Connect with us

Articles

അവകാശ ഘോഷമല്ല, ഉത്തരവാദിത്വമാകണം ജീവിതം

കടപ്പാടുകളെ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം മനുഷ്യന് ജീവിക്കാനാകും? 'ഞാനും എന്റെ ആഗ്രഹങ്ങളും' എന്ന ഏറ്റവും സങ്കുചിതമായ ലോകത്തിന്റെ ആയുസ്സ് എത്ര പരിമിതമായിരിക്കും? അപരനെ ഉള്‍ക്കൊള്ളുകയും 'നമ്മള്‍' എന്ന വിശാലമായ ആശയത്തിലേക്ക് പടരുകയും വേണം. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുന്ന ഒരു ലോകത്തിനു മാത്രമേ നിലനില്‍പ്പ് സാധ്യമാകുകയുള്ളൂ. ചുമതലകളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന തിരുവചനം മനുഷ്യനെ അസ്വസ്ഥപ്പെടുത്തണം.

Published

|

Last Updated

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. ഒറ്റക്ക് ജീവിക്കുക മനുഷ്യന് സാധ്യമല്ല. മനുഷ്യരുള്ളിടത്ത് സമൂഹവും സംസ്‌കാരവും രൂപപ്പെടും. സമൂഹമായി പരിണമിക്കുമ്പോള്‍ ചുറ്റിലുമുള്ളതിനോടെല്ലാം അവന് ബാധ്യതകള്‍ രൂപപ്പെടും. ഓക്സിജന്‍ പുറത്ത് വിടുന്ന മരങ്ങളോട്, പ്രകൃതിയോട്, വകതിരിവില്ലാതിരുന്ന കാലത്ത് അപകടങ്ങളില്‍ നിന്നും അവിവേകങ്ങളില്‍ നിന്നും സംരക്ഷിക്കുകയും പോറ്റുകയും ചെയ്ത മാതാപിതാക്കളോട്, അക്ഷരവും അറിവും പഠിപ്പിച്ച ഗുരുനാഥരോട്, സഹപാഠികളോട്, കൂടെ ജോലി ചെയ്യുന്നവരോട്, അയല്‍വാസികളോട്, സമൂഹത്തോട്, സഹജീവികളോട് തുടങ്ങി ഓരോന്നിനോടും മനുഷ്യന് പ്രത്യേക ഉത്തരവാദിത്വങ്ങളുണ്ട്. സ്രഷ്ടാവിനോടുള്ള പ്രതിബദ്ധതയാണ് അതില്‍ പരമപ്രധാനം. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നു. ‘മനുഷ്യ-ഭൂത വിഭാഗങ്ങളെ ഞാന്‍ സൃഷ്ടിച്ചത് എനിക്ക് ആരാധിക്കാന്‍ വേണ്ടി മാത്രമാണ്’.

അല്ലാഹുവിനോടുള്ള അടുപ്പത്തിന്റെ ഏക മാനദണ്ഡം ഭയഭക്തി മാത്രമാകുന്നു. ആയതിനാല്‍, ആര്‍ക്കും ആരെയും ഇകഴ്ത്താനോ വില കുറച്ച് കാണാനോ സാധ്യമല്ല. ഭയഭക്തി അളക്കുക അല്ലാഹുവിന് മാത്രം സാധ്യമാകുന്ന ഒന്നാണ്. മറ്റുള്ളവരുടെ അവകാശങ്ങളെയോ സമാധാനത്തെയോ കളങ്കപ്പെടുത്താന്‍ ഒരാള്‍ക്കും ഒരവകാശവുമില്ല. ഏഷണി, പരദൂഷണം, വ്യഭിചാരാരോപണം തുടങ്ങിയ അപരനെ ഇകഴ്ത്തുകയും നിന്ദിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ എത്ര ഗൗരവത്തോടെയാണ് ഇസ്ലാം നിരോധിച്ചത്!

