Connect with us

Kerala

ലൈഫ് മിഷന്‍: ആക്ഷേപിക്കുന്നവർക്ക് ആക്ഷേപിക്കാം; പക്ഷേ ഭയക്കില്ല: എം എ യൂസുഫലി

നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നിയമകാര്യങ്ങൾ തന്റെ ലീഗൽ ടീം ചെയ്യുമെന്നും യൂസുഫലി

Published

|

Last Updated

ദുബൈ | ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി വ്യവസായി പ്രമുഖന്‍ എം എ യൂസുഫ് അലി. സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. ലൈഫ് മിഷന്‍ വിഷയത്തില്‍ എം എ യൂസുഫലിക്ക് ഇ ഡി നോട്ടിസ് അയച്ചെന്ന വാര്‍ത്തയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുപ്രചരണങ്ങള്‍ക്കെതിരെയുള്ള പ്രതികരണം എത്രത്തോളം കുറക്കുന്നോ അത്രത്തോളം ജീവിതം സമാധാനപൂര്‍ണമാകുമെന്ന ബുദ്ധ വചനം അദ്ദേഹം ഉദ്ദരിച്ചു. ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണെന്നാണ് ഖുര്‍ആന്‍. അതുകൊണ്ട് അവരുടെ വാക്കും പ്രവര്‍ത്തിയും കമ്പനിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയിലെ കുറ്റപ്പെടുത്തല്‍ കൊണ്ട് പേടിച്ചോടുന്നവനല്ല താന്‍. സാന്ത്വന- സേവന പ്രവര്‍ത്തനത്തില്‍ നിന്നോ വ്യാപാരത്തില്‍ നിന്നോ പിന്മാറില്ലെന്നും യൂസുഫലി തുറന്നടിച്ചു.

തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അവര്‍ പറഞ്ഞോട്ടെ. അതുകൊണ്ടൊന്നും താന്‍ ഭയക്കില്ലെന്നും നിയമമനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും തന്നോടൊപ്പം പ്രാപ്തരായ നിയമജ്ഞര്‍ ഉണ്ടെന്നും ആവശ്യമായ കാര്യങ്ങള്‍ അവര്‍ ചെയ്യുമെന്നും യൂസുഫലി പറഞ്ഞു.