prathivaram cover story
ജീവനെ ഊട്ടുന്ന കവിത പോലെ...
മനുഷ്യന് വളരാൻ സ്വപ്നങ്ങൾ ആവശ്യമാണ്. ഹൃദയമുള്ള മനുഷ്യന് വേദനിക്കുന്നവരെച്ചൊല്ലി സ്വപ്നങ്ങൾ ഉണ്ടാകും. കരയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയും അവൻ കിനാവ് കാണും.ജീവിതം നനച്ചു തന്ന ഉമ്മയെ, സമാധാനമറ്റ മനുഷ്യനെ, പൂക്കളെ, ചോരപുരണ്ട നാടിനെ അവൻ എപ്പോഴും ഓർക്കും. എഴുതുന്നവനും വായിക്കുന്നവനും തെരുവിൽ നിൽക്കുന്നവനും വേണ്ടത് അങ്ങനെ ഒരു ഹൃദയമാണ്. "കൂടെയുണ്ട്' എന്നൊരു നനവ് അവൻ ഭൂമിക്ക് നൽകുന്നു. കിനാവുകളുടെ ലോകം കാട്ടുന്ന ആയിരമായിരം മനുഷ്യരുടെ മുപ്പത്തിയൊന്ന് സംവത്സരങ്ങൾ...
അയാൾ പുസ്തകങ്ങൾ ഒളിച്ചുവെക്കാൻ തിടുക്കം കൂട്ടി. പ്രിയപ്പെട്ട അക്ഷരഖനികൾ പരതിയെടുത്തു. അപ്പോഴാണ് ആ കത്തിന്റെ വരവ്.’ നിങ്ങൾ പുസ്തകങ്ങൾ സൂക്ഷിക്കുന്നത് അറിയുന്നു. പുസ്തകം മാത്രമല്ല ഈ വീട് തന്നെ തീയിടും. വേഗം ഗ്രന്ഥങ്ങൾ വിട്ടു നൽകുക. ആ മനുഷ്യന് സഹിക്കാവുന്നതിനപ്പുറമായിരുന്നു ആ അറിയിപ്പ്. കാപാലികർ തന്നെയും തേടിയെത്തിയിരിക്കുന്നു.
അയാൾക്ക് നാടുവിട്ടോടാൻ തോന്നി. ഏകാധിപതിയുടെ കൽപ്പനയാണ്. അയാൾ അഗ്നിശമനസേനയെ എല്ലാ ഗ്രന്ഥങ്ങളും കത്തിക്കാൻ കൽപ്പിച്ചു വിട്ടിരിക്കുന്നു. അവർ ഇവിടെയും എത്തും. കിട്ടിയ പുസ്തകങ്ങളും എടുത്ത് അയാൾ അതിർത്തിയിലേക്ക് ഓടി. അപ്പോഴാണ് തെരുവിൽ യുവാക്കളുടെ ഒരു സംഘം. യുവമനുഷ്യരല്ല. മനുഷ്യരായി മാറിയ പുസ്തകങ്ങൾ. ഓരോരുത്തരും ഓരോ പുസ്തകങ്ങൾ മനഃപാഠമാക്കുന്നു. ആ പുസ്തകമായിത്തീരുന്നു. അക്ഷരങ്ങൾ കത്തിക്കാൻ ശ്രമിക്കുന്നയാൾക്കെതിരെ ഏറ്റവും മനോഹരമായ പ്രതിഷേധം.
റായ് ബ്രാഡ്ബറിയുടെ ഫാരൻഹീറ്റ് 451 , നോവൽ പറയുന്ന കഥയിതാണ്. പുസ്തകങ്ങൾ കത്തിയാലും, മനുഷ്യപ്പുസ്തകങ്ങൾ തെരുവുകളിൽ നിറയും. അവർ പാട്ടു പാടും. പുലരിയാകും. പ്രതീക്ഷ നൽകും. ഇരുണ്ട കാലത്തെ ബ്രഹ്ത് പറഞ്ഞ പാട്ട് പോലെ.മഞ്ചേരി വായിച്ച സാഹിത്യോത്സവ് കഥ കാണുമ്പോൾ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നു. മഞ്ചേരി മികച്ച മനുഷ്യരെ, കവിതകളെ, പുസ്തകങ്ങളെ നിർമിക്കുകയായിരുന്നു. അല്ല അത് മുപ്പത് കാലങ്ങളായുള്ള ഒരു തുടർച്ച മാത്രമാണ്. മഞ്ചേരി ഒരു ചെറിയ പതിപ്പ്.
