Kerala
ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണം: കേന്ദ്രസര്‍ക്കാര്‍
വലിയ ബോര്‍ഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി
തിരുവനന്തപുരം| ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകള്‍ക്ക് ബ്രാന്‍ഡിംഗ് വേണമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. വലിയ ബോര്‍ഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹര്‍ദീപ് സിംഗ് പുരി കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതി. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്‍ വഴിയാധാരമായ അവസ്ഥയാണ്. സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം, റൂറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ വഴിയുള്ള വായ്പയായ 2 ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്‍പതിനായിരം എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്. തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്‍കല്‍ പലയിടത്തും പ്രശ്നത്തിലായി. പൊതു കടപരിധിയില്‍ ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്‍ക്കാര്‍ നല്‍കുന്നില്ല.