life mission case
ലൈഫ് മിഷൻ കേസ്: രണ്ടാം ദിനവും സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നു
രവീന്ദ്രനെ ഇന്നലെ ഒമ്പതര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കൊച്ചി | ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്നും ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ എട്ടോടെ അദ്ദേഹം കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. പത്തരക്ക് ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണിത്. രവീന്ദ്രനെ ഇന്നലെ ഒമ്പതര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തിയ രവീന്ദ്രൻ രാത്രി എട്ടിനാണ് മടങ്ങിയത്. സ്വപ്‌നയുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാൻ സ്വപ്‌ന മനഃപൂർവം ശ്രമിച്ചതായി തോന്നിയിരുന്നുവെന്നുമാണ് രവീന്ദ്രന്റെ മൊഴിയെന്നാണ് വിവരം. പുറത്തുവന്നതായി കാണുന്ന ചാറ്റുകൾ താൻ അയച്ചവയല്ലെന്നും ഫോണിൽ കൃത്രിമം നടത്തി നിർമിച്ചതാകാമെന്നും രവീന്ദ്രൻ വാദിച്ചു.
ഇവർ തമ്മിലുള്ള വാട്‌സ് ആപ്പ് സംഭാഷണങ്ങൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. രവീന്ദ്രനെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യലിന് വിഷയമാകും. പ്രളയബാധിതർക്ക് വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് ലഭിച്ച 19 കോടി രൂപയുടെ വിദേശ സഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മീഷനായും തട്ടിയെടുത്തെന്നാണ് കേസ്. കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്‌ന സുരേഷ്, യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.
രണ്ടാം തവണയാണ് ഇ ഡി രവീന്ദ്രനെ വിളിപ്പിച്ചത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. നേരത്തേ സ്വർണക്കടത്ത് കേസിൽ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.