ആത്മായനം
ചീട്ടുകൊട്ടാരമാകരുത് ജീവിതം
നന്മകളാൽ നിറയേണ്ടതാണ് നമ്മുടെ ജീവിതം. മനുഷ്യരേയും ജിന്നുകളേയും സൃഷ്ടിച്ചത് അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി മാത്രമാണല്ലോ. ഇഹലോകം മതിമറന്ന് ആര്‍ത്തുല്ലസിച്ച് പൊട്ടിച്ചിരിക്കാനുള്ള ഇടമല്ല. "ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ വളരെ കുറച്ച് മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു ' എന്ന് റസൂൽ (സ) അരുളിയതോർക്കുന്നില്ലേ.
ഡെൽറ്റാ കാലം, അതിവേഗത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ പുരോഗതി പ്രാപിക്കുന്നു. ഗതാഗത – വാർത്താ വിനിമയ – ചികിത്സോപാധികൾ അതിദ്രുതം നവീകരിക്കപ്പെടുന്നു. പ്രതിദിനം ജീവിതനിലവാരത്തിന്റെ ഗ്രാഫുയർന്ന് കൊണ്ടിരിക്കുന്നു.
ഹാ.. സംഭവ ബഹുലം തന്നെയല്ലേ!
ദുനിയാവിന്റെ ആടയാഭരണങ്ങൾക്കു മുമ്പിൽ നമ്മളിങ്ങനെ വാപൊളിച്ചു നിൽക്കുകയാണ് സഹോദരങ്ങളേ… ഇനി നമുക്കൊന്നിച്ച് ആഴത്തിലൊന്നാലോചിച്ചാലോ.ഈ ലോകത്തിന് അതിന്റെ സ്രഷ്ടാവ് എന്തു മൂല്യമാണ് നൽകിയിട്ടുള്ളത്. അതിനെത്ര മൂല്യം കണക്കാക്കണമെന്നതിനെ കുറിച്ച് അവനാണല്ലോ അറിവുള്ളവൻ. പണവും പത്രാസും ഹുങ്കാരവും നെഗളിപ്പുമായി നെഞ്ചുന്തി നടക്കാൻ മാത്രം മൂല്യമുണ്ടോ ഈ ലോകത്തിന്. എങ്കിൽ തിരുനബി (സ) പറഞ്ഞത് കേൾക്കൂ…
“ഇഹലോകം അല്ലാഹുവിന് ഒരു കൊതുകിന്റെ ചിറകിന്റെയത്ര വിലയുള്ളതായിരുന്നുവെങ്കില്‍ സത്യനിഷേധികള്‍ക്ക് അതില്‍നിന്ന് ഒരു മുറുക്ക് തണ്ണീർ പോലും കുടിപ്പിക്കുകയില്ലായിരുന്നു.’ മറ്റൊന്ന് ജാബിർ(റ) പറയുന്നു: നബി(സ) ഒരിക്കൽ ദുർഗന്ധം വമിക്കുന്ന ഒരു ആട്ടിൻകുട്ടിയുടെ ജഡത്തിനരികിലൂടെ നടന്നു പോയി അവിടുന്ന് ചോദിച്ചു: ഈ ശവം ഒരു ദിർഹമിന് പകരം നിങ്ങളാരെങ്കിലും വാങ്ങുമോ? അവർ പറഞ്ഞു: ഞങ്ങളതിഷ്ടപ്പെടുന്നില്ല. അപ്പോൾ തിരുദൂതർ പറഞ്ഞു: അല്ലാഹുവാേണ, ഇപ്രകാരം ഈ ഭൗതിക ലോകം നിങ്ങൾക്ക് എത്ര നിസ്സാരമാണോ അതേക്കാൾ നിസ്സാരമാണ് അല്ലാഹുവിങ്കൽ’.
നിരവധി ആയത്തുകളിലൂടെയും ഹദീസുകളിലൂടെയും വ്യക്തമായും വ്യംഗ്യമായും ഇഹലോകത്തിന്റെ നിസ്സാരതയെ അനാഛാദനം ചെയ്യപ്പെട്ടത് കാണാൻ കഴിയും. സ്രഷ്ടാവ് ഒട്ടും മൂല്യം കൊടുക്കാത്ത സൃഷ്ടിയത്രേ ഭൗതിക ലോകം. കാലഭേദങ്ങൾക്കിടെ അതതു ഘട്ടങ്ങളിലെ നബിമാര്‍ ഇഹലോകത്തെ സംബന്ധിച്ച് തങ്ങളുടെ സമൂഹത്തെ ബോധവത്കരിച്ചിട്ടുണ്ട്. അതിനെ അവഗണിച്ച് അഹങ്കരിച്ച് നടന്നവരൊക്കെയും കൈമലർത്തി കാലയവനികക്കുള്ളില്‍ മാഞ്ഞുപോയി. വളരെ ഹ്രസ്വമാണ് ഭൗമികജീവിതമെന്ന് അവര്‍ സോദാഹരണം വിശദീകരിച്ചു. ബുദ്ധിയും വിവേകവുമുള്ളവര്‍ അതേക്കുറിച്ച് ചിന്തിച്ചു. ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.
