cm raveendran
ലൈഫ് മിഷൻ കോഴക്കേസ്: സി എം രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ ഹാജരാകേണ്ടത് ഇന്ന്
ഹാജരായില്ലെങ്കിൽ കടുത്ത നടപടി
കൊച്ചി | ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന് മുമ്പാകെ ഹാജരാകേണ്ടത് ഇന്ന്. രാവിലെ പത്തിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സി എം രവീന്ദ്രന് നോട്ടീസ് നൽകിയത്. ഹാജരായാൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
നേരത്തേ സ്വർണക്കടത്ത് കേസിൽ സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത് നാല് തവണ നോട്ടീസ് അയച്ച ശേഷമായിരുന്നു. എന്നാൽ, ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. രവീന്ദ്രൻ എത്തുന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് കേസുമായി നേരിട്ട് ബന്ധമില്ലാത്ത സ്വകാര്യ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ട് ഇ ഡി രവീന്ദ്രനെ സമ്മർദത്തിലാക്കിയത്.
ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സി എം രവീന്ദ്രനെ കുരുക്കുന്ന ചാറ്റുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. യൂണിടാക്കിന് യു എ ഇ റെഡ്ക്രസന്റ് നടപ്പാക്കുന്ന വടക്കാഞ്ചേരിയിലെ പാർപ്പിട പദ്ധതിയുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട എല്ലാ ചരടുവലികളിലും സി എം രവീന്ദ്രന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് സ്വപ്നാ സുരേഷിന്റെ മൊഴി. ഈ സാഹചര്യത്തിൽ കോഴപ്പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രവീന്ദ്രൻ വിശദീകരണം നൽകേണ്ടി വരും.