സ്വപ്നങ്ങളുണ്ടായ് വരും
ആയിരമായിരം പ്രതിഭകൾ വന്ന്ചേർന്ന സാഹിത്യനഗരിയിൽ പാഞ്ഞു നടന്ന മനുഷ്യരും അതിഥിതികളെ വിരുന്നൂട്ടിയവരും പാടിയവരും പറഞ്ഞവരും ഇനി വലിയ സ്വപ്നങ്ങൾ കാണും എന്നത് ചെറിയ കാര്യമല്ല. ഒരു മനുഷ്യനെ അടുത്തു കണ്ടാൽ അവനെ അതിഥിയാക്കാൻ, ഈ വേദനിക്കുന്നവനെച്ചൊല്ലി ഞാനൊരു കവിത എഴുതിയല്ലോ എന്ന് ഓർമിക്കാൻ, ഈ മനുഷ്യന്റെ കൈപിടിച്ച് ഞാനന്ന് റോഡ് മുറിച്ച് കടന്നത് ഉള്ളിൽ കാണാൻ അവർ പഠിച്ചിരിക്കുന്നു. അതായത് അവർക്ക് പുതിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കുന്നു.
മനുഷ്യന് വളരാൻ സ്വപ്നങ്ങൾ ആവശ്യമാണ്. ഹൃദയമുള്ള മനുഷ്യന് വേദനിക്കുന്നവരെച്ചൊല്ലി സ്വപ്നങ്ങൾ ഉണ്ടാകും. കരയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയും അവൻ കിനാവ് കാണും. ജീവിതം നനച്ചു തന്ന ഉമ്മയെ, സമാധാനമറ്റ മനുഷ്യനെ, പൂക്കളെ, ചോരപുരണ്ട നാടിനെ അവൻ എപ്പോഴും ഓർക്കും. എഴുതുന്നവനും വായിക്കുന്നവനും തെരുവിൽ നിൽക്കുന്നവനും വേണ്ടത് അങ്ങനെ ഒരു ഹൃദയമാണ്. “കൂടെയുണ്ട്’ എന്നൊരു നനവ് അവൻ ഭൂമിക്ക് നൽകുന്നു. കിനാവുകളുടെ ലോകം കാട്ടുന്ന ആയിരമായിരം മനുഷ്യരുടെ മുപ്പത്തിയൊന്ന് സംവത്സരങ്ങൾ എസ് എസ് എഫ് നിർമിച്ചു.
ജ്ഞാനിയായ മനുഷ്യരെ ആർക്കും പേടിയാണ്. അവൻ പ്രതികരിക്കും. അവന്റെ അക്ഷരങ്ങൾക്ക് മൂർച്ചയുണ്ടാകും.
പുസ്തകങ്ങളെ കാണാനും വേദിയിലേറി മികവ് തെളിയിക്കാനും വായിക്കാനുമുള്ള എത്ര വേദികളാണ് സാഹിത്യോത്സവ് ചരിത്രത്തിൽ ഒരുങ്ങിയത്. മഞ്ചേരി കണ്ടില്ലേ, പുസ്തകം കാണാതെ ഒരു മനുഷ്യനും നഗരിയിൽ നടന്നില്ല. പുസ്തകം വായിച്ചവരെ കേൾക്കാതെ, ആരും ആ മനുഷ്യസഞ്ചയം മുറിച്ചു കടന്നില്ല. വിവിധ ഭാഷകളിൽ മുന്നേറുന്ന പ്രതിഭകളെ കാണുന്ന ഒരു മനുഷ്യൻ ഉള്ളിൽ പറയുന്നതെന്താകും, ഞാൻ വായിച്ചാൽ , ഞാൻ അറിഞ്ഞാൽ ഈ ഞാനിനെ മുറിച്ചു കടക്കാനായേക്കും. ആ വിധം പ്രതിഭകളെ അപരോന്മുഖമാക്കുക കൂടിയല്ലേ ഈ ഉത്സവം.