ഇബ്നു ഉമര്‍(റ) പറയുന്നത് ശ്രദ്ധിക്കൂ. “എന്നെ പിടിച്ച് നിർത്തിക്കൊണ്ട് നബി(സ) തങ്ങള്‍ ഇപ്രകാരം പറഞ്ഞു: നീ ദുനിയാവില്‍ ഒരു വിദേശിയെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയോ കഴിയണം. നിന്റെ ശരീരത്തെ ഖബ്റില്‍ പോകാനുതകുന്ന രീതിയിൽ ഒരുക്കിനിർത്തണം. രാവിലെയായാല്‍ വൈകുന്നേരത്തെ സംബന്ധിച്ച് നിന്റെ ശരീരത്തോട് നീ സംസാരിക്കരുത്. വൈകുന്നേരമായാല്‍ പ്രഭാതത്തെ സംബന്ധിച്ച് നിന്റെ ശരീരത്തോട് നീ സംസാരിക്കരുത്. നിന്റെ മരണത്തിന് മുമ്പ് ജീവിതകാലത്തും രോഗത്തിന് മുന്നേ ആരോഗ്യ സമയത്തും നീ അധ്വാനിക്കുക. അല്ലാഹുവിന്റെ അടിമേ.. നിശ്ചയം നാളത്തെ നിന്റെ അവസ്ഥയെന്താണെന്ന് നിനക്കറിയില്ല’.
വിദേശി താന്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളിലൊന്നും സ്ഥിരതാമസത്തിനുള്ള മാനസികാവസ്ഥയോടെ തങ്ങുകയില്ല. വഴിയാത്രക്കാരനാകട്ടെ, ഇടക്ക് വിശ്രമിക്കാനിറങ്ങുന്നു, ഇതൊരു കേവല വഴിയമ്പലം മാത്രമാണെന്നും വിശ്രമം കഴിഞ്ഞാല്‍ യാത്ര തുടരണമെന്നുമുള്ള ചിന്തയാണവനും.
മഹാരഥന്മാർക്കൊക്കെയും ഈ ബോധം നന്നായുള്ളതുകൊണ്ട് നൈമിഷികാസ്വാദനങ്ങളുടെ ദുനിയാവിനെ അവരാരും വാരിപ്പുണര്‍ന്നിട്ടില്ല. അതിനു പിന്നാലെ ഓടി തുലച്ചിട്ടുമില്ല. യഥാർഥ ജീവിതത്തിലേക്ക് തുലനം ചെയ്യുമ്പോള്‍ വളരെ ഹ്രസ്വകാലം മാത്രമുള്ള ഇഹലോക ജീവിതത്തെ മതിമറന്നാസ്വദിക്കുന്നവരെ അവര്‍ ബുദ്ധിശൂന്യരെന്ന് വിളിച്ചു.
അനശ്വര കാലത്തേക്ക് കൃഷിയൊരുക്കുന്നവരാണല്ലോ ബുദ്ധിമാന്മാർ. എന്നാല്‍ ഭൗതികതയുടെ ലഹരി ബാധിച്ച നിരവധി പേരുണ്ട് നമുക്കിടയിൽ. അവരുടെ ജീവിതം കണ്ടാല്‍ ഇതാണോ ശാശ്വത ഭവനം എന്ന് സംശയിച്ചു പോകും. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാൻ മനസ്സനുവദിക്കാത്തവരാണവർ, ലഭിച്ചതു മുഴുക്കെ തന്റെ ധിഷണ കൊണ്ടും അധ്വാനം കൊണ്ടുമാണെന്ന് അവർ വീമ്പു പറയുന്നു. പണം കുമിഞ്ഞുകൂട്ടാൻ അവർ പരക്കം പായുന്നു, സുകൃതങ്ങൾക്ക് ചെലവഴിക്കാനവർക്കു മടിയാണ്. ഇങ്ങനെയുള്ള സത്യനിഷേധിയുടെ സ്വർഗം ഈ നൈമിഷികമായ ലോകം മാത്രമാണ്. മഴപ്പാറ്റകളെ പോലെ വളരെ ഹ്രസ്വമായ ജീവിത സന്തോഷങ്ങളിൽ ജീവിച്ചവർ മരിച്ചു പോകുന്നു. ശാശ്വതമായ ദുരിതങ്ങളിലേക്ക് അവർ ചെന്നു വീഴുന്നു.
സുഹൃത്തുക്കളേ… ഗ്യാരണ്ടിയില്ലാത്ത നമ്മുടെയൊക്കെ ജീവന്‍ ഏത് നിമിഷമാണ് ശരീരത്തില്‍ നിന്ന് വേര്‍പെടുക എന്നറിയില്ല. അത് ഒരു പക്ഷേ തൊട്ടടുത്ത നിമിഷത്തിലാകാം. നാളേക്ക് കരുതി വെക്കാത്ത ജീവിതം ചീട്ടു കൊട്ടാരങ്ങൾ മാത്രമായിരിക്കും.