മനുഷ്യനെ പരിചയപ്പെടുത്തി, പ്രതിനിധി എന്ന് തര്‍ജമ ചെയ്യാവുന്ന ഖലീഫ എന്ന പദപ്രയോഗമാണ് ഖുര്‍ആന്‍ നടത്തിയത്. എന്തിനെയാണ്/ ആരെയാണ് മനുഷ്യന്‍ പ്രതിനിധാനം ചെയ്യുന്നത്? ആത്യന്തികമായി എന്തായിരിക്കും ഒരു പ്രതിനിധിയുടെ കര്‍ത്തവ്യം? ചില ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ആ പ്രയോഗം ഉണര്‍ത്തുന്നത്. അതിന്റെ പൂര്‍ത്തീകരണമാണ് മനുഷ്യന്റെ നിയോഗ ദൗത്യം. അല്ലാഹുവിന് ആരാധന ചെയ്യല്‍ മാത്രമാണ് മനുഷ്യന്റെ ഉത്തരവാദിത്വം എന്ന് ഖുര്‍ആന്‍ പറയുന്നു. അതോടൊപ്പം ഭാരിച്ച പല ദൗത്യങ്ങളും മനുഷ്യകുലത്തെ പഠിപ്പിക്കുന്നു ഇസ്ലാം. അഥവാ, ഇത്തരം ഉത്തരവാദിത്വങ്ങളുടെ പൂര്‍ത്തീകരണവും ചേര്‍ന്നു കൊണ്ടുള്ളതാണ് മനുഷ്യ ജീവിതത്തിന്റെ ശരിയായ രാഷ്ട്രീയം.

തന്റെ സഹോദരന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നത് വിശ്വാസിക്ക് ഏറ്റവും വലിയ നന്മയാണ്. പുഞ്ചിരി പോലും ധര്‍മമാകുന്നത്, മരം നടുന്നത് എന്നെന്നും നിലനില്‍ക്കുന്ന സ്വദഖയാകുന്നത്, വഴിയിലുള്ള തടസ്സം നീക്കുന്നത് ഈമാനിന്റെ ഭാഗമാകുന്നത്, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറക്കുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ലാതാകുന്നത്… കൃത്യവും വ്യക്തവുമായ ദൗത്യനിര്‍വഹണത്തെയാണ് ഈ ആശയം സൂചിപ്പിക്കുന്നത്.

മനുഷ്യന് യഥാര്‍ഥത്തില്‍ എന്താണ് സ്വന്തമായുള്ളത്? ഒന്നുമില്ല എന്നതാണ് കൃത്യമായ ഉത്തരം. എല്ലാത്തിന്റെയും യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണ്. സമ്പത്തുകളിലും മറ്റു വസ്തുവകകളിലുമുള്ള മനുഷ്യന്റെ അധികാരം അതിലെ ഇടപാടുകളല്ലാതെ മറ്റൊന്നുമല്ല. സൂറത്തുല്‍ബഖറയുടെ തുടക്കത്തില്‍, വിശ്വാസിയെ നിര്‍വചിച്ചു കൊണ്ടെണ്ണുന്ന വിശേഷണങ്ങളില്‍ ഒന്ന്, നല്‍കപ്പെട്ടതില്‍ നിന്ന് വിനിയോഗിക്കുന്നു എന്നതാണ്. എങ്ങനെയാണത് വിനിയോഗിക്കേണ്ടതെന്നും മതം കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. സകാത്, ഹദ്യ, സ്വദഖ, അടിമയെ മോചിപ്പിക്കല്‍, കച്ചവടം, കടം തുടങ്ങിയ
പ്രോത്സാഹനങ്ങള്‍ക്കും, പലിശ, ഭാഗ്യക്കച്ചവടം പോലെയുള്ള നിരാസങ്ങള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ആശയം സാമൂഹിക ഉത്തരവാദിത്വം തന്നെയാണ്.

നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അവരുടെ ചുമതലകളെ കുറിച്ച് പൂര്‍ണ ബോധ്യമുള്ളവരായിരിക്കണം. അവ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടോ എന്ന നിരന്തര വിചിന്തനവും കൂടെ വേണം. അവകാശങ്ങളെ ചോദിച്ച് വാങ്ങുന്നതില്‍ മനുഷ്യന്‍ പൊതുവേ മിടുക്കനാണ്. അതേസമയം, കര്‍ത്തവ്യങ്ങളെ കുറിച്ചുള്ള ആലോചനകളില്‍ പലപ്പോഴും മടിയനുമാണ്. ഒരാളുടെ ദൗത്യ നിര്‍വഹണത്തില്‍ വരുന്ന വീഴ്ചയുടെ മറുപുറമായിരിക്കും മറ്റൊരാളുടെ അവകാശ ലംഘനം.