മധുരമായൊരു തൂവൽ
ഒരു മനുഷ്യന് ജീവിതമെന്ന ആശയം കാണാൻ എത്ര ജീവിതങ്ങൾ വേണ്ടിവരും. എത്ര മനുഷ്യരെ കാണേണ്ടിവരും. അവൻ കടന്നു പോകേണ്ട പരീക്ഷകൾ ഏവ? ഉത്തരങ്ങൾ ലളിതമല്ല. എങ്കിലും സാധ്യമാണ് പ്രതിവിധി.
തന്നിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾ പല വൃത്തങ്ങളിൽ നിന്നും പുറത്ത് ചാടണം. ചിലപ്പോൾ കഠിനമായ വെയിൽ കൊള്ളണം. ചിലപ്പോൾ ചെളിയിൽ നടക്കണം. കൊള്ളി വാക്കുകളിൽ കത്താതെ നോക്കണം. അകത്തും പുറത്തും പരിഭവങ്ങൾ ഇല്ലെന്ന് പ്രഖ്യാപിക്കണം.
അതിനുള്ള പരീക്ഷണ കാലങ്ങൾ പല മനുഷ്യരും സാഹിത്യോത്സവിൽ പിന്നിട്ടു. അവർ ജീവിതമെന്ന ആശയത്തിലേക്ക് ഒരു പടി കൂടി നടന്നു. ഇവിടെയുണ്ടായിരുന്നതിന് അവർ ഒരു തൂവൽ താഴെയിട്ടിരിക്കുന്നു.
എല്ലാ മനുഷ്യർക്കും പുറത്തേക്ക് നടക്കാൻ അനിവാര്യതകൾ വേണം. അങ്ങനെ ഓരോ കൊല്ലവും മഹത്തായ ത്യാഗങ്ങൾ ആവശ്യപ്പെടുക വഴി എത്ര മനുഷ്യരെയാണ് അടയാളങ്ങളാക്കി സാഹിത്യോത്സവ് ബാക്കിയാക്കുന്നത്. അതിലെ ഒരു ഏട് മാത്രമാകുന്നു മഞ്ചേരി.
ഒരു ലക്ഷം മനുഷ്യരെ കാണുന്നു
ജീവിതമായിരുന്നു കേരള സാഹിത്യോത്സവ് ആശയം. അങ്ങനെ മനുഷ്യരെ കാണാൻ തീരുമാനിച്ചു എസ് എസ് എഫ് . മുപ്പതിനായിരം വീടുകളിൽ അതിലേറെ ഹൃദയങ്ങളിൽ പിരിശപ്പൊതി എന്ന പേരിൽ കിറ്റുകൾ നൽകി പെരുന്നാളിന് സാഹിത്യോത്സവ് വീടുകളിൽ ചെന്നു.
സാഹിത്യ മക്കാനിയിലേക്ക് വിളിച്ചാണ് മറ്റു ചില മനുഷ്യരെ കണ്ടത്. അവിടെ അക്ഷരങ്ങളും പുസ്തകങ്ങളും പരസ്പരം തൊട്ടു. പാട്ടുകളും മലബാർ ഗീതികളും കേട്ടു. ചരിത്രം എഴുതിവെച്ച വാക്കുകൾ. നേര് പെറ്റ ദേശത്തിന്റെ കഥ, ഇങ്ങനെ ആയാൽ പോര മനുഷ്യരേ എന്ന് പൂർവികർ പറഞ്ഞത്, ഒക്കെ കേട്ട് തിളങ്ങിയ മനുഷ്യർ വീണ്ടും നല്ല മനുഷ്യരായി.
സാഹിത്യോത്സവ് പ്രചാരണഭാഗമായി നഗരങ്ങളിലെ 31 കേന്ദ്രങ്ങളിൽ പാട്ടുപുസ്തകങ്ങളുമായി മനുഷ്യർ നിറഞ്ഞു. അത് കേട്ടു നിന്നവർ, കണ്ടവർ കൂടെ ഏറ്റുപാടിയവർ ഒക്കെ പരസ്പരം മനുഷ്യരായി, ജീവിതമെന്ന ആശയം വായിച്ചു.