നന്മകളാൽ നിറയേണ്ടതാണ് നമ്മുടെ ജീവിതം. മനുഷ്യരേയും ജിന്നുകളേയും സൃഷ്ടിച്ചത് അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി മാത്രമാണല്ലോ. ഇഹലോകം മതിമറന്ന് ആര്‍ത്തുല്ലസിച്ച് പൊട്ടിച്ചിരിക്കാനുള്ള ഇടമല്ല. “ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ വളരെ കുറച്ച് മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു’ എന്ന് റസൂൽ (സ) അരുളിയതോർക്കുന്നില്ലേ.
പ്രമുഖ ഹദീസ് ഗ്രന്ഥമായ രിയാളുസ്സ്വാലിഹീന്റെ മുഖവുരയില്‍ ഈയർഥം വരുന്ന അറബി കാവ്യം വായിക്കാനാകും. “നിശ്ചയം അല്ലാഹുവിന്, ദുനിയാവിനെ മൊഴി ചൊല്ലിയ, പരീക്ഷണങ്ങളെ ഭയക്കുന്ന, ബുദ്ധിമാന്മാരായ ചില അടിമകളുണ്ട്. ദുനിയാവ് സ്ഥിരതാമസത്തിനുള്ളതല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ ദുനിയാവിനെ സമുദ്രമായി കണക്കാക്കുകയും സല്‍പ്രവര്‍ത്തനങ്ങളെ കപ്പലായി പരിഗണിക്കുകയും ചെയ്തു’.
ദുനിയാവിന്റെ ഏതാസ്വാദനത്തിനും അവസരങ്ങൾ ഉണ്ടായിരുന്നിട്ടും റസൂൽ (സ)അതിനെ സമീപിച്ച രീതി നിരീക്ഷിക്കേണ്ടതാണ്.
ലോകത്ത് വിവിധങ്ങളായ ആളുകൾക്കു നാം നൽകിയിട്ടുള്ള ഐഹിക സുഖാഡംബരങ്ങളിൽ നീ കണ്ണുവെക്കരുത്. അതാവട്ടെ, നാം അവരെ പരീക്ഷിക്കുന്നതിനായി നൽകിയിട്ടുള്ളതാകുന്നു. നിന്റെ നാഥൻ ഏകിയ ഹിതകരമായ വിഭവം മാത്രമാകുന്നു ഉൽകൃഷ്ടവും സ്ഥായിയുമായിട്ടുള്ളതും എന്നായിരുന്നു തിരുനബി (സ) യോടുള്ള നിർദേശം.
ദിവസങ്ങളോളം പ്രവാചകരുടെ വീട്ടില്‍ അടുപ്പ് പുകഞ്ഞിരുന്നില്ലെന്ന് ഹദീസുകളില്‍ കാണാം. എത്രയോ നാളുകള്‍ അവിടുന്ന് വിശപ്പ് സഹിച്ചു. ഒന്ന് മനസ്സ് വെച്ചാല്‍ സുഭിക്ഷമായ വിഭവങ്ങള്‍ മുന്നില്‍ നിറയുമായിരുന്നു. എന്നാല്‍ അതിനൊരുങ്ങിയില്ല. മലയോളം സ്വർണം തരാമെന്ന അഭിപ്രായത്തെ അവിടുന്ന് സൗമ്യമായി നിരസിച്ചു.
“ബിലാലേ, നീ ദരിദ്രനായി മരണപ്പെടണം. ധനികനായി മരിക്കരുത്’ എന്ന തന്റെ കൂട്ടുകാരനോടുള്ള ഉപദേശത്തെ നാം ഗൗരവത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്.
അബൂ ഹുറൈറ (റ) പറഞ്ഞു. നബി(സ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. “അറിയുക, നിശ്ചയം ദുനിയാവ് ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ സ്മരണയും അതിനോടനുബന്ധിച്ചതും പണ്ഡിതനും വിദ്യാർഥിയുമൊഴിച്ച് അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്’.
ദുനിയാവിനെ വാരിപ്പുണരാനുള്ള വ്യഗ്രതയും അത്യാഗ്രഹവും കരകവിഞ്ഞൊഴുകി സ്വയം നശിക്കുന്ന ഹതഭാഗ്യരില്‍ നമ്മെ അല്ലാഹു ഉള്‍പ്പെടുത്താതിരിക്കട്ടെ, ആമീന്‍.പിന്നെ, ഭൗതിക ലോകത്തിന്റെ അനുവദിക്കപ്പെട്ട സമ്പത്തും തൊഴിലും പദവിയും വാഹനവും വസ്ത്രവും ആസ്വാദനങ്ങളും എല്ലാം വേണ്ടെന്നു വെക്കണമെന്നല്ല ഈ പറഞ്ഞതിന്റെ അർഥം; മറിച്ച്, ഈ വക കാര്യങ്ങൾക്കു പിന്നാലെ ഓടുന്നവനാകരുതെന്നാണ് പറഞ്ഞതിന്റെ സാരം.