Connect with us

National

യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പോലെ മോദിക്കും ഓർമ്മക്കുറവെന്ന് രാഹുൽ ഗാന്ധി

മഹാരാഷ്ട്രയിൽ ചെയ്തത് പോലെ എം എൽ എ.മാരെ വാങ്ങിച്ച് സർക്കാരുകളെ താഴെയിറക്കാമെന്നും പ്രമുഖ വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളാമെന്നും ഭരണഘടനയിൽ ഒരിടത്തും എഴുതിയിട്ടില്ലെന്നും രാഹുൽ

Published

|

Last Updated

മുംബൈ | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓർമ്മക്കുറവ് ഉണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ ഉന്നയിക്കുന്ന അതേ വിഷയങ്ങളെക്കുറിച്ചാണ് ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് തന്റെ സഹോദരി പ്രിയങ്ക പറഞ്ഞുവെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം അധികാരത്തി വന്നാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് ഞാൻ പാർലിമെന്റിൽ പറഞ്ഞിരുന്നു. 50 ശതമാനം സംവരണ പരിധി എടുത്തുകളയുമെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് റാലികളിൽ , ഞാൻ സംവരണത്തിന് എതിരാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അധികം വൈകാതെ, ഞാൻ ജാതി സെൻസസിന് എതിരാണെന്നും അദ്ദേഹം പറയുമെന്നും രാഹുൽ പുച്ഛിച്ചു.

അമേരിക്കൻ പ്രസിഡൻ്റിനെപ്പോലെ മോദിക്കും ഓർമ്മക്കുറവ് ഉണ്ടെന്നും ജോ ബൈഡൻ ഉക്രേനിയൻ പ്രസിഡൻ്റ് വ്ളാഡ്മിർ സെലൻസ്‌കിയെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്ന് പരാമർശിച്ച സംഭവം അനുസ്മരിച്ചുകൊണ്ട് രാഹുൽ വ്യക്തമാക്കി. ജാതി സെൻസസിന് മോദി എതിരാണ്. ഇല്ലെങ്കിൽ, അവർ ഇത് 5-7 വർഷം മുമ്പ് ചെയ്യുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ശൂന്യമായ ഭരണഘടനയാണ് താൻ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതെന്ന ബിജെപി വാദത്തെയും രാഹുൽ വിമർശിച്ചു. ആർ എസ് എസ് പ്രവർത്തകർക്കും ബി ജെ പിക്കും മാത്രമാണ് ഭരണഘടന ശൂന്യം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടന രാജ്യത്തിൻ്റെ ഡിഎൻഎയാണ്. മോദിയും ബിജെപിയുടെ അടച്ചിട്ട മുറികളിൽ ഭരണഘടനയെ നിശബ്ദമായി കൊലപ്പെടുത്തുകയാണെന്നും രാഹുൽ ആരോപിച്ചു.

മഹാരാഷ്ട്രയിൽ ചെയ്തത് പോലെ എം.എൽ.എ.മാരെ വാങ്ങിച്ച് സർക്കാരുകളെ താഴെയിറക്കാമെന്നും പ്രമുഖ വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളാമെന്നും ഭരണഘടനയിൽ ഒരിടത്തും എഴുതിയിട്ടില്ലെന്നും പരിഹാസരൂപേണ രാഹുൽ പറഞ്ഞു.

Latest