ചുമതലയും ഉത്തരവാദിത്വവും തമ്മില്‍ വ്യത്യാസമുണ്ട്. ചുമതല ഏല്‍പ്പിക്കപ്പെടുന്നതും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതുമാണ്. നിര്‍വഹണത്തില്‍ ആ വ്യത്യാസം നിഴലിച്ചു കാണും. തുടര്‍ന്ന്, ഉത്തരവാദിത്വ ബോധത്തില്‍ മനുഷ്യപ്പറ്റിന്റെ നനവും മധുരവും പ്രതിഫലിക്കും. വരള്‍ച്ചയും മുള്‍വേലികളും മാത്രവുമായിരിക്കും മറുവശത്തുണ്ടാകുക. ഉത്തരവാദിത്വം എന്ന വിശാലാര്‍ഥത്തിലേക്ക് ഉയരുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുകയും മനുഷ്യത്വം നിലനില്‍ക്കുകയും ചെയ്യുക.

മനുഷ്യന് സംഭവിച്ചേക്കാവുന്ന അപകടകരമായ ഒരു വീഴ്ച ഒന്ന് മറ്റൊന്നിന് തടസ്സമായേക്കും എന്നതാണ്. പ്രധാന ജോലികള്‍ക്കിടയില്‍ ചെയ്തു തീര്‍ക്കേണ്ട പലതും വിട്ടു പോകുന്നു. ഉദാഹരണത്തിന്, ഭക്ഷണം കൊടുക്കാനുള്ള ബോധം പുലര്‍ത്തുകയും ആഹാര ശേഷം മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ മറന്നു പോകുകയും ചെയ്യുന്നു. ഓഫീസിലെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുകയും വീട്ടിലെ ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. തിരുനബി(സ)യുടെ ജീവിതം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ പാഠപുസ്തകം. അവിടുന്ന് ഏറ്റെടുത്തതിനെക്കാള്‍ വലിയ ഉത്തരവാദിത്വങ്ങള്‍ എന്തെങ്കിലും മനുഷ്യന് ഏറ്റെടുക്കാനുണ്ടോ? ഇല്ല. തിരുജീവിതത്തില്‍ ഏറ്റെടുത്ത ദൗത്യങ്ങളില്‍ എവിടെയെങ്കിലും ഒരു തരി പാകപ്പിഴവ് സംഭവിച്ചിട്ടുണ്ടോ? അതുമില്ല. അതേസമയം, അവിടുത്തെ ഏറ്റവും സ്വകാര്യമായ ഇടങ്ങളെ കുറിച്ച് പോലും ഭാര്യമാരും കുടുംബവും സേവകരും പറയുന്ന വാചകങ്ങള്‍ എത്ര മഹത്തരമാണ്. ഒന്നും മറ്റൊന്നിന് തടസ്സമായിട്ടില്ല എന്നു തന്നെയാണ് അല്‍ഇന്‍സാനുല്‍ കാമിലിന്റെ ഒരു സവിശേഷത.

