Connect with us

health

ജീവിതശൈലീ രോഗ രജിസ്ട്രി തയ്യാറാക്കും

30 വയസ്സ് കഴിഞ്ഞവരിൽ സർവേ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവിതശൈലീ രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടെ ഓരോ വീടും സന്ദർശിച്ച് 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരുടെയും രോഗ വിവരം ശേഖരിക്കും.

ഇതിനായി ഇ ഹെൽത്തിന്റെ സഹായത്തോടെ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് വരികയാണ്. ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ, പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ക്രോഡീകരിച്ചാണ് കേരളത്തിന്റേതായ ജീവിതശൈലീ രോഗ രജിസ്ട്രി തയ്യാറാക്കുന്നത്.

ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള സമഗ്ര സർവേയായിരിക്കുമിത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും സർവേ സഹായിക്കും. രോഗം കണ്ടെത്തിയവർക്ക് വിദഗ്ധ ചികിത്സ നൽകുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച സമഗ്ര ജീവിതശൈലീ രോഗ ക്യാമ്പയിന്റെ ഭാഗമായാണ് സർവേ നടത്തുന്നത്.

പ്രമേഹം, രക്താതിമർദം, സി ഒ പി ഡി, ഓറൽ ക്യാൻസർ, സ്തനാർബുദം, സർവൈക്കൽ ക്യാൻസർ തുടങ്ങിയവയുടെ നിർണയമാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. സർവേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികൾക്കും മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും രോഗനിർണയം നടത്തിയിട്ടില്ലാത്തവർക്കായി പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനും നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്ത് മുമ്പ് നടന്ന പഠനങ്ങളിൽ പ്രമേഹ രോഗം വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഐ സി എം ആറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേർന്ന് നടത്തിയ പഠനത്തിൽ കേരളത്തിലെ 35 ശതമാനത്തോളം പേർക്ക് പ്രമേഹം ഉണ്ടെന്ന് പറയുന്നു. ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

Latest