Connect with us

National

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക്; കേന്ദ്രത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അഭിപ്രായം തേടി സുപ്രീം കോടതി

രാഷ്ട്രീയം ക്രിമിനൽവൽക്കരിക്കപ്പെടുന്നത് വലിയ പ്രശ്നമാണെന്ന് കോടതി

Published

|

Last Updated

ന്യൂഡൽഹി | ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എംപിമാരെയും എംഎൽഎമാരെയും ആജീവനാന്തം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അഭിപ്രായം കോടതി തേടി. അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി രാഷ്ട്രീയം ക്രിമിനൽവൽക്കരിക്കപ്പെടുന്നത് വലിയ പ്രശ്നമാണെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന എംപിമാരും, എംഎൽഎമാരും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത് ചോദ്യം ചെയ്താണ് അശ്വിനി കുമാർ ഉപാധ്യായ് ഹരജി സമർപ്പിച്ചത്. ക്രിമിനൽ കേസുകളിൽ ശിക്ഷിപ്പെടുന്ന ജനപ്രതിനിധികളെ പരമാവധി ആറ് വർഷത്തേക്ക് മാത്രം തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ (Representation of People Act) എട്ട്, ഒമ്പത് വകുപ്പുകളുടെ ഭരണഘടനാ സാധുതയെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തതിന് ശേഷം നിരവധി തവണ നിർദേശങ്ങൾ നൽകിയിട്ടും എംപിമാരും എംഎൽഎമാരുമായി ബന്ധപ്പെട്ട 5000 ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുകയാണെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ചൂണ്ടിക്കാട്ടി. എംപി/എംഎൽഎ കേസുകളുടെ വേഗത്തിലുള്ള തീർപ്പാക്കൽ, കുറ്റക്കാരനായ ഒരാളുടെ അയോഗ്യതാ കാലാവധി 6 വർഷമായി പരിമിതപ്പെടുത്തുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് വകുപ്പിന്റെ ഭരണഘടനാ സാധുത, ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹിയാകാനോ കഴിയുമോ? എന്നീ വിഷയങ്ങളാണ് ഹർജിയിൽ പരാമർശിക്കുന്നതെന്ന് അദ്ദേഹം സംഗ്രഹിച്ചു.

2017 ൽ 10 വ്യത്യസ്ത സംസ്ഥാനങ്ങളിൽ 12 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അതിനുശേഷം, 2023 വരെ, നോഡൽ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അടക്കം നിരവധി ഉത്തരവുകളും നൽകി. എന്നിട്ടും സിറ്റിംഗ് ലോക്സഭാ അംഗങ്ങളിൽ 42% പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട് എന്നത് ലജ്ജാകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷമായി കേസുകൾ കെട്ടിക്കിടക്കുകയാണെന്നും അമിക്കസ് ക്യൂറി കോടതിയെ ബോധിപ്പിച്ചു.

കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിന്റെ കാരണം എന്താണെന്ന് ജസ്റ്റിസ് ദത്ത അമിക്കസ് ക്യൂറിയോട് ആരാഞ്ഞു. പ്രത്യേക കോടതികൾ പലപ്പോഴും എംപി/എംഎൽഎ വിഷയങ്ങൾ ഒഴിച്ചുള്ള കേസുകൾ ഏറ്റെടുക്കുന്നതും ആവർത്തിച്ച് കേസുകൾ മാറ്റിവെക്കപ്പെടുന്നതും ബന്ധപ്പെട്ട സമൻസുകൾ കൃത്യസമയത്ത് എത്തിക്കാത്തതുമെല്ലാമാണ് ഇതിന് കാരണമെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചു.

കേസ് മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Latest