കടപ്പാടുകളെ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം മനുഷ്യന് ജീവിക്കാനാകും? ‘ഞാനും എന്റെ ആഗ്രഹങ്ങളും’ എന്ന ഏറ്റവും സങ്കുചിതമായ ലോകത്തിന്റെ ആയുസ്സ് എത്ര പരിമിതമായിരിക്കും? അപരനെ ഉള്‍ക്കൊള്ളുകയും ‘നമ്മള്‍’ എന്ന വിശാലമായ ആശയത്തിലേക്ക് പടരുകയും വേണം. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുന്ന ഒരു ലോകത്തിനു മാത്രമേ നിലനില്‍പ്പ് സാധ്യമാകുകയുള്ളൂ. മൂല്യങ്ങളെ സംബന്ധിച്ച ബോധ്യവും ബോധവും അസ്തമിക്കുന്നിടത്ത് മനുഷ്യത്വത്തിന് അപചയം സംഭവിക്കും. ചുമതലകളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന തിരുവചനം മനുഷ്യനെ അസ്വസ്ഥപ്പെടുത്തണം. അല്ലാഹു ആദരിച്ച സൃഷ്ടിയാണ് മനുഷ്യന്‍. ഒരാളെ കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്ന പോലെയും ഒരാളെ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ സംരക്ഷിച്ച പോലെയുമാണെന്ന അധ്യാപനവും മനുഷ്യന്റെ മൂല്യത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. ആ മൂല്യത്തിന് മാറ്റ് നല്‍കുന്ന ആഭരണത്തിന്റെ പേരാണ് മനുഷ്യപ്പറ്റ്. തിരുനബി(സ) പകര്‍ന്നു നല്‍കിയ ഏറ്റവും മനോഹരമായ സന്ദേശങ്ങളിലൊന്നും അതായിരുന്നു.
ഉത്തരവാദിത്വങ്ങളില്‍ നിന്ന് മനുഷ്യന് ഓടിയൊളിക്കുക സാധ്യമല്ല. അതിന് ശ്രമിക്കുകയുമരുത്. ചില ആധുനിക ചിന്താധാരകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന മനോഭാവം, അനിവാര്യമായ അതിരുകള്‍ പോലും മായ്ക്കപ്പെടണമെന്നും സമൂഹത്തോട് മനുഷ്യന് യാതൊരു വിധ കടപ്പാടുമില്ലെന്നുമാണ്. അപകടകരമായ ഇത്തരം ചതിക്കുഴികളില്‍ വിദ്യാര്‍ഥികളും ചെറുപ്പക്കാരും വീണുപോകാതിരിക്കാനുള്ള ശ്രദ്ധ ഓരോ

വ്യക്തിയുടെയും ചുമതലയാണ്. ഞാന്‍ ശരിയാണ് എന്ന സമാധാനം കൊണ്ട് മാത്രം തീരുന്നതല്ല ആ ഉത്തരവാദിത്വ ബോധം. ചുറ്റുമുള്ളവരിലേക്കും ചുറ്റുമുള്ളതിലേക്കുമെല്ലാം പടരുന്ന ഒന്നാണത്.
ഉത്തരവാദിത്വങ്ങളെ കുറിച്ചും മനുഷ്യപ്പറ്റിനെ കുറിച്ചും എക്കാലത്തും സമൂഹം ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. മതങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളും നിയമസംവിധാനങ്ങളുമെല്ലാം അതാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പുതിയ കാലത്ത് ഉത്തരവാദിത്വ നിര്‍വഹണത്തിന് അത്യധികം പ്രസക്തിയുണ്ട് താനും. ഈ സവിശേഷ സാമൂഹിക സന്ധിയിലാണ് ‘ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ തൃശൂര്‍ ആമ്പല്ലൂരില്‍ എസ് വൈ എസ് കേരള യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി അഞ്ച് വേദികളില്‍ 120ലധികം സെഷനുകളില്‍ മേല്‍ പ്രമേയത്തില്‍ ആഴത്തിലുള്ള വിശകലനങ്ങളും ചര്‍ച്ചകളുമാണ് സമ്മേളനത്തിന്റെ ഉള്ളടക്കം. മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചിന്തകരും അക്കാദമിഷ്യരും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന 10,000 സ്ഥിരം പ്രതിനിധികളും സംബന്ധിക്കുന്ന സമ്മേളനത്തില്‍ ഓരോ ദിവസവും 25,000 പൊതുജനങ്ങളും ഭാഗമാകും. മലയാളി യുവതയുടെ ശീലങ്ങളെ നവീകരിക്കുന്ന ഒട്ടനവധി ചിന്തകളും ആശയങ്ങളും ഈ സമ്മേളനം സമ്മാനിക്കുമെന്നുറപ്പാണ്.

 

Latest