Kerala
ലൈഫ് മിഷന്‍; വീടുകള്‍ ലഭിക്കേണ്ടിയിരുന്നവരുടെ കാര്യത്തില്‍ സാഹചര്യം വരുമ്പോള്‍ മുന്നിട്ടിറങ്ങും: യൂസഫലി
വിവാദം വഴി 150 കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട വീടുകളാണ് നഷ്ടപ്പെട്ടത്. സാമൂഹിക മാധ്യമത്തില്‍ വിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം അവരുടെ പേജില്‍ റീച്ച് കൂട്ടുക എന്നതാണ്. വിവാദത്തില്‍ അടിപതറില്ല.
അബൂദബി | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ കോടതിയുടെ മുന്നിലുള്ള കാര്യമാണെങ്കിലും പദ്ധതി വഴി വീടുകള്‍ ലഭിക്കേണ്ടിയിരുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ സാഹചര്യം വരുമ്പോള്‍ തീര്‍ച്ചയായും മുന്നിട്ടിറങ്ങുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫ് അലി. എന്നാല്‍, ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല.
‘പദ്ധതി വഴി വീടുകള്‍ ലഭിക്കുന്ന ഒരു കുടുംബത്തിന്റെ പ്രാര്‍ഥന ലഭിച്ചാല്‍ ഞാന്‍ കൃതജ്ഞനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്ത്വനമെത്തിക്കുന്ന വിശാലഹൃദയരായ ഭരണാധികാരികളാണ് ഗള്‍ഫ് നാടുകളിലുള്ളത്. അവരുടെ വിശാല മനസ്സ് കൊണ്ടാണ് നമ്മുടെ നാട്ടിലും അവരുടെ സാന്ത്വനമെത്തിയത്.’- അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ യൂസഫലി പറഞ്ഞു.
വിവാദത്തില്‍ എനിക്ക് ഒരു പങ്കുമില്ല. ഇത്തരം വിവാദം വഴി 150 കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട വീടുകളാണ് നഷ്ടപ്പെട്ടത്. സാമൂഹിക മാധ്യമത്തില്‍ വിവാദമുണ്ടാക്കുന്നവരുടെ ഉദ്ദേശം അവരുടെ പേജില്‍ റീച്ച് കൂട്ടുക എന്നതാണ്. 150 കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന ചടങ്ങായതിനാലാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു കൊടുക്കുന്നതില്‍ പങ്കെടുത്തത്. ഇത് കാരണമാണ് സാമൂഹിക മാധ്യമത്തില്‍ തന്നെ വേട്ടയാടുന്നത്. എന്നാല്‍, ഇത്തരം വിവാദം കണ്ട് പിന്തിരിഞ്ഞോടാന്‍ തയ്യാറല്ല. വിവാദത്തില്‍ അടിപതറില്ല. തന്റെ സ്വാധീനം സ്വന്തം കാര്യത്തേക്കാള്‍ കൂടുതല്‍ വേറെ ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നുണ്ടോ എന്ന് നോക്കി, ഉപകാരം മനുഷ്യത്വമെന്ന് വിശ്വസിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും യൂസഫലി വ്യക്തമാക്കി.