൂടാതെ ബെസ്റ്റ് എഫര്‍ട്ട് സംസ്‌കാരം അവരില്‍ രൂപപ്പെടുത്തുകയും വേണം. മത്സര പരീക്ഷകള്‍ ജയിപ്പിക്കുകയെന്നതിനൊപ്പം തുടര്‍ പഠനത്തിലേക്ക് മനസ്സൊരുക്കുകയും വേണം. വലിയ സ്ഥാപനങ്ങളില്‍ ഇടം കിട്ടിയതിന് ശേഷം പഠനം കൂപ്പുകുത്തിയാലുണ്ടാകുന്ന ഇയര്‍ ഔട്ടും ബാക്ക് പേപ്പര്‍ കെണിയും ഇതുവഴി രക്ഷപ്പെടുത്താനാകും.

പതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള കുട്ടികളാണ് ഇവിടങ്ങളിലുള്ളവരിലധികവും. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ ഇവരെ തളരാന്‍ അനുവദിച്ചുകൂടാ. അഭിരുചിക്കും കഴിവിനുമനുസരിച്ച് സ്വന്തം ഭാവി പടുത്തുയര്‍ത്താന്‍ അവരെ നാം അനുവദിക്കണം. മത്സര പരീക്ഷകളെ അതിജയിക്കാന്‍ നല്ല അധ്വാനം വേണമെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി മാത്രം അവരെ പരിശീലനത്തിലേക്ക് വിടുക. പ്ലസ്ടുവിനോടൊപ്പം എഴുതുന്ന എന്‍ട്രന്‍സ് റിസല്‍ട്ട് അനലൈസ് ചെയ്ത് മാത്രം റിപ്പീറ്റിനും, റിപ്പീറ്റ് റിസല്‍ട്ട് അനലൈസ് ചെയ്ത് മാത്രം റീ റിപ്പീറ്റിനും തുടര്‍ പരിശീലനം നല്‍കുക. കാര്യമായ പുരോഗതിയില്ലെങ്കില്‍ അവരെ അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് മറ്റു മേഖലകളിലേക്ക് വിടുക. അവരുടെ ഭാവി ഇരുളടഞ്ഞതാക്കരുത്.

---- facebook comment plugin here -----

Latest