Kerala
ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ കോടതി അഞ്ച് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഈമാസം 20 വരെയാണ് കസ്റ്റഡി കാലാവധി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം ഇടവേള അനുവദിക്കണമെന്ന് ഇ ഡിയോട് കോടതി നിര്‍ദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ വൈദ്യസഹായം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി വൈകിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ നാലു കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ശിവശങ്കറിനെതിരായ കേസ്. യൂണിടാക് എം ഡി. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
കേസില്‍ നേരത്തെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും ചോദ്യം ചെയ്തിരുന്നു.