ഒടുവിൽ ഒട്ടും മതിയാകാതെ ഒരു ലക്ഷം മനുഷ്യരെ കാണാൻ വീടുകളിലേക്ക് ചെന്നു എസ് എസ് എഫ്. ഈ സംഘാടകരുടെ സാഹിത്യ കൗതുകം നാടാകെ കണ്ടു. ആയിരങ്ങളെത്തുന്ന സാഹിത്യോത്സവ് വിരുന്നിന് അന്നമാകാൻ “ഞങ്ങളുമുണ്ട്, ഞങ്ങളുമുണ്ട്’ നാടാകെ വന്നവർക്കൊപ്പം പങ്കുചേർന്നു. ലഘുലേഖകൾ വായിച്ച്, സാഹിത്യോത്സവ് പ്രചാരകരായി. എന്തിന് പാട്ട്? എന്തിന് കവിത? എന്ന് ആരെങ്കിലും ചോദിച്ചാൽ ഇന്ന് അവർക്ക് ഉത്തരങ്ങൾ ഉണ്ട്. ആ തെരുവിലിറങ്ങിയ മനുഷ്യരോളം അവരെക്കണ്ട മനുഷ്യരോളം വളരാനായെങ്കിൽ…
മഞ്ചേരിയിൽ സാഹിത്യോത്സവ് തലേന്ന് മഴ കനത്തു. അപ്പോൾ ഓർമ വന്നത് ഒരുപാട് വർഷം മുമ്പ് കൊല്ലം ജില്ലയിൽ നടന്ന സാഹിത്യോത്സവാണ്. അന്ന് ആദ്യ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ചെളി നീക്കി കുട്ടികൾക്ക് വഴിയൊരുക്കുകയായിരുന്നു നേതൃത്വം. ഒന്നും മാറിയിട്ടില്ല. എല്ലാം അതുപോലെ. നേതൃത്വം, അണികൾ, യുവാക്കൾ, വൃദ്ധജനങ്ങൾ, കുട്ടികൾ ആർക്കും വ്യത്യാസമില്ല, ഒരുമിച്ച് വെള്ളക്കെട്ടുകൾ മറികടക്കാനുള്ള കഠിനയത്നം. ഈ തുടർച്ചകളുടെ മനോഹാരിതക്ക് എത്ര മധുരം.
നഗരിയിൽ സർഗകലയുടെ കൗതുകങ്ങൾ ഒരുക്കിയും , റോഡിലെ ബ്ലോക്ക് പരീക്ഷണം മാറ്റാൻ വെയിൽ കൊണ്ടും, ഉറങ്ങാതിരുന്നും അനേകം മനുഷ്യർ ഒരുക്കിയ വിപ്ലവഗാഥ തുടരുകയല്ലോ..
എവിടെ നിന്ന് ഈ ഊർജം
ഉസ്താദ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഓർക്കുകയാണ്, സമാജങ്ങളിൽ തുടങ്ങി സാഹിത്യോത്സവിൽ വളർന്ന പ്രതിഭകളെ. ആദ്യമായി ഈ വലിയസംഗമം കാണുന്നവരെല്ലാം ചോദിക്കുന്നു, എവിടെ നിന്നാണ് ഈ ഊർജം. ഈ സംഘാടനം, ഈ സ്വപ്നം, ഈ ഒരുക്കങ്ങൾ. അവർക്ക് നല്ല ഉത്തരങ്ങളുണ്ട്. അവരുടെയെല്ലാം ഉള്ളിൽ എവിടോ കഴിഞ്ഞ മുപ്പത് ആണ്ടുകളിലെവിടെയോ ഒരു സാഹിത്യോത്സവ് വീണു കിടക്കുന്നു. ലക്ഷം മനുഷ്യർ തൊട്ട ഫാമിലി സാഹിത്യോത്സവിൽ തുടങ്ങി ബ്ലോക്ക് , യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാനം, ദേശീയ തലങ്ങളിൽ പടരുന്ന സഹിതമായിരിക്കുന്നതിന്റെ ഈ ഉത്സവം എത്ര മനുഷ്യരെ ജീവിതമെന്ന ആശയം പഠിപ്പിക്കുന്നു. അത് തന്നെ മതിയല്ലോ എന്ത് നേടിയെന്ന ആപത്ശങ്കകൾക്ക് ബാക്കി പത്രം. മധുരമറുമൊഴി.
ഫോട്ടോ : ഹസനുൽ ബസരി പി കെ