സാഹിത്യം
ഇരുണ്ടലോകത്തെ പ്രകാശഗോപുരം
മാജിക്കൽ റിയലിസത്തിന്റെ ശക്തമായ തിരയിളക്കം പ്രകടമാക്കുന്നവയാണ് മിയയുടെ നോവലുകൾ. മിത്തും യാഥാർഥ്യവും പരസ്പരം വേർതിരിക്കാനാകാത്ത രചനാതന്ത്രം മിക്ക നോവലുകളിലും അദ്ദേഹം പ്രകടമാക്കുന്നുണ്ട്. ചരിത്രവും സമകാലിക സാമൂഹികാവസ്ഥകളും അദ്ദേഹം രചനകളിൽ സന്നിവേശിപ്പിക്കുന്നു. അതോടൊപ്പം ഭാഷയിലും ആഖ്യാനരീതിയിലും നടത്തുന്ന പുതുമയാർന്ന പരീക്ഷണങ്ങൾ മിയയുടെ രചനകൾക്ക് അന്യാദൃശമായൊരു ചാരുത നൽകുന്നു. വായനയുടെ പുതുമ നിറഞ്ഞ അനുഭൂതികളിലേക്ക് അത് വായനക്കാരെ കൊണ്ടുപോകുന്നു.
സമകാലിക ആഫ്രിക്കൻ സാഹിത്യത്തിലെ കരുത്തുറ്റ ശബ്ദത്തിന്റെ ഉടമയാണ് മിയ കൗട്ടോ (Mia Couto). മൊസാംബിക്കിലെ വിഖ്യാതനായ ഈ എഴുത്തുകാരൻ വ്യത്യസ്ത ശാഖകളിലുള്ള മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഇരുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ ഒട്ടേറെ രാജ്യങ്ങളിലായി വായിക്കപ്പെടുന്നു. ദേശീയ അന്തർദേശീയ പ്രശസ്തിയുള്ള ഒട്ടേറെ പുരസ്‌കാരങ്ങളും ഈ എഴുത്തുകാരനെ തേടിയെത്തിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ ഏറെ പ്രശസ്തനാണെങ്കിലും മലയാളത്തിലെ വായനക്കാർക്ക് മിയ സുപരിചിതനല്ല.
മൊസാംബിക്കിലെ ബേരിയ പട്ടണത്തിൽ 1955 ജൂലൈ അഞ്ചിനാണ് മിയ കൗട്ടോ ജനിച്ചത്. ബാല്യവും കൗമാരവും ജന്മദേശത്ത് ചെലവഴിച്ച അദ്ദേഹം വൈദ്യശാസ്ത്ര പഠനത്തിനായി ലോറെൻസോ മാർക്യുസിലെ ഒരു സർവകലാശാലയിൽ ചേർന്നു. എന്നാൽ അപ്പോഴേക്കും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശം മൂലം അദ്ദേഹത്തിന് പഠനമുപേക്ഷിക്കേണ്ടിവന്നു. കുറേക്കാലം മൊസാംബിക്കിലെ പല മുൻനിര പത്രങ്ങളിലും അദ്ദേഹം ജോലി ചെയ്തു. അതിനിടെ ജീവശാസ്ത്രത്തിൽ ബിരുദം നേടി ബയോളജിസ്റ്റായി. എങ്കിലും പത്രപ്രവർത്തനം പൂർണമായും ഉപേക്ഷിക്കാൻ മിയ തയ്യാറായില്ല. ഇടക്കാലത്ത് അദ്ദേഹം അധ്യാപകവൃത്തിയിലും മുഴുകിയിരുന്നു.
പതിനാലാം വയസ്സിൽ കവിതകൾ എഴുതിക്കൊണ്ടാണ് മിയ കൗട്ടോ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. അവ ചില പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് മൊസാംബിക്ക് പോർച്ചുഗലിന്റെ കോളനിവാഴ്ചയിലായിരുന്നു. അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം നടക്കുന്ന കാലമായിരുന്നു അത്. തുടർന്ന് ബാലസാഹിത്യം, നോവൽ, ചെറുകഥ തുടങ്ങി എഴുത്തിന്റെ വിവിധ ശാഖകളിൽ അദ്ദേഹം ഒട്ടേറെ രചനകൾ നടത്തി. 1992 ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട Sleepwalking Land മിയയുടെ മാസ്റ്റർപീസായി കരുതപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പന്ത്രണ്ട് ആഫ്രിക്കൻ നോവലുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട രചനയാണ് ഇത്. Under the Frangipani, Confession of the Lioness, Sea Loves Me, The Tuner of Silences എന്നിവ മിയയുടെ മറ്റു വിഖ്യാത നോവലുകളാണ്.
മാജിക്കൽ റിയലിസത്തിന്റെ ശക്തമായ തിരയിളക്കം പ്രകടമാക്കുന്നവയാണ് മിയയുടെ നോവലുകൾ. മിത്തും യാഥാർഥ്യവും പരസ്പരം വേർതിരിക്കാനാകാത്ത രചനാതന്ത്രം മിക്ക നോവലുകളിലും അദ്ദേഹം പ്രകടമാക്കുന്നുണ്ട്. ചരിത്രവും സമകാലിക സാമൂഹികാവസ്ഥകളും അദ്ദേഹം രചനകളിൽ സന്നിവേശിപ്പിക്കുന്നു. അതോടൊപ്പം ഭാഷയിലും ആഖ്യാനരീതിയിലും നടത്തുന്ന പുതുമയാർന്ന പരീക്ഷണങ്ങൾ മിയയുടെ രചനകൾക്ക് അന്യാദൃശമായൊരു ചാരുത നൽകുന്നു. വായനയുടെ പുതുമ നിറഞ്ഞ അനുഭൂതികളിലേക്ക് അത് വായനക്കാരെ കൊണ്ടുപോകുന്നു.
ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരനാണ് മിയ കൗട്ടോ. പോർച്ചുഗീസ് സാഹിത്യത്തിലെ ഏറ്റവും മികച്ച രചനക്ക് വർഷം തോറും നൽകുന്ന കാമിയോ പുരസ്‌കാരം 2013ൽ ഈ എഴുത്തുകാരനാണ് ലഭിച്ചത്. പ്രശസ്തമായ നിയോ ഡാറ്റ് ഇന്റർനാഷനൽ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാൻ ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും മിയ സ്ഥാനം പിടിച്ചിട്ടുണ്ട്. റോമൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന മികച്ച നോവലിനുള്ള ലാറ്റിൻ യൂണിയൻ അവാർഡ് നേടുന്ന ആദ്യത്തെ ആഫ്രിക്കൻ എഴുത്തുകാരനും മിയ തന്നെ.