National
ഡല്‍ഹിയില്‍ നേരിയ മഴ; വായു ഗുണനിലവാരത്തില്‍ പുരോഗതി
മലിനീകരണ വിരുദ്ധ നടപടികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിമാരെയും രംഗത്തിറക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ആശ്വാസമായി നേരിയ തോതില്‍ മഴ പെയ്തതായി റിപ്പോര്‍ട്ട്. ഇന്നലെ ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ രാത്രി പെയ്ത മഴ വായു ഗുണനിലവാരം മെച്ചപ്പെടാന്‍ കാരണമായി. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടു. 85 പോയിന്റാണ് ഇവിടെ രേഖപ്പെടുത്തിയത്. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാന്‍ നവംബര്‍ 20-21 തീയതികളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിട്ടതാണ്.
മലിനീകരണ വിരുദ്ധ നടപടികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിമാരെയും രംഗത്തിറക്കിയിട്ടുണ്ട്. ഡല്‍ഹി-എന്‍സിആറിലും, മറ്റ് പരിസര പ്രദേശങ്ങളിലും ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡല്‍ഹി റീജിയണല്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ആര്‍എംസി) അറിയിച്ചു.