Kerala
പൊതുമരാമത്ത് മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; അസി.എന്‍ജിനിയര്‍ക്കെതിരെ നടപടി
അസി.എന്‍ജിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
തിരുവനന്തപുരം | പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കെതിരെ നടപടി. മന്ത്രിയുടെ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന പൂജപ്പുര അസി. എന്‍ജിനിയര്‍ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. അസി.എന്‍ജിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റം.
തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം അസി.എന്‍ജിയറുടെ ഓഫീസിലാണ് ആഗസ്റ്റ് 29 ന് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസില്‍ ജീവനക്കാര്‍ വരുന്നില്ലെന്ന നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരാതികള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് പരിശോധനക്ക് ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.