m sivasankar
ലൈഫ് മിഷൻ കോഴക്കേസ്: സുപ്രീം കോടതിയിൽ ശിവശങ്കറിൻ്റെ ജാമ്യഹരജി
കേസിൽ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി | വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കോഴക്കേസിൽ ജാമ്യം തേടി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ് ഹരജി ഫയൽ ചെയ്തത്. ശിവശങ്കറിന് ഭരണതലത്തിൽ ഏറെ സ്വാധീനശക്തിയുണ്ടെന്ന് മുൻപ് തന്നെ വ്യക്തമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കേരളാ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിരസിച്ചിരുന്നു.
യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് ശിവശങ്കറിൻ്റെ ജാമ്യഹരജിയിൽ പറയുന്നു. യൂണിടാക്കിനെ തിരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. കേസിൽ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത സ്വാധീനം വഴി തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിലെ ഭരണ കക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി വലിയ അടുപ്പമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇ ഡിയാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഒന്നാം പ്രതിയാണ് സ്വപ്ന സുരേഷ്.