Kerala
ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
അതേ സമയം സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ട് കേസുകള്‍ എങ്ങനെ എടുക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്
കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷന്‍ കേസിലെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ട് കേസുകള്‍ എങ്ങനെ എടുക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ അഭിഭാഷകന്റെ സൗകര്യം പരിഗണിച്ചാണ് കേസിന്റെ തുടര്‍വാദം ഇന്നത്തേക്ക് മാറ്റിയത്.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു.സ്വപ്നയുടെയുള്‍പ്പെടെ വാട്ട്സാപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്റയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇ ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. വീണ്ടും ശിവശങ്കര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടേക്കും. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ ഡി വാദിച്